fbpx

Type to search

Bahrain Featured Local Voice of Expats

വീണ്ടും പെരുകുന്ന ആത്മഹത്യ ; എന്തുണ്ട് പരിഹാരം?? ജമാൽ ഇരിങ്ങൽ എഴുതുന്നു

ബഹ്‌റൈനിൽ ഈയിടെയായി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ദിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ജീവിതം മതിയാക്കിയത് വളരെ ചെറിയ പ്രായത്തിലുള്ളവരാണെന്നത് നമ്മെ വല്ലാതെ വേദനിപ്പിക്കുന്നതാണ്. എന്ത് കൊണ്ട് ആളുകൾ ഇങ്ങിനെ ആത്മഹത്യ ചെയ്യുന്നു എന്നത് നാം ഗൗരവത്തിൽ ആലോചിക്കേണ്ട വിഷയമാണ്. പലർക്കും പല ന്യായീകരണമാണ് ജീവിതം അകാലത്തിൽ മതിയാക്കി പോവുന്നതിനെ കുറിച്ച്. പ്രേമ നൈരാശ്യം, സാമ്പത്തിക ബാധ്യത, പ്രിയപ്പെട്ടവരുടെ അവഗണന, മാറാരോഗം, ജോലി സ്ഥലത്തെ പീഡനം, ലൈംഗിക ചൂഷണം, കുടുംബ കലഹം,  മാനഹാനി,….കാരണങ്ങൾ ചികഞ്ഞആൽ ഇനിയും ഈ പട്ടിക ഒരു പാട് നീളും. ഇങ്ങിനെ ജീവിതത്തിൽ നിന്നും ഒളിച്ചോടി പോവുന്നവർ മനസ്സിലാക്കേണ്ടത് തങ്ങളെയും കാത്ത് തൻ്റെ പ്രിയപ്പെട്ടവർ കുടുംബത്തിൽ കാത്തിരിക്കുന്നുണ്ട് എന്നതാണ്. ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന പ്രിയപ്പെട്ടവരുടെ മുന്നിലേക്ക് ചേതനയറ്റ ശരീരം ആംബുലൻസിൽ നിന്നും എടുത്തു വെക്കുമ്പോഴുണ്ടാവുന്ന അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. എന്ത് മാത്രം  വേദനാജനകമാണത്. ജീവിതം എന്നത് ദൈവം നമുക്ക് അനുവദിച്ചു തന്ന ഒരു വരദാനമാണ്. അത് കവർന്നെടുക്കാനോ ഇല്ലാതാക്കാനോ നമുക്ക് അധികാരം ഇല്ല. അത് സന്തോഷപൂർവ്വം ജീവിച്ചു  തീർക്കണം. അതിൽ ഇടക്ക് പ്രതിസന്ധികളും പ്രയാസങ്ങളും ഉണ്ടാവുക എന്നത് സ്വാഭാവികം മാത്രമാണ്. പ്രതിസന്ധികളെ മറികടക്കാൻ പക്ഷെ പലർക്കും കഴിയുന്നില്ല എന്നതാണ് വാസ്തവം. അത് കൊണ്ടാണല്ലോ അവർ ജീവിതത്തിൽ മരണത്തിലേക്ക് പലായനം ചെയ്യുന്നത്.
വേണം നമുക്ക് ഒരു വീണ്ടുവിചാരം, ജീവിതത്തിന്റെ നിറങ്ങൾ നഷ്ടപ്പെട്ടു പോയ ഹതഭാഗ്യരായ ധാരാളം മനുഷ്യർ നമുക്ക് ചുറ്റുമുണ്ട്. അവരെ കണ്ടെത്താനും സാന്ത്വനിപ്പിക്കാനും നമുക്ക് സാധിക്കണം. ഒന്ന് അവരെ ചേർത്ത പിടിക്കാൻ, ഒന്ന് അവരെ കേൾക്കാൻ. എങ്കിൽ തീർച്ചയായും ഒരുപാട് ജന്മങ്ങളെ നമുക്ക് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാൻ സാധിക്കും. – ജമാൽ ഇരിങ്ങൽ (ഫ്രൻസ് അസോസിയേഷൻ പ്രസിഡന്റ്, ബഹ്‌റൈൻ)
ഇവിടെയാണ് സമൂഹത്തിനു ഏറെ ചെയ്യാനുള്ളത്. ജീവിതത്തിൽ പല രീതിയിൽ തോറ്റുപോയവർക്ക് ആത്മ വിശ്വാസവും ആത്മധൈര്യവും നൽകേണ്ടത് നാമോരോരുത്തരും ആണ്. പ്രവാചകന്മാരും വേദങ്ങളും പഠിപ്പിക്കുന്നതും അത് തന്നെയാണ്. പതിതരെയും പീഡിതരെയും കൈ പിടിക്കുക എന്നതാണ് ഇന്നത്തെ ആവശ്യം. കേവലം അവരെ പണം കൊടു ത്ത് സഹായിക്കുക എന്നതിനപ്പുറം അവരെ നെഞ്ചോട് ചേർക്കുക എന്നതാണ് കാലഘട്ടത്തിന്റെ തേട്ടം. വേദനകളും ദുഖങ്ങളും കേൾക്കാൻ ഇന്നാർക്കും സമയം ഇല്ല എന്നതാണ് വസ്തുത. ആരെങ്കിലും ഒന്ന് അവരെ കേട്ടുകൊടുത്തിരുന്നുവെങ്കിൽ ഒരു പക്ഷെ അവർ ഇന്നും നമ്മോടൊപ്പം ഉണ്ടായേനെ. ജീവിതത്തിന്റെ പരക്കം പാച്ചിലിനിടയിൽ നമുക്കാർക്കും മുഖ്യധാരയിൽ നിന്നും വീണുപോയവരെ കുറിച്ച് ആലോചിക്കാനോ വിഷയങ്ങൾ ഏറ്റെടുക്കാനോ സമയം ഇല്ലാതെയായി  പോവുന്നു എന്നതാണ് നേര്. വേണം നമുക്ക് ഒരു വീണ്ടുവിചാരം. ജീവിതത്തിന്റെ നിറങ്ങൾ നഷ്ടപ്പെട്ടു പോയ ഹതഭാഗ്യരായ ധാരാളം മനുഷ്യർ നമുക്ക് ചുറ്റുമുണ്ട്. അവരെ കണ്ടെത്താനും സ്വാന്തനിപ്പിക്കാനും നമുക്ക് സാധിക്കണം. ഒന്ന് അവരെ ചേർത്ത പിടിക്കാൻ, ഒന്ന് അവരെ കേൾക്കാൻ. എങ്കിൽ തീർച്ചയായും ഒരു പാട് ജന്മങ്ങളെ നമുക്ക് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാൻ സാധിക്കും.
മറ്റൊരു പ്രശ്നം സാമ്പത്തിക അച്ചടക്കം  ഇല്ലാത്തതാണ്. തങ്ങളുടെ വരുമാനത്തിന് അനുസരിച്ചു ജീവിക്കാനുള്ള ഒരു ഇച്ഛാശക്തി പലർക്കും ഇല്ല. വീട്ടുകാരും ഒരു പരിധി വരെ ഇതിനു കാരണക്കാരാണ്. ഗൃഹനാഥന്റെ വരുമാനത്തിന് അനുസരിച്ചു ജീവിക്കാൻ ഭാര്യയും മക്കളും മാതാപിതാക്കളും ശ്രമിക്കേണ്ടിയിരിക്കുന്നു. പൊങ്ങച്ചത്തിനും ആര്ഭാടത്തിനും വേണ്ടി പണം ചെലവഴിക്കുമ്പോൾ നാട്ടിലുള്ളവർ ഓർക്കണം കടലിനക്കരെ പെടാപാട് പെടുന്ന തങ്ങളുടെ പ്രിയപ്പെട്ടവരേ കുറിച്ച്. പുതിയ പുതിയ മോഡൽ ബൈക്കുകളും, മൊബൈൽ ഫോണുകളും,  വലിയ വീടുകളും, ഇടക്കിടക്ക് മാറ്റുന്ന ടൈൽസുകളും പ്രവാസിയുടെ കണക്കുകൾ തെറ്റിക്കുകയാണ്. ഇതിനായി അവൻ ഇവിടെ കൊള്ള പലിശക്കാരൻ സമീപിക്കുന്നു. അല്ലെങ്കിൽ ബേങ്കുകളുടെ ക്രെഡിറ്റുകാർഡ്, ലോണുകൾ അങ്ങിനെ ബാധ്യതകൾ കുന്നുകൂടുമ്പോൾ പിന്നെ  ഗത്യന്തരമില്ലാതെ അവൻ   തിരഞ്ചെടുക്കുകായാണ്. സാമ്പത്തിക അച്ചടക്കം എന്നത് നാം ഇനിയും സ്വായത്തമാക്കേണ്ട ഒരു നിർബന്ധിത ജീവിത പാഠമാണ്. ആവശ്യത്തിന് കടം വാങ്ങുക എന്നത് ഒരു അപരാധം ഒന്നുമല്ല എന്നാൽ അത് ഒരു സ്ഥിരം  പരിപാടിയാക്കുന്നവരുമുണ്ട്. ജീവിതത്തിലെ ആവശ്യങ്ങളെയും അത്യാവശ്യങ്ങളെയും അനാവശ്യങ്ങളെയും നിര്ണയിക്കുന്നിടത്ത് പ്രവാശികൾക്ക് തെറ്റിപ്പോവുകയാണ്. പലപ്പോഴും അനാവശ്യങ്ങൾ അത്യാവശ്യങ്ങളുടെ പട്ടികയിൽ ഇടം പിടിക്കുകയാണ്.
മറ്റൊരു പ്രശ്നം എന്നത് അധാർമ്മിക ജീവിതമാണ്. ബാച്ചിലറായി താമസിക്കുന്നവർ അല്പം സുഖത്തിനും സന്തോഷത്തിനും വേണ്ടി പരസ്ത്രീ ഗമനം നടത്തുന്നത് പിന്നീട് അവരുടെ ജീവിതത്തിന്റെ താളം തെറ്റിക്കുകയാണ്. മദ്യത്തിനും മയക്കുമരുന്നിനും അടിപ്പെട്ട് ജീവിതത്തിൽ നിന്നും അവസാനം ഒളിച്ചോടേണ്ടി വരുന്നവരുടെ എണ്ണവും വർദ്ദിച്ചു വരുകയാണ്. ഇതിനുള്ള ഒത്താശ ചെയ്തു കൊടുക്കുവാൻ മലയാളികൾ തന്നെയുണ്ട് ഇവിടെ. സെക്സ് റാക്കാറ്റുകളും മദ്യ മാഫിയകളും സജീവവുമാണ്. പല കേസുകളും പിടിക്കപ്പെടുകയും മാദ്യമങ്ങളിൽ ചർച്ച ആവുകയും ചെയ്യാറുണ്ടെങ്കിലും പിന്നീട് വീണ്ടും ഇത്തരം സാമൂഹിക വിരുദ്ധർ രംഗം കയ്യടക്കുന്നതാണ് കണ്ടുവരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!