fbpx

Type to search

Bahrain Featured Health Kerala

തുടരുന്ന ആത്മഹത്യ: പ്രവാസത്തിനു വന്നു സ്വയം മൃതദേഹങ്ങളായ് മടങ്ങുന്നവർ, കാർഗോയും കാത്തു മൂന്നുപേർ മോർച്ചറിയിൽ

“ആത്മഹത്യയിലേക്കുള്ള പാതകളിൽ ഒരുപോലെയുള്ള രണ്ടെണ്ണമില്ല. അവ ഓരോന്നും അത്യന്തം സ്വകാര്യവും നിഗൂഢവും ഭയങ്കരവുമായത്‌ ആണ്‌.”​—⁠കെയ്‌ റെഡ്‌ഫീൽഡ്‌ ജെയ്‌മിസൺ, മനോരോഗവിദഗ്‌ധ.

മനാമ: നിഗൂഢതകൾ ബാക്കി നിർത്തി തുടർക്കഥയാകുന്ന ആത്മഹത്യകളുടെ ലോകത്തേക്കാണ് ബഹ്‌റൈൻ പ്രവാസലോകം ഒരിടവേളക്ക് ശേഷം വീണ്ടും നീങ്ങിക്കൊണ്ടിരിക്കുന്നത്. ആത്മഹത്യ ചെയ്ത മൂന്നുപേരുടെ മൃതദേഹങ്ങളാണിപ്പോൾ നാട്ടിലേക്ക് കയറ്റി അയക്കാനായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്.

റഫയിലെ എക്സ്ചേഞ്ച് ജീവനക്കാരനായ ഹരിനാഥ് (29) ൻറെ ഇന്നലെ നടന്ന ആത്മഹത്യയാണ് അവസാനമായി റിപ്പോർട്ട് ചെയ്തത്. കോഴിക്കോട് ജില്ലയിലെ കടിയങ്ങാട് സ്വദേശിയാണ് ഹരിനാഥ്. ഹരിനാഥിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ നാളെ തന്നെ കോഴിക്കോടേക്കുള്ള ഫ്ലൈറ്റിൽ കാർഗോ വഴി ഉത്തരവായിട്ടുണ്ടെന്നാണ് അവസാനം ലഭിക്കുന്ന വിവരം.

തൊട്ടു തലേന്നാൾ ആണ് സല്മാനിയയിലെ റസ്റ്റോറന്റ് ജീവനക്കാരൻ രാംദീഷ് ദിവാകരനെ(41) താമസ സ്ഥലത്തു നിന്നും തൂങ്ങി മരിച്ചതായി കണ്ടെത്തിയത്. കോട്ടയം സ്വദേശിയാണ് രാംദീഷ്. മൃതദേഹം നാട്ടിലെത്തുന്നതുന്നതു സംബന്ധിച്ചു ലീഗൽ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനാൽ തീയതി തീരുമാനമായിട്ടില്ല.

അതിനും അല്പ ദിവസം മുൻപാണ് സൗദിയിൽ കുടുംബമായി താമസിക്കുന്ന രാജേഷ് രാമചന്ദ്രൻ(36) ബഹറിനിൽ വച്ച് ആത്മഹത്യ ചെയ്തതായി കണ്ടെത്തുന്നത്. സൗദിയിൽ നിന്നും സ്പോൺസറോടൊപ്പം ബഹറിനിൽ എത്തിയതാണ് രാജേഷ് എന്നാണു ലഭിക്കുന്ന വിവരം. രാജേഷിന്റെ മൃതദേഹവും ലീഗൽ പ്രശ്നങ്ങൾ പൂർത്തീകരിക്കാത്തതിനാൽ വിട്ടുകിട്ടിയിട്ടില്ല.

രാജേഷിന്റെ മരണ സർട്ടിഫിക്കറ്റ്

 

കഴിഞ്ഞ ആഴ്ചയും രണ്ടു പേരുടെ ആത്മഹത്യ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

സൗദിയിൽ നിന്നും കടലിൽ കാണാതായി മൃതദേഹം ബഹ്‌റൈൻ തീരത്തടിഞ്ഞ തമിഴ്നാട് സ്വദേശി ശ്രാവണിന്റെ മരണവും ആത്മഹത്യയായാണ് അനുമാനിക്കുന്നത്.

ഇങ്ങനെ ദിവസങ്ങൾ പിറകിലേക്ക് കണക്കുകൾ അടുക്കുംതോറും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ആത്മഹത്യ ചെയ്യുന്നവരിൽ ഏറെയും യുവാക്കളാണ് എന്നതാണ് ശ്രദ്ധേയം. പലരുടെയും മരണ കാരണങ്ങൾ പോലും ദുരൂഹമാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ ആത്മഹത്യ ചെയ്ത ഫുട്ബോൾ കോച്ച് തിലകൻറെ കാരണം ഇന്നും അടുത്ത സുഹൃത്തുക്കൾക്ക് പോലും അജ്ഞാതമാണ്.

‘ചെറിയ പ്രശ്നങ്ങൾക്ക് പോലും ജീവിതത്തിൽ നിന്നും ഒളിച്ചോടുന്ന യുവാക്കളുടെ പ്രവണത വാട്സാപ്പ്, ഫേസ്ബുക് മുതലായ സോഷ്യൽ മീഡിയ കൂടി ഉപയോഗപ്പെടുത്തി തന്നെ നമുക്ക് തിരുത്താൻ പരിശ്രമിക്കണം” – ‘ബഷീർ അമ്പലായി’ (സാമൂഹ്യ പ്രവർത്തകൻ, ബഹ്‌റൈൻ)

 

പ്രവാസത്തിന്റെ സമ്മർദങ്ങൾ ഏറി വരുന്നതും സാമ്പത്തികവും മാനസികവും കുടുംബപരവുമായ പ്രശ്‌നങ്ങളും ആവാം പ്രധാന പ്രേരക ഘടകങ്ങൾ എന്ന് ബഹ്‌റൈനിലെ മുതിർന്ന സാമൂഹ്യ പ്രവർത്തകനായ ‘ബഷീർ അമ്പലായി’ ബഹ്‌റൈൻ വാർത്തയോട് പറഞ്ഞു. ഇതിനായി എല്ലാവരും തങ്ങളുടെ സോഷ്യൽ മീഡിയ അടക്കമുള്ള ബന്ധങ്ങൾ കൂടുതൽ സഹവർത്തിത്വങ്ങൾക്കും പ്രശ്നങ്ങൾ തുറന്നു സംസാരിച്ചു പരിഹരിക്കാനും ശ്രമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈയടുത്തു ആത്‍മഹത്യ ചെയ്ത എല്ലാവരും തന്നെ സോഷ്യൽ മീഡിയയിൽ കൂടുതലും സജീവമായി ഇടപെടുന്നവർ ആയിരുന്നെന്നാണ് മനസിലാക്കുന്നത്. ശക്തമായ ബോധവത്കരണത്തിന് സോഷ്യൽ മീഡിയ ഉപയോഗിച്ചെങ്കിലും സാമൂഹ്യ- ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്നവരും അല്ലാത്തതുമായ എല്ലാ പ്രവാസി സുഹൃത്തുക്കളും തയ്യാറാവണം. കഴിഞ്ഞ ആറു മാസകാലയളവിലായി 30 ഓളം പ്രവാസികളാണ് ആത്മഹത്യ ചെയ്തതായി കാണുന്നത്. ഏറെ ഞെട്ടിപ്പിക്കുന്നതാണിത്. ചെറിയ പ്രശ്നങ്ങൾക്ക് പോലും ജീവിതത്തിൽ നിന്നും ഒളിച്ചോടുന്ന യുവാക്കളുടെ പ്രവണത വാട്സാപ്പ്, ഫേസ്ബുക് മുതലായ സോഷ്യൽ മീഡിയ കൂടി ഉപയോഗപ്പെടുത്തി തന്നെ മാറ്റേണ്ടതുണ്ട്. അതിന്റെ സമയം അതിക്രമിച്ചിരിക്കുകയാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലെ മൊത്തം കണക്കുകൾ പരിശോധിക്കുമ്പോൾ അവസാനം വന്ന റിപ്പോർട്ട് അനുസരിച് മുൻ വർഷങ്ങളേക്കാൾ ഏറെ മെച്ചപ്പെട്ടതായിരുന്നു. ആത്മഹത്യയിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്തായിരുന്ന കേരളം എട്ടാം സ്ഥാനത്തോട്ട് മാറ്റപ്പെട്ടതു ഏറെ ആശ്വാസം നൽകുന്ന വാർത്തയായിരുന്നു. എന്നാൽ അതിനെപോലും തിരുത്തി കുറിക്കുന്ന റിപ്പോർട്ട് ആണ് പ്രവാസ ലോകത്തെ കുഞ്ഞു നാടായ ബഹറിനിൽ നിന്നുപോലും ലഭിക്കുന്നത് എന്നത് വളരെയേറെ ആശങ്കാജനകമാണ്. ആത്മഹത്യ ചെയ്യുന്നതിൽ ഭൂരിഭാഗവും വിവാഹം കഴിഞ്ഞ ചെറുപ്പക്കാരായ പുരുഷന്മാരാണ് എന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. എല്ലാവരും 20 നും 45 നും മദ്ധ്യേ പ്രായമുള്ളവർ.

 

തീർച്ചയായും ഇത്തരം പ്രവണതകളെ ഉന്മൂലനം ചെയ്യാൻ പ്രവാസി ലോകം ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

 

 

ചിത്രങ്ങൾക്ക് കടപ്പാട്: ബഷീർ അമ്പലായി

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!