fbpx

Type to search

Bahrain BAHRAIN PEARLS Featured Kerala Local

വൈറൽ വീഡിയോയ്ക്ക് പിന്നിലെ അറബി വസ്ത്രധാരിയായ മലയാളി..!!! INTERESTING STORY

കഴിഞ്ഞ ദിവസങ്ങളിലായി സമൂഹ മാധ്യമങ്ങളിൽ വൈറലായ എമിറാത്തി തലപ്പാവ് ധരിക്കുന്നതെങ്ങനെ എന്നുള്ള ഒരു മലയാളിയുടെ വീഡിയോയുടെ പിന്നാമ്പുറങ്ങൾ അന്വേഷിച്ചു ചെന്നിടത്താണ് ബഹ്‌റൈൻ മലയാളികൾക്കിടയിലെ അറബി വസ്ത്രധാരിയായ യുവ വ്യവസായ പ്രമുഖൻ ‘നാസർ ടെക്സിമിലേക്കു’ എത്തിച്ചേരാൻ കാരണമായത്. ബഹ്‌റൈൻ മലയാളികൾക്കിടയിലെ സുപരിചിത മുഖത്തെ തേടി അധികം അലയേണ്ടി വന്നില്ല എന്ന് തന്നെ പറയാമല്ലോ.

എമിറാത്തി തലപ്പാവ് ധരിക്കുന്നതെങ്ങനെ? വീഡിയോ :

എമാറാ്ത്തി തലപ്പാവ് എങ്ങനെ ധരിക്കാം ….യുട്യൂബിൽ ആദ്യമായ് മലയാളത്തിൽ വീഡിയോ👆🏻

Nasar Texsim यांनी वर पोस्ट केले शुक्रवार, 22 जून, 2018

ആൾക്കൂട്ടങ്ങൾക്കിടയിൽ തന്നെ വ്യത്യസ്തനാക്കുന്ന വസ്ത്രധാരണ ശൈലി ഒന്നുകൊണ്ടു മാത്രം ഏവരുടെയും ശ്രദ്ധയാകർഷിക്കുന്ന ഈ ചെറുപ്പക്കാരനിലേക്ക് കൂടുതൽ ആഴത്തിൽ കടന്നു ചെന്നപ്പോഴാണ് അറിയുന്നത്, ആള് ചില്ലറക്കാരനല്ലെന്ന സത്യം. 2017 ലെ കേന്ദ്ര സർക്കാറിന്റെ തൊഴിൽ മേള മുഖാന്തരമുള്ള പ്രവർത്തനങ്ങൾക്ക് മികച്ച യുവ വ്യവസായിക്കുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ആളാണ് കക്ഷി. പേരിനൊപ്പമുള്ള ടെക്‌സിം എന്ന വാല് തന്നെ ഇന്ന് ബഹ്‌റൈനിൽ മാത്രം എട്ടോളം ബ്രാഞ്ചുകളും ദുബായ്, ചൈന എന്നിവിടങ്ങളിലുമായി വളർന്നു പന്തലിച്ചു നിൽക്കുന്ന ലോകത്തെ ഏറ്റവും പുത്തൻ മൊബൈൽ ഫോൺ മോഡലുകളും അനുബന്ധ ഉപകരണങ്ങളും അതിവേഗത്തിൽ വിപണിയിൽ ഏത്തിക്കുന്ന ഇദ്ദേഹത്തിന്റെ തന്നെ സ്ഥാപനത്തിൻറെ പേരാണ്.

പേരിനൊപ്പം തങ്ങളുടെ സംരംഭങ്ങളുടെ പേരുകൾ കൂട്ടിച്ചേർത്തു അറിയപ്പെടുന്ന ഒട്ടേറെ പേർ പ്രവാസി വ്യവസായ ലോകത്തു സജീവമാണെങ്കിലും അവരിൽ നിന്നെല്ലാം വ്യത്യസ്തനാക്കുന്ന ഒട്ടേറെ പ്രത്യേകതകളുള്ള നാസർ ടെക്‌സിമുമായി പങ്കുവെക്കപ്പെട്ട സൗഹൃദ സംഭാഷണത്തിലേക്ക്.


മലയാളികൾക്കിടയിലെ അറബി, വേഷം കൊണ്ടറിയപ്പെട്ട പേരാണ് നാസറിനിത്. 28 വർഷമായി തുടരുന്ന പ്രവാസ ജീവിതത്തിൽ കഴിഞ്ഞ എട്ടു വര്ഷങ്ങളായി നാസർ ഈ വസ്ത്രധാരണം പിന്തുടരുന്നു. ജനിച്ചു വളർന്നൊരു ചുറ്റുപാടിൽ നിന്ന് മാറി പാശ്ചാത്യ നാട്ടിൽ ജീവിക്കുമ്പോൾ അവിടുത്തെ കാലാവസ്ഥക്കും സാംസ്കാരികതക്കും അനുയോജ്യമായ വേഷവിധാനം എന്ന രീതിയിൽ ഒരു കൗതുകത്തിനു പുറത്താണ് എട്ടു വര്ഷം മുൻപ് തന്റെ ടെക്‌സിം ഗ്രൂപ്പിൻറെ പുതിയ ബ്രാഞ്ചിന്റെ ഉദ്ഘാടനാനന്തരം അറബി വേഷം ധരിച്ചു നോക്കുന്നത്. അന്ന് ലഭിച്ച ഒരു പോസിറ്റീവ് വൈബും സുഹൃത്തുക്കളിൽ നിന്നും കുടുംബ ചുറ്റുപാടുകളിൽ നിന്നും ലഭിച്ച സ്വീകാര്യതയുമാണ് തന്നെ ഇത് തുടരാൻ പ്രചോദനമേകിയതെന്നു നാസർ പറയുന്നു.

ഈ ഒരു ശൈലിയിലേക്കുള്ള മാറ്റം സമ്മാനിച്ച അനുഭവങ്ങൾ കുറച്ചൊന്നുമല്ലെന്നു ഈ ചെറുപ്പക്കാരൻ ഓർമ്മകൾ ചികഞ്ഞൊരു ചെറു പുഞ്ചിരിയോടെ കഥകൾ തുടർന്നു. അതിൽ പ്രധാന അനുഭവമെന്നത് കഴിഞ്ഞ ഒരു വര്ഷം മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻറെ ബഹ്‌റൈൻ സന്ദർശനാനന്തരമുണ്ടായതാണ്. സന്ദർശനവേളയിലെ ഒരു വി ഐ പി ഫങ്ഷനിൽ ബിസിനസ് ഭീമന്മാരായ എം എ യൂസുഫലി , രവി പിള്ള, കുര്യൻ വര്ഗീസ് എന്നിവർക്കൊപ്പം ബഹ്‌റൈനിലെ യുവ സംരംഭകരുടെ കൂട്ടായ്മയായ ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറം യൂത്ത് വിങ്ങിനെ പ്രതിനിധീകരിച്ചു നാസറിനും സുഹൃത്തും കൂട്ടായ്മയുടെ അധ്യക്ഷനുമായ ഷമീർ ഹംസക്കും പങ്കെടുക്കാൻ ഒരു അവസരം ലഭിച്ചു. “കുറഞ്ഞ ആൾക്കാർ മാത്രമുള്ള പരിപാടിയിൽ ദൂരെ നിന്ന് കണ്ട് പരിചയമുള്ള ബിസിനസ് ഭീമന്മാരുടെ അടുത്തിയാകാൻ കൂടി പറ്റിയ ഒരവസരമായിരുന്നു അത്. അങ്ങനെയിരിക്കെയാണ് മുഖ്യമന്ത്രി പിണറായി സർ വന്നു ഷേക്ക് ഹാൻഡ് തരുന്നത്. സ്വാഭാവികമായി ബഹ്‌റൈനി ആണെന്ന് പ്രതീക്ഷിച്ച അദ്ദേഹത്തിന് മറുപടി നൽകിയത് എന്നെ ആകെ അദ്‌ഭുതസ്തബ്ധനാക്കികൊണ്ട് എം എ യൂസുഫലി സാർ ആയിരുന്നു. “ഇത് അറബിയൊന്നും അല്ല കേട്ടോ, നമ്മുടെ സ്വന്തം മലയാളി പയ്യനാണ്”. ആ ഒരു നിമിഷത്തിന്റെ ഷോക്ക് എനിക്ക് ഇപ്പോഴും വിട്ടുമാറിയിട്ടില്ല.” – നാസറിന്റെ കണ്ണുകൾ സന്തോഷം കൊണ്ട് തിളങ്ങി.

 

കഴിഞ്ഞ തവണ മോഹൻലാൽ ബഹറിനിൽ വന്നപ്പോഴും സമാനമായൊരനുഭവം നാസറിനുണ്ടായിട്ടുണ്ട്. മറ്റെല്ലാ വണ്ടികളും ഇന്ത്യൻ സ്കൂൾ ഗേറ്റ് നു വെളിയിൽ തടഞ്ഞു വെച്ചപ്പോഴും തന്റെ വേഷം ഒന്ന് കൊണ്ട് മാത്രം നേരെ സ്റ്റേജ് നു സമീപം വരെ സുഗമമായി കടന്നു ചെല്ലാൻ സാധിച്ച രസകരമായ സംഭവങ്ങൾ ഉൾപ്പടെ ഈ വേഷം കൊണ്ടുണ്ടായ ഗുണങ്ങൾ അനവധിയാണെന്നു നാസർ മനസ് തുറന്നു.

വേഷം കൊണ്ട് പരിഗണനകളും ഗുണങ്ങളും അല്ലാതെ കൗതുകകരമായ നോട്ടങ്ങളും മറ്റും ഒഴിച്ചാൽ കാര്യമായ ദോഷങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെങ്കിലും ഇത് ധരിച്ചു തുടങ്ങാൻ ആഗ്രഹിക്കുന്ന മലയാളികളോട് ‘അത്യാവശ്യം തൊലിക്കട്ടിയൊക്കെ വേണം കേട്ടോ’ എന്ന സൗജന്യ ഉപദേശവും ചെറിയൊരു കുസൃതി ചിരിയോടെ നാസർ നൽകുന്നുണ്ട്. ആകെ കൂടെ ഉണ്ടായ ഒരു പ്രശ്നം എന്താണെന്ന് വച്ചാൽ എയർപോർട്ടുകളിൽ എത്ര തന്നെ ഇൻഡ്യക്കാർക്കായുള്ള വരിയിൽ പോയി നിന്നാലും പോലീസുകാർ പിടിച് നിങ്ങളുടെ വരി ഇതല്ലെന്നും പറഞ്ഞു ജി സി സി യുടെയും എമിറാത്തികളുടെയും വരിയിൽ കൊണ്ട് പോയി നിർത്തും എന്നുള്ളതാണ്. ചില്ലറ കഷ്ടപ്പാടുകളൊന്നുമല്ല അവരെ പറഞ്ഞു ബോധ്യപ്പെടുത്താൻ എടുക്കാറുള്ളത്, നാസർ ചിരി തുടർന്നു.

കാസർഗോഡ് ജില്ലക്കാരനായ നാസർ നാട്ടിലെ കല്യാണമടക്കമുള്ള പരിപാടികളിൽ പങ്കെടുക്കുമ്പോൾ സെൽഫിയുടെ മേളമാണ്. അറബി വസ്ത്രധാരിക്കൊപ്പം സെൽഫി എടുക്കാൻ മത്സരിക്കുന്ന കുഞ്ഞുങ്ങളോടെന്നും വാത്സല്യമാണ് നാസറിന്.ഈ ഒരു ആകർഷണീയത കൊണ്ട് തന്നെ പൊതു പരിപാടികളിലും ചടങ്ങുകളിലും നാസറിന്റെ സാന്നിധ്യം ബഹ്‌റൈനിലും നാട്ടിലും എന്നില്ലാതെ ആഗ്രഹിക്കാത്തവരില്ല എന്ന് തന്നെ പറയാം.

വേഷം കൊണ്ട് സ്വദേശികൾക്കും ഒത്തിരി പ്രിയപ്പെട്ടവനാണ് നാസർ. ഒരിക്കലെങ്കിലും ഈ വേഷം അൽപ നേരത്തേക്ക് മാറിയാൽ എന്താണ് ധരിക്കാത്തതെന്നുള്ള നിരന്തര ചോദ്യങ്ങളാണ്. അത്രയേറെ വാത്സല്യം അനുഭവിക്കുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിൽ തന്നെ ഈ ഒരു വസ്ത്ര ധാരണവും തലപ്പാവും കൊണ്ട് ഏതു രാജ്യക്കാരാണെന്ന് തിരിച്ചറിയാൻ സാധിക്കുമെന്ന കൗതുകകരമായ വസ്തുതകൂടിയുണ്ട്. എമിറാത്തിയുടെ വസ്ത്ര ധാരണവും തലപ്പാവും പോലെയല്ല ഒമാനികളുടെയും മറ്റു രാജ്യക്കാരുടേതും. ഓരോരുത്തർക്കും തിരിച്ചറിയാൻ വ്യക്തമായ അടയാളങ്ങളും രീതികളും ഉണ്ടെങ്കിലും നാസർ പിന്തുടർന്ന് തുടങ്ങിയത് എമിറാത്തി ശൈലിയാണ്. എന്നാൽ ഇന്ന് തന്റേതായ ഡിസൈനുകളിലൂടെ തൈപ്പിക്കുന്നതിലൂടെ വസ്ത്രധാരണത്തിൽ ഒന്നുകൂടി ആകർഷകമാക്കാൻ സഹായിച്ചിട്ടുണ്ടെന്നു നാസർ പറയുന്നു. തന്റെ ശൈലി കണ്ടു സ്വദേശികളടക്കം എവിടെ നിന്നാണ് തയ്പ്പിക്കാറുള്ളതെന്നു തിരക്കാറുണ്ടെന്ന് അഭിമാനപൂർവം പറയുന്നുണ്ട്. തണുപ്പ് കാലങ്ങളിലെയും ചൂട് കാലങ്ങളിലെയും വസ്ത്രങ്ങൾക്ക് നിറ വ്യത്യാസമുണ്ട്. തണുപ്പ് കാലങ്ങളിൽ ഇരുണ്ട നിറങ്ങൾ തിരഞ്ഞെടുക്കൂമ്പോൾ ചൂടുകാലങ്ങളിൽ വെള്ള വസ്ത്രം മാത്രമേ ഉപയോഗിക്കാറുള്ളൂ.

നാസറിന് ഇതിൽ ഇഷ്ടമില്ലാത്തതെന്തെന്നാൽ പരമ്പരാഗതമായ ഒരു സാംസ്കാരികതയുടെ അടയാളമായ ഈ വസ്ത്രധാരണ രീതിയെ ചോദ്യം ചെയ്യും വിധം പലവിധ കളറുകളായി വെറുതെ ഒരു അലംഭാവത്തിനു മാത്രം പരീക്ഷിക്കുന്ന പുതു തലമുറയിലെ ചിലരുടെ രീതികളാണ്. തനിക്കു തീർത്തും ഒരു പോസിറ്റിവ് ഊർജ്ജം സമ്മാനിക്കുന്ന ഈ വസ്ത്രത്തെ ഇത്തരത്തിൽ വ്യതിചലിപ്പിക്കുന്നത് നാസർ ഇഷ്ടപ്പെടുന്നില്ല.

ഒട്ടേറെ രാജ്യങ്ങളിലൂടെ സഞ്ചരിച്ച, യാത്രകളെ വളരെയധികം സ്നേഹിക്കുന്ന നാസർ അഭിനയ മേഖലയിലും തല്പരനാണ്.കൂട്ടുകാരോടൊത്തു ചേർന്ന് നല്ലൊരു ബഡ്ജറ്റിൽ ഒരുക്കുന്ന ‘ദി എഡ്ജ്’ എന്ന ഷോർട് ഫിലിമിന്റെ പണിപ്പുരയിലാണ് കക്ഷിയിപ്പോൾ. ഇതിനോടകം തന്നെ ഷോർട് ഫിലിം ട്രയ്ലർ ഒട്ടേറെ ജന ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. ഒത്തിരി പേരാണ് യൂട്യൂബ് , ഫേസ്ബുക് മുഖാന്തരമുള്ള സോഷ്യൽ മീഡിയകാളിലൂടെ ഇപ്പോൾ ട്രൈലെർ കണ്ടിരിക്കുന്നത്.

ഇതിനിടെ ഒരു സിനിമയിലേക്കും തന്റെ അറബി വേഷം കൊണ്ട് തന്നെ അവസരം തേടി വന്നിരുന്നു. കഥയിലെ ഉദ്ദേശ ശുദ്ധി ഒന്ന്കൊണ്ട് മാത്രാമാണ് താനിത് നിരസിച്ചതെന്നും, ഒരു പരിഹാസത്തിനോ മറ്റ് അവഹേളനങ്ങൾക്കോ പാത്രമായി തന്റെ വേഷത്തെ വിട്ടുകൊടുക്കാൻ തയ്യാറല്ലെന്നും ഈ യുവാവ് തന്റെ നിലപാട് ഉറച്ച ശബ്ദത്തിൽ വ്യക്‌തമാക്കുന്നുണ്ട്. നല്ല റോൾ കിട്ടിയാൽ തീർച്ചയായും അഭിനയിച്ചിരിക്കും എന്നും പറയുന്നു.

സിനിമ മേഖലയിലെ സൂപ്പർ താരങ്ങളോടൊപ്പം ചിലവഴിക്കാൻ ലഭിക്കുന്ന അവസരങ്ങളൊന്നും തന്നെ ഇദ്ദേഹം പാഴാക്കാറില്ല എന്നതാണ് സത്യം. ആ യാത്ര ഒടുവിൽ കൊണ്ടു ചെന്നെത്തിച്ചത് ഒരു പുലിയുടെ മടയിൽ ആണെന്ന് തന്നെ വേണമെങ്കിൽ പറയാം. ലാലേട്ടൻ തകർത്തഭിനയിച്ച ‘പുലിമുരുകനിലെ’ പുലിയോടൊപ്പം ചേർന്ന് തന്നെ തായ്‌ലൻഡിലെ മടയിൽ കയറി കണ്ട ചിത്രം സോഷ്യൽ മീഡിയയിലെങ്ങും തരംഗമായിരുന്നു. ‘കടുവാക്കൂട്ടിൽ യുവാവ് വീണു’ എന്ന് വരെ പറഞ്ഞു പലരും പല തരത്തിൽ തൻറെ ഈ ചിത്രം പ്രചരിപ്പിച്ചത് അങ്ങേയറ്റം രസകരമായാണ് നാസർ കണ്ട് ആസ്വദിച്ചത്.

നല്ലൊരു ബോഡി ബിൽഡർ കൂടി ആണ് കക്ഷി, എങ്കിലും ഭക്ഷണ കാര്യത്തിൽ ഒരു നിയന്ത്രണവും വച്ചിട്ടില്ല. ഇഷ്ടപ്പെടുന്ന എന്തും കഴിക്കുമെന്ന് തന്നെ നാസർ തുറന്നു പറയുന്നു. എന്ത് തന്നെ കഴിച്ചാലും അതിനനുസരിച്ച വ്യായാമവും വർകൗട്ടും മാത്രം മതി സ്വന്തം ശരീരം ആരോഗ്യപരമായി ഫിറ്റ് ആയി നിലനിർത്താൻ എന്ന ആത്മവിശ്വാസമുണ്ട്. രാവിലെ സുബഹി നമസ്കാരത്തിനായി എന്നും ബാങ്കിൻ സമയം ഉണരുകയും അതിനു ശേഷം ജിമ്മിൽ പോയി വ്യായാമങ്ങൾ ചെയ്യാതെ ജോലി സ്ഥലത്തേക്കിറങ്ങാൻ നാസറിനാവില്ല. സ്വന്തം ശരീരം ശ്രദ്ധിക്കുന്നതിനൊപ്പം നല്ലൊരു ഫിറ്റ്നസ് ട്രെയിനർ കൂടിയാണ് കക്ഷി.


ചൈനയിലെ സുഹൃത്തുക്കൾക്കൊപ്പം

ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറം യൂത്തു വിങ്ങിന്റെ സജീവ പ്രവർത്തനത്തിലൂടെ പ്രവാസ ലോകത്തെ സാമൂഹ്യ പ്രവർത്തനത്തിലും മുൻ പന്തിയിലുണ്ട്. കരിപ്പൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് അറുതി വരുത്തണമെന്നാവശ്യപ്പെട്ടു ഡൽഹിയിൽ മലബാർ ഡെവലപ്മെൻറ് ഫോറം നടത്തിയ സമരങ്ങളിൽ ബഹ്‌റൈനെ പ്രതിനിധീകരിച്ചു പങ്കെടുത്തത് നാസറായിരുന്നുന്നു. സജീവമായൊരു രാഷ്ട്രീയ പാർട്ടിയുടെയും വക്താവല്ലെങ്കിൽ കൂടി എല്ലാവരും തന്റെ സുഹൃത്തുക്കളാണെന്നാണ് നാസറിന്റെ പക്ഷം. നേരിന്റെ പക്ഷം കണ്ടാൽ എവിടെയും പിന്തുണക്കും. ഉദ്ദേശ ശുദ്ധിയിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും നേതാക്കളുമായും സഹകരിക്കുന്നതിൽ നാസറിന് മടിയില്ല.

ഭാര്യയും മൂന്നു കുട്ടികളുമടങ്ങുന്ന സന്തുഷ്ട കുടുംബത്തോടൊപ്പം ബഹ്‌റൈൻ ജീവിതം ആസ്വദിക്കുന്ന നാസർ ടെക്സിമിന്റെ കൂടുതൽ വൈറൽ വീഡിയോകേൾക്കായി നമുക്ക് ഇനിയും കാത്തിരിക്കാം. ബിസിനസിലെ ജീവിതത്തിലും വ്യത്യസ്തതകൾ പുലർത്തുന്ന ഒട്ടേറെ കഴിവുകളുള്ള ഇദ്ദേഹത്തെ മറ്റു പല മേഖലകളിലും കാണേണ്ടി വരുമെന്ന് തീർച്ച.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!