fbpx

Type to search

Cinema Featured Kerala

#ME_TOO: അലൻസിയറിൽ നിന്നുണ്ടായ ദുരനുഭവങ്ങൾ എഴുതിയത് താനാണെന്ന് തുറന്ന് പറഞ്ഞ് ദിവ്യ ​ഗോപിനാഥിൻറെ വീഡിയോ

ഹോളിവുഡിൽ നിന്നാരംഭിച്ച മീ ടൂ ക്യാമ്പെയ്ൻ ബോളിവുഡും കടന്നു കേരളത്തിൽ എത്തിനിൽക്കുമ്പോൾ ഒരുപാട് പേര് തങ്ങൾക്കുണ്ടായ ദുരനുഭവങ്ങൾ തുറന്നു പറഞ്ഞിരുന്നു. അതിൽ ഒടുവിലെത്തിനിന്നത് കഴിഞ്ഞ ദിവസം വന്ന അലന്സിയറിന് എതിരെയുള്ള ആരോപണങ്ങളിലായിരുന്നു. പേര് വെളിപ്പെടുത്താതെ വന്ന എഴുത്തിൽ ഇന്നിതാ ചലച്ചിത്രതാരം അലൻസിയറിൽ നിന്നുണ്ടായ തുടർച്ചയായ ലൈം​ഗിക ഉപദ്രവം വെളിപ്പെടുത്തി കുറിപ്പെഴുതിയത് താനാണെന്ന് തുറന്ന് പറഞ്ഞ് അഭിനേതാവ് ദിവ്യ ​ഗോപിനാഥ് രംഗത്തു വന്നിരിക്കുന്നു. ഫെയ്സ്ബുക് ലൈവിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ആഭാസം എന്ന ചിത്രത്തിലാണ് അലൻസിയറിനൊപ്പം ദിവ്യ അവസാനം അഭിനയിച്ചത്. തന്‍റെ മാതാപിതാക്കൾ തന്നോടൊപ്പം ഉറച്ച് നിൽക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് ദിവ്യ ദുരനുഭവം പങ്കുവെച്ചത്.

വീഡിയോ:

Finally, managed to talk to my parents. They will stand rock solid with me. Time to end anonymity. The actress who wrote this letter to India Protests is me.https://twitter.com/protestingindia/status/1051729867644030976

Divya Gopinath यांनी वर पोस्ट केले मंगळवार, १६ ऑक्टोबर, २०१८

ദിവ്യയുടെ അനുഭവക്കുറിപ്പ്

”നേരിട്ട് കാണുന്നത് വരെ എനിക്ക് ഈ കലാകാരാനോട് അതിയായ ബഹുമാനം ഉണ്ടായിരുന്നു. ചുറ്റും സംഭവിക്കുന്ന കാര്യങ്ങളോട് അയാൾ പുലർത്തുന്ന പുരോ​ഗമന ഉദാര സമീപനങ്ങളെല്ലാം അയാളുടെ വഷളൻ സ്വത്വത്തിന്‍റെ മുഖം മൂടിയാണ്.
ആദ്യ സംഭവം ഒരു ഉച്ചയൂണ് മേശയിലാണ് ഉണ്ടായത്. ഞങ്ങൾ മൂന്ന് പേരുണ്ടായിരുന്നു. ഞാനും അയാളും ഒരു സഹതാരവും. അയാളേക്കാൾ വലിയ ഒരു താരം എങ്ങനെയാണ് സ്ത്രീകളോട് പെരുമാറുന്നത് എന്ന് എന്റെ മുലകളിലേക്ക് ആർത്തിപിടിച്ച് നോക്കിക്കൊണ്ട് അയാൾ വിവരിക്കുന്നുണ്ടായിരുന്നു. ഞാൻ അസ്വസ്ഥയായി. എന്നാൽ കൂടുതൽ ഇടപഴകാനും കാര്യങ്ങളെ കൂടുതൽ ലഘുവായി കാണാനും അയാൾ എന്നെ ഉപദേശിച്ചു. ഞാൻ അതിനോട് പ്രതികരിച്ചില്ല. പക്ഷേ അയാളുടെ സാമീപ്യത്തിൽ സുരക്ഷിതയായി എനിക്ക് തോന്നിയില്ല.

അടുത്തത് ഞെട്ടിക്കുന്നതായിരുന്നു. ഒരു വനിതാ സഹതാരത്തിനൊപ്പം എന്‍റെ മുറിയിലേക്ക് കടന്നുവന്ന അയാൾ ആർട്ടിസ്റ്റിന്‍റെ സ്വാതന്ത്ര്യത്തെക്കുറിച്ചും ശരീരത്തെ അറിയുന്നതിന്‍റെ പ്രാധാന്യത്തെക്കുറിച്ചുമൊക്കെ എന്നെ ഉപദേശിച്ചു. നാടക പശ്ചാത്തലം ഉണ്ടായിരുന്നിട്ടും ദുർബലയാവുന്നു എന്ന് പറഞ്ഞ് അയാൾ എന്നെ അപമാനിച്ചു. അയാളെ മുറിയിൽ നിന്ന് പുറത്താക്കാനാണ് എനിക്ക് തോന്നിയത്. എന്നാലും അയാളുടെ സിനിയോറിറ്റി ഓർത്തിട്ടും സഹപ്രവർത്തക കൂടെയുള്ളതിനാലും തത്കാലം അങ്ങനെ പോവട്ടെ എന്ന് ഞാൻ കരുതി.

മൂന്നാം തവണ സംഭവിച്ചത് ആർത്തവ സംബന്ധിയായ ക്ഷീണത്താൽ ഡയറക്ടറുടെ അനുവാദത്തോടെ ഇടവേളയെടുത്ത് എന്റെ മുറിയിൽ വിശ്രമിക്കുമ്പോഴാണ്. മുറിയുടെ വാതിലിൽ ആവർത്തിച്ചുള്ള മുട്ട് കേട്ട ഞാൻ വാതിൽ ദ്വാരത്തിലൂടെ നോക്കിയപ്പോൾ അലൻസിയറാണ് അത് എന്ന് കണ്ടു. മാനസിക സംഘർഷത്തോടെ ഞാൻ ഡയറക്ടറെ വിളിച്ച് സഹായം അഭ്യർത്ഥിച്ചു. ഒരാളെ അയക്കാം എന്ന് അയാൾ ഉറപ്പ് തന്നു. അലൻസിയർ തുടർച്ചയായി വാതിലിൽ മുട്ടുകയും തൊഴിക്കുകയും ചെയ്തുകൊണ്ടിരുന്നു, അവസാനം മുറിക്ക് പുറത്തേക്ക് ചാടാം എന്ന് ആലോചിച്ച് ഞാൻ വാതിൽ തുറന്നു. അതേസമയം സംഭവിക്കുന്ന കാര്യങ്ങൾ കേൾക്കട്ടെ എന്ന് തീരുമാനിച്ച് സംവിധായകന്‍റെ കോൾ ഞാൻ കട്ട് ചെയ്തിരുന്നില്ല. വാതിൽ തുറന്നപാടെ അലൻസിയർ തള്ളിത്തുറന്ന് അകത്ത് കയറി വാതിൽ കുറ്റിയിട്ടു. അയാളഅ‍ മദ്യപിച്ചിരുന്നു. ഞാൻ ആകെ ഞെട്ടിത്തരിച്ച് നിന്നു പോയി. അയാൾ കിടക്കയിൽ ഇരുന്ന് നാടക കലാകാരികൾ ശക്തരാവേണ്ടതിന്റെ അവശ്യകതയെക്കുറിച്ചുള്ള അയാളുടെ സിദ്ധാന്തങ്ങൾ ആവർത്തിച്ചുകൊണ്ടിരുന്നു. തുടർന്ന് അയാൾ എണീറ്റ് എന്‍റെ അടുത്തേയ്ക്ക് വന്നു, അയാളോട് ഇറങ്ങിപ്പോവാൻ പറയാൻ ശബ്​ദം കണ്ടെത്തുമ്പോഴേക്കും ഡോർബെൽ മുഴങ്ങി. ഇത്തവണ ഞെട്ടിയത് അയാളാണ്. ഞാൻ വേ​ഗം വാതിൽ തുറന്നു, അസിസ്റ്റന്‍റ് ഡയറക്ടറെ കണ്ടപ്പോൾ വളരെ ആശ്വാസം തോന്നി. അടുത്ത ഷോട്ട് അലൻസിയറുടേതാണെന്ന് അയാൾ പറഞ്ഞു. എന്നാൽ തന്നെ ആരും അറിയിച്ചില്ല എന്ന് അലൻസിയർ പറഞ്ഞു. മൊത്തം ക്രൂവും കാത്തിരിക്കുകയാണെന്ന് പറഞ്ഞ് അസിസ്റ്റന്‍റ് ഡയറക്ടർ ഒരുവിധം അലൻസിയറെ ബോധ്യപ്പെടുത്തിയപ്പോൾ അയാൾക്ക് പോവേണ്ടി വന്നു.

നാലാം തവണ അടുത്ത ഷെഡ്യൂളിലായിരുന്നു. ഒരു പൊതുസുഹൃത്ത് ഉച്ചഭക്ഷണത്തിന് ക്ഷണിക്കുകയും അവിടെ അയാളെ കാണുകയും ചെയ്തു. അയാൾ മീൻകറിയാണ് ആവശ്യപ്പെട്ടത്. മീൻ ഓരോ തവണ തൊടുമ്പോഴും, മുറിച്ചെടുക്കുമ്പോഴും, തിന്നുമ്പോഴോ വിരൽ നക്കുമ്പോഴും ഒക്കെ അയാൾ അതിന്‍റെ മാംസത്തെ സ്ത്രീശരീരത്തോട് ഉപമിച്ചുകൊണ്ടിരുന്നു. ഞാനും പൊതുസുഹൃത്തും മേശയിൽ നിന്ന് എണീറ്റ് പോയി.

അതേദിവസം, ചിത്രീകരണം നടന്നുകൊണ്ടിരിക്കുമ്പോൾ, അയാൾ എന്നെയും മറ്റ് പെൺകുട്ടികളെയും തുറിച്ച് നോക്കിക്കൊണ്ടിരുന്നു, കണ്ണിൽപ്പെടുമ്പോഴൊക്കെ അയാൾ നാക്കുകൊണ്ടും മുഖം കൊണ്ടും ലൈം​ഗികാർത്തി പിടിച്ച ഒരാളുടെ ചേഷ്ടകൾ കാട്ടിക്കൊണ്ടിരുന്നു. അന്ന് വൈകുന്നേരം, ഒരു പാർട്ടിയ്ക്ക് ഇടയിൽ അയാൾ സ്ത്രീകളോട് അവരുടെ ശരീരത്തെക്കുറിച്ചും ലൈം​ഗികതയെക്കുറിച്ചും ഒക്കെ വർണ്ണിക്കുന്നത് കാണാമായിരുന്നു. എന്‍റെ അടുത്ത് വന്നപ്പോഴൊക്കെ അയാളെ ഞാൻ ഒഴിവാക്കാൻ പരമാവധി ശ്രമിച്ചുകൊണ്ടിരുന്നു. അയാളുടെ സമീപനം ചെറുക്കുന്ന സ്ത്രീകളെയൊക്കെ അയാൾ ചീത്തപറയുന്നത് എനിക്ക് കേൾക്കാമായിരുന്നു.

വീണ്ടും മറ്റൊരുദിവസം ഞാൻ രാവിലെ 6 മണിക്ക് തീർന്ന ജോലി കഴിഞ്ഞ് ഉറങ്ങുകയായിരുന്നു. കൂടെ റൂംമേറ്റും ഉണ്ടായിരുന്നു. ഞങ്ങളുടെ പൊതുസുഹൃത്തായ ആൾ. ഡോർബെൽ മുഴങ്ങി. അവൾ പോയി വാതിൽ തുറന്നും. അത് അലൻസിയർ ആയിരുന്നു. കുറച്ച് സമയം സംസാരിച്ച ശേഷം അയാൾ പോയി. എന്റെ റൂംമേറ്റ് കുളിക്കാൻ പോവുകയും വാതിൽ ലോക്ക് ചെയ്യാൻ മറക്കുകയും ചെയ്തു. അപ്പോൾ തന്നെ അലൻസിയർ അകത്തു വന്ന് ബെഡിൽ എന്‍റെ അടുത്ത് വന്ന് കിടന്നു. അരികിൽ അപരിചിതമായ സാമീപ്യം അനുഭവപ്പെട്ട ഞാൻ ഉണർന്നു. എന്റെ അടുത്ത് ഈ മനുഷ്യൻ കിടക്കുന്നത് കണ്ട് ഞാൻ ഞെട്ടിപ്പോയി. ഉറങ്ങുകയാണോ? അയാൾ എന്നോട് ചോദിച്ചു. ഞാൻ ചാടി എണീറ്റു. പക്ഷേ അയാൾ എന്‍റെ കൈപിടിച്ച് ”കുറച്ച് നേരം കൂടെ കിടക്കൂ” എന്ന് പറഞ്ഞു. ഞാൻ‌ അയാളോട് സർവ്വശക്തിയുമെടുത്ത് ഒച്ചവച്ചത് എന്‍റെ റൂംമേറ്റ് കുളിമുറിയിൽ നിന്ന് കേട്ട് എന്താണ് സംഭവിക്കുന്നത് എന്ന് വിളിച്ച് ചോദിച്ചു. തമാശയാണെന്ന് പറഞ്ഞ് അയാൾ വേ​ഗം മുറിയിൽ നിന്ന് പോയി. സംഭവം പറഞ്ഞപ്പോൾ അയാളുടെ സുഹൃത്ത് കൂടിയായ എന്‍റെ റൂംമേറ്റ് ഞെട്ടിപ്പോയി. അവൾ അയാളെ വിളിച്ച് സംസാരിക്കണമെന്ന് പറഞ്ഞപ്പോൾ അതുമിതും പറഞ്ഞ് അയാൾ ഒഴിവായി. കാര്യം ഞങ്ങൾ സംവിധായകനോട് പരാതിപ്പെട്ടു. അയാൾ അലൻസിയറോട് കാര്യം അന്വേഷിച്ചു. സംവിധായകന്റെ ആദ്യ ചിത്രം ആയതിനാൽ സംവിധായകൻ തന്നോട് ഇക്കാര്യം ചോദിച്ചതിൽ അലൻസിയറിന് അസ്വസ്ഥതയുണ്ടായി. അയാൾ പ്രതികാരം ചെയ്തത് ചിത്രീകരണം അലമ്പാക്കിക്കൊണ്ടും സഹതാങ്ങളെ പരിഹസിച്ചും സെറ്റിൽ മദ്യപിച്ച് എത്തിയും ഒക്കെയാണ്.
ഞാൻ ഇത് എഴുതുമ്പോൾ, അലൻസിയറെപ്പറ്റി ഇത്തരം നിരവധി കാര്യങ്ങൾ പറയാനുള്ള താരങ്ങൾ ആ ചിത്രത്തിൽ ഉണ്ടെന്ന് എനിക്കറിയാം. ഇത് അയക്കാൻ ഒരുപാട് സമയവും വേദനയും വേണ്ടിവന്നിട്ടുണ്ട്. സമാനമായ സാഹചര്യങ്ങളിലൂടെ കടന്ന് പോയവരും അവരുടേതായ സമയം എടുക്കും.

Tags:

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!