fbpx

Type to search

Bahrain Featured Local

‘ആത്മഹത്യ പരിഹാരമോ’..? : ബഹ്‌റൈൻ കേരളീയ സമാജത്തില്‍ 27ന് ബോധവല്‍ക്കരണ സെമിനാര്‍

മനാമ: ബഹ്‌റൈനിലെ പ്രവാസി മലയാളികളില്‍ വര്‍ധിച്ചുവരുന്ന ആത്മഹത്യയുടെ പാശ്ചാത്തലത്തില്‍ ബഹ്‌റൈന്‍ കേരളീയ സമാജവും ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററും സംയുക്തമായി ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഈ മാസം 27ന് വ്യാഴാഴ്ച വൈകീട്ട 6.30 ന് കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ ‘ആത്മഹത്യ പരിഹാരമോ’ എന്ന വിഷയത്തിലാണ് സെമിനാര്‍. പ്രമുഖ കണ്‍സള്‍ട്ടന്റിംഗ് സൈക്യാട്രിസ്റ്റ് ഡോ. അനീസ് അലി പ്രഭാഷണം നടത്തും. തുടര്‍ന്ന് സംശയ നിവാരണത്തിനും അവസരമുണ്ടാകുമെന്ന് സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി എംപി രഘു, ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. ഷംനാദ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കഴിഞ്ഞ 35 ദിവസത്തിനിടെ ആറു മലയാളികളാണ് ബഹ്‌റൈനില്‍ ആത്മഹത്യ ചെയ്തത്. ഓരോ ആത്മഹത്യാ വാര്‍ത്തകളും നമ്മള്‍ ഞെട്ടലോടെയാണ് ശ്രവിക്കുന്നത്. ആരെയും ഭീതിയിലാഴ്ത്തുംവിധമാണ് പ്രവാസി മലയാളികളുടെ ആത്മഹത്യാ നിരക്ക്. ജീവനൊടുക്കിയവര്‍ എല്ലാം യുവാക്കളാണ്. അതില്‍ തന്നെ ഭൂരിഭാഗവും 30നു താഴെ പ്രായക്കാരാണ്. ആത്മഹത്യ ചെയ്തവരില്‍ മൂന്നു പേര്‍ സ്ത്രീകളാണ്. അതില്‍ തന്നെ രണ്ടു യുവതികള്‍ ആത്മഹത്യചെയ്തത് ഈ മാസം മൂന്നിനും 11 നുമായിരുന്നു.
പ്രവാസി ഇന്ത്യന്‍ സമൂഹത്തില്‍ മൊത്തത്തില്‍ ആത്മഹത്യ വര്‍ധിച്ചിട്ടുണ്ട്. മലയാളികളടക്കം ഈ വര്‍ഷം ഇതുവരെ 30 ഇന്ത്യക്കാര്‍ ആത്മഹത്യ ചെയ്തു. വീട്ടുകാരുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ ആന്ധ്ര സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്ത വിവരം നാം ഏവരും ഞെട്ടലോടെയും അതീവ ദുഖത്തോടെയുമാണ് ശ്രവിച്ചത്.

ഇവരുടെയെല്ലാം ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങള്‍ വ്യക്തമല്ല. എന്നാല്‍, ആത്മഹത്യ ഒരു പൊതുജന ആരോഗ്യ പ്രശ്‌നമായിമാറിയിട്ടുണ്ട്. ചില മനശാസ്ത്ര പഠനങ്ങള്‍ വ്യക്തമാക്കുന്നത് വര്‍ധിക്കുന്ന ആത്മഹത്യാ നിരക്കുകള്‍ കുറച്ചുപേരിലെങ്കിലും മാനസിക ദുര്‍ബലാവസ്ഥക്കു കാരണമാകുന്നു എന്നാണ്. അതുകൊണ്ടുതന്നെ, ആത്മഹത്യ തടയുക എന്നത് ഒരു സാമൂഹിക ഉത്തരവാദിത്വമാണ്.
ജീവിത പരിസരങ്ങളില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, വിഷാദരോഗം തുടങ്ങിയ പല വിധ പ്രശ്‌നങ്ങള്‍ ആത്മഹത്യക്കു കാരണമായി ചൂണ്ടിക്കാണിക്കാറുണ്ട്. സങ്കീര്‍ണമായ ജീവിത പരിസരങ്ങള്‍ ഒരു വ്യക്തിയെ നിസ്സഹായത, പ്രത്യാശയില്ലായ്മ, ജീവിച്ചിരിക്കാന്‍ യോഗ്യതയില്ലായ്മ എന്നിങ്ങനെയുള്ള മനോനിലകളിലേക്ക് നയിക്കുകയും ഒടുവില്‍ ആത്മഹത്യയില്‍ എത്തിപ്പെടുകയും ചെയ്യുന്നുവെന്നാണ് വിവിധ പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. സാമൂഹ്യ, സാംസ്‌കാരിക മേഖലകളിലെ ചില ഇടപെടലുകള്‍ക്ക് ആത്മഹത്യ കുറച്ചു കൊണ്ടുവരാനാകുമെന്നാണ് വിശ്വാസം.


ഈ സാഹചര്യത്തിലാണ് ആത്മഹത്യ ബോധവല്‍ക്കരണത്തിനായി ഷിഫയുമായി കൈകോര്‍ക്കുന്നതെന്ന് പിവി രാധാകൃഷ്ണപിള്ള അറിയിച്ചു. ബഹ്‌റൈനിലെ സാമൂഹ്യ പ്രവര്‍ത്തകരുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. എല്ലാ പ്രവാസി മലയാളികളും ഈ പരിപാടിയില്‍ പങ്കെടുക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പിലെ കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ് ആണ് മലയാളിയായ അനീസ് അലി. കേരളത്തില്‍ വിവിധ ആശുപത്രികളിലും ഷിഫ ഗ്രൂപ്പില്‍ ഖത്തറിലും ദുബായിലും കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റാണ് അദ്ദേഹം. വാര്‍ത്താ സമ്മേളനത്തില്‍ ഷിഫ മെഡിക്കല്‍ ഡയരക്ടര്‍ ഡോ. സല്‍മാന്‍ ഗരീബ്, സമാജം ഭാരവാഹികളും പങ്കെടുത്തു.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!