fbpx

Type to search

Bahrain Featured Health Local

ലോക ഹൃദയ ദിനം: സെപ്തംബർ 29 ന് ഷിഫയില്‍ സൗജന്യ ഹൃദയ പരിശോധന

 

>രക്തസമ്മര്‍ദ്ദം (ബിപി), ബ്ലഡ് ഷുഗര്‍, ലിപിഡ് പ്രൊഫൈല്‍, ഇസിജി, സ്‌പെഷ്യലിസ്റ്റ് കണ്‍സള്‍ട്ടേഷന്‍ പരിശോധനകൾ സൗജന്യം

>സ്പെഷ്യലിസ്റ്റ് ഡോക്ടര്‍ നിര്‍ദേശിക്കുന്ന 50 പേര്‍ക്ക് എക്കോ / ടിഎംടി പരിശോധനയും

മനാമ: ലോക ഹൃദയ ദിനാചരണത്തോടനുബന്ധിച്ച് ഈ മാസം 29ന് ശനിയാഴ്ച ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ സൗജന്യ ഹൃദയ പരിശോധനാ പാക്കേജ് ഒരുക്കുമെന്ന് സിഇഒ ഹബീബ് റഹ്മാന്‍, മെഡിക്കല്‍ ഡയരക്ടര്‍ ഡോ. സല്‍മാന്‍ ഗരീബ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ശനിയാഴ്ച രാവിലെ ഏഴു മുതല്‍ ഉച്ചക്ക് ഒന്നുവരെയാണ് സൗജന്യ ഹൃദയ പരിശോധന. ഇതിന്റെ ഭാഗമായി രക്തസമ്മര്‍ദ്ദം (ബിപി), ബ്ലഡ് ഷുഗര്‍, ലിപിഡ് പ്രൊഫൈല്‍, ഇസിജി, സ്‌പെഷ്യലിസ്റ്റ് കണ്‍സള്‍ട്ടേഷന്‍ എന്നിവ സൗജന്യമായിരിക്കും. സ്പെഷ്യലിസ്റ്റ് ഡോക്ടര്‍ നിര്‍ദേശിക്കുന്ന 50 പേര്‍ക്ക് അന്ന് എക്കോ / ടിഎംടി പരിശോധനയും സൗജന്യമായി നല്‍കും.

ഹൃദയ പരിശോധനക്കുള്ള രജിസ്‌ട്രേഷന്‍ ശനിയാഴ്ച രാവിലെ ഏഴു മുതല്‍ രാവിലെ 11 വരയായിരിക്കും. രക്ത പരിശോധനക്കും ഇസിജിക്കും ശേഷം ഡോക്ടറെ കാണാം. ഡോക്ടര്‍ നിര്‍ദേശിക്കുന്നവര്‍ക്കാണ് എക്കോ, ടിഎംടി പരിശോധനകള്‍ നടത്തുക.

എക്കോ, ടിഎംടി പരിശോധനകള്‍ക്കു മാത്രം കുറഞ്ഞത് 80 ദിനാര്‍ ചെലവ് വരും. മൊത്തം നൂറു ദിനാറിനു മുകളില്‍ വരുന്നതാണ് ഹൃദയ പരിശോധന. ഇതാണ് ഷിഫ സൗജന്യമായി അനുവദിക്കുന്നതെന്ന് അവര്‍ പറഞ്ഞു.

പ്രവാസികളില്‍ ഹൃദ്രോഗം വളരെ കൂടുതലായാണ് കണ്ടുവരുന്നത്. ഹൃദയ പരിശോധനകള്‍ എല്ലാം താരതമ്യേനെ ചെലവേറിയതാണ്. അതുകൊണ്ടുതന്നെ കുറഞ്ഞ വരുമാനക്കാര്‍ വൈദ്യ സഹായം തേടാന്‍ മടിക്കുന്നു. ഈ സാഹചര്യം ഒഴിവാക്കി അവര്‍ക്ക് കൈതാങ്ങാകുക എന്ന ലക്ഷ്യത്തോടെയാണ് സൗജന്യ ഹൃദയ പരിശോധന നടത്തുന്നത്. ഹൃദയ സംബന്ധമായ രോഗങ്ങള്‍ നേരത്തെ കണ്ടെത്തി മുന്‍ കരുതല്‍ സ്വീകരിക്കാന്‍ ഇതുവഴി ഒരു പരിധിവരെ കഴിയും. എല്ലാ പ്രവാസികളും ഈ അവസരം പരമാവധി വിനിയോഗിക്കണമെന്ന് ഹബീബ് റഹ്മാന്‍ പറഞ്ഞു.

ഷിഫ കാര്‍ഡിയോളജി ഡിപ്പാര്‍ട്ട്‌മെന്റിനും അന്ന് തുടക്കമാകും. കാര്‍ഡിയോളജിയില്‍ അത്യാധുനിക പരിശോധനക്കുളള സൗകര്യമുണ്ട്. എക്കോ, ടിഎംടി, ഇസിജി എന്നിവയ്ക്ക് അത്യാധനിക ഉപകരണങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഹൃദ്രോഗ വിഭാഗത്തിലും യൂറോളജിയിലും ഡോക്ടര്‍മാര്‍ ചുമതലയേറ്റു കഴിഞ്ഞു. ഇവയില്‍ മുഴുവന്‍ സമയ സ്‌പെഷ്യലിസ്റ്റിന്റെ സേവനം അടുത്ത മാസം മുതല്‍ ലഭ്യമാകും.

ഷിഫയുടെ സാമൂഹ്യ ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് ഈ നടപടി. ആതുര ശുശ്രൂഷ രംഗത്തും ജീവകാരുണ്യ മേഖലയിലും അശരണര്‍ക്ക് ആശ്വാസമാകുക എന്നതാണ് കമ്പനി ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ജനറല്‍ മെഡിസിനില്‍ 13 ഡോക്ടര്‍മാരുടെയും ഇന്റേണല്‍ മെഡിസിനില്‍ ഒരു കണ്‍സള്‍ട്ടിന്റയും നാലു സ്‌പെഷലിസ്റ്റുകളുടെയും സേവനം ലഭ്യമാണ്. കഴിഞ്ഞ മെയ് 10ന് ബഹ്‌റൈന്‍ ആരോഗ്യ മന്ത്രിയാണ് ഷിഫയുടെ പുതിയ മെഡിക്കല്‍ സെന്റര്‍ ഏഴു നില കെട്ടിടത്തില്‍ ഉദ്ഘാടനം ചെയ്തത്. അത്യാധുനിക സൗകര്യങ്ങളോടെ ഏതാണ്ട് എല്ലാ സ്‌പെഷ്യാലിറ്റികളും ഇന്ന് ഷിഫയില്‍ ഉണ്ട്. ജനറല്‍ മെഡിസിന്‍, ഇന്റേണല്‍ മെഡിസിന്‍, ഗൈനക്കോളജി, പീഡിയാട്രിക്‌സ്, ഇഎന്‍ടി, ഓഫ്താല്‍മോളജി, ഓര്‍ത്തോപീഡിക്‌സ്, ഡെര്‍മറ്റോളജി, ജനറല്‍ സര്‍ജറി, റേഡിയോളജി തുടങ്ങി എല്ലാവിധ ചികില്‍സാ വിഭാഗങ്ങളും പുതിയ സെന്ററില്‍ ഉണ്ട്. ഏറ്റവും മികച്ച ലബോറട്ടറി സൗകര്യവും പുതിയ ക്ലിനിക്കിന്റെ പ്രത്യേകതയാണ്. രണ്ടു നിലകളിലും പുറത്തുമായി വിശാലമായ കാര്‍പാര്‍ക്കിങ് സൗകര്യവുമുണ്ട്.

വാര്‍ത്താ സമ്മേളനത്തില്‍ ഡയരക്ടര്‍ ഷബീര്‍ അലി, മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. ഷംനാദ്, കണ്‍സള്‍ട്ടന്റ് ഇന്റേണല്‍ മെഡിസിന്‍ ഡോ. സുജീത് ലാല്‍, കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. അനീസ് അലി, കാര്‍ഡിയോളജിസ്റ്റ് ഡോ. മനു ഭാസ്‌കര്‍ എന്നിവരും പങ്കെടുത്തു.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!