fbpx

Type to search

Bahrain Featured Kerala Local

“പ്രതീക്ഷ”- പ്രവാസികൾക്കൊരു കൈത്താങ്ങ് : നിങ്ങൾക്കും പങ്കാളികളാവാം

ഒരു വിസ കൈയിൽ കിട്ടുമ്പോൾ മുതൽ തുടങ്ങുന്ന പ്രതീക്ഷകളാണ്. ഒരു വീട്..സഹോദരിമാരുടെ വിവാഹം..തനിക്കു വേണ്ടി ചോര നീരാക്കിയ അച്ഛനെയുമമ്മയെയും സുഖമായി ജീവിക്കുന്ന കാലം..തനിക്കൊരു ജീവിതം.. സ്നേഹസമ്പന്നയായ ഭാര്യ..കുട്ടികൾ..കുടുംബത്തിന്റെ നെടുംതൂൺ ആയി താനും.

ഏറിയും കുറഞ്ഞും ഇതൊക്കെത്തന്നെയായിരിക്കും ഇവിടെയെത്തുന്ന ഓരോ പ്രവാസിയുടെയും സ്വപ്നം. പക്ഷെ വിധി വൈപരീത്യം മൂലം ഇവിടെയെത്തുന്ന പലർക്കും ഈ സ്വപ്നങ്ങളിൽ കാര്യമായി ഒന്നും നേടാനാവുന്നില്ല. കൂടാതെ വിധിയുടെ ക്രൂരമായ തമാശയിൽ പലരുടെയും ജീവിതം തന്നെ അപകടത്തിൽ പെട്ടും കള്ളക്കേസിൽ ജയിലിലടയ്ക്കപ്പെട്ടും ചോദ്യചിഹ്നങ്ങളാകാറുണ്ട്. ഇതു പോലെയുള്ളവരുടെ അവസ്ഥ കണ്മുൻപിൽ പലവുരു കണ്ടപ്പോൾ തെളിഞ്ഞ ഒരു ചെറുനാളമാണ് “പ്രതീക്ഷ” എന്ന സംഘടന. ഇതു പോലെയുള്ള അപകടങ്ങളിൽപെട്ട് ആശുപത്രിയിൽ നിന്നും വിട്ടവരും ജയിലിൽ നിന്നും മോചിപ്പിക്കപ്പെട്ടവരും ഒക്കെത്തന്നെ വലിയ സ്വപ്നങ്ങളുമായി വന്ന് സ്വന്തം കുഞ്ഞിന് ഒരു മിട്ടായി പോലും കൈവശം ഇല്ലാതെ തിരിച്ചു പോകുന്നവരാണ്..

ഗൾഫിൽ നിന്നും കുഞ്ഞുടുപ്പും, കളിപ്പാട്ടവുമായി എത്തുന്ന അച്ഛനെ പ്രതീക്ഷിച്ചിരിക്കുന്ന പിഞ്ചു മക്കളുടെ മുൻപിലേക്ക് ഒരു ജീവശ്ചവമായി എത്തുന്ന അച്ഛനാണ് “പ്രതീക്ഷ”യുടെ gulf kit എന്ന ആശയത്തിന്റെ അടിസ്ഥാനം.

പ്രവർത്തനം തുടങ്ങി മൂന്നു വർഷത്തിനകം തന്നെ അർഹരായ 75 ൽ പരം ആളുകൾക്ക് ഗൾഫ് കിറ്റുകൾ നൽകുവാൻ “പ്രതീക്ഷ”യ്ക്ക് സാധിച്ചിട്ടുണ്ട്. കൊച്ചുകുട്ടികൾ ഉള്ള വീടുകളിൽ മിട്ടായിയും, കുഞ്ഞുടുപ്പും, ഒക്കെയടങ്ങുന്ന കിറ്റും, രോഗാവസ്ഥയിൽ നാട്ടിൽ പോകുന്നവർക്ക് കമ്പളിയും, ഫ്ലാസ്കും, പുതപ്പും ഒക്കെക്കൂടിയുള്ള കിറ്റുമാണ് “പ്രതീക്ഷ” നൽകി വരുന്നത്.30 മുതൽ 40 ദിനാറു വരെയാണ് ഒരു കിറ്റിന്റെ ചെലവ് വരുന്നത്.
നാട്ടിൽ ചെന്നിറങ്ങുന്ന കുറച്ചു മണിക്കൂറുകളെങ്കിലും ഗൾഫുകാരനായി തന്റെ അച്ഛനെ അവർ കണ്ടുകൊള്ളട്ടെ..

അടുത്ത സമയത്തു നാലു കിറ്റുകൾ കൈമാറി..

1.മോഷ്ടാക്കളുടെ ക്രൂരമായ ആക്രമത്തിൽ പരുക്കേറ്റു നാട്ടിലേക്ക് മടങ്ങിയ അഫ്സലിന് ഗൾഫ് കിറ്റും, വീൽ ചെയറും സാമ്പത്തികസഹായവും നൽകി..
2.അപകടത്തിൽ രണ്ടു കാലും മുറിച്ചു മാറ്റേണ്ടി വന്ന ഹബീബ് അസറിന് ഗൾഫ് കിറ്റും, വീൽ ചെയറും, സാമ്പത്തികസഹായവും നൽകി..
3. 20 വർഷത്തോളമായി നാട്ടിൽ പോകുവാൻ സാധിക്കാതിരുന്ന സുബ്രഹ്മണ്യത്തിന് ഗൾഫ് കിറ്റും സാമ്പത്തികസഹായവും നൽകുവാൻ സാധിച്ചു..
4. അപകടത്തിൽ പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയ നിധിൻ ദാസിന് ഗൾഫ് കിറ്റും, സാമ്പത്തികസഹായവും നൽകി.

 

 

“പ്രതീക്ഷ ബഹ്‌റൈൻ” എന്ന ഈ നന്മ മരം പടർന്ന് പന്തലിച്ചു അർഹരായവർക്കെല്ലാം തണൽ നൽകുന്ന ഒരു വടവൃക്ഷമാകുവാനായി എല്ലാ സുമനസ്സുകളുടെയും സഹായം പ്രതീക്ഷിക്കുന്നു. അതിനായി ഗൾഫ് കിറ്റിലേക്കു വേണ്ട സാധനങ്ങൾ ആയോ, ഗൾഫ് കിറ്റായോ സ്പോൺസർ ചെയ്യാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം
വിനു -3 6 4 4 6 2 2 3
അൻസാർ -3 4 1 2 5 1 3 5

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!