fbpx

Type to search

Bahrain Entertainment Featured Local

‘ഉദിത് നാരായൺ – സാദന സര്‍ഗം ലൈവ് ഇന്‍’ ഒക്ടോബർ 26ന് ബഹ്‌റൈൻ ഇന്ത്യന്‍ സ്‌കൂളില്‍

മനാമ: എത്ര കേട്ടാലും മതിവരാത്ത ശ്രുതിമധുരമായ ഈണങ്ങളുമായി പ്രശസ്ത ഹിന്ദി ഗായകരായ ഉദിത്ത് നാരയനും സാദന സര്‍ഗവും ബഹ്‌റൈനില്‍ എത്തുന്നു. ഈ മാസം 26ന് വൈകീട്ട് ആറരക്ക് ഇന്ത്യന്‍ സ്‌കൂള്‍ ഇസാ ടൗണ്‍ കാമ്പസില്‍ ഇരുവരും ലൈവ് സംഗീത സന്ധ്യയൊരുക്കും. റാമി പ്രൊഡക്ഷന്‍ മിഡില്‍ ഈസ്റ്റാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് പ്രോഗ്രാം ഡയരക്ടര്‍ റഹീം ആതവനാട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ബോളീവുഡ് സംഗീത ലോകത്തെ അതികായകരായ ഇരുവരുടെയും ബഹ്‌റൈനിലെ ആദ്യ സ്‌റ്റേജ്‌ഷോയാണിത്. 1980ല്‍ ഇതിഹാസ ഗായകനും തന്റെ ഗുരുവുമായ മുഹമ്മദ് റഫിയോടൊപ്പം ‘ഉനീസ് ബീസ്’ എന്ന സിനിമയില്‍ പാടി അരങ്ങത്തേക്കു കടന്നുവന്ന ഉദിത്ത് നാരായന്‍ കഴിഞ്ഞ 38 വര്‍ഷക്കാലമായി ഇന്ത്യന്‍ സിനിമ ഗാന രംഗത്തെ അവിഭാജ്യ ഘടകമായി നിലകൊള്ളുന്നു. മലയാളമടക്കം 31 ഭാഷകളിലായി 25,000 ലേറെ പാട്ടുകള്‍ ആലപിച്ച ഉദിത്ത് നാരായനെ 2016ല്‍ രാജ്യം പത്മ ഭൂഷണ്‍ നല്‍കി ആദരിച്ചു. മികച്ച പിന്നണി ഗായകന് 4 ദേശീയ ചലച്ചിത്ര അവാര്‍ഡ്, 5 ഫിലിം ഫെയര്‍ അവാര്‍ഡ്, അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍, സംസ്ഥാന പുരസ്‌കാരങ്ങള്‍ എന്നിവ ലഭിച്ചിട്ടുണ്ട്.

11 മലയാള സിനിമകളില്‍ പാടിയ ഉദിത്ത് നാരായന്‍ മലയാളത്തിലും തന്റെ സ്വരമാധൂര്യം അനുഭവഭേദ്യമാക്കി. സിഐഡി മൂസയിലെ ‘ചിലമ്പൊലിക്കാറ്റേ ഒന്നു ചുറ്റിയടിച്ചാട്ടേ…’ കൊച്ചി രാജാവില്‍ ‘മുന്തിരി പാടം പൂത്തു നില്‍കണ മുറ്റത്തു കൊണ്ടോവാം…’ തുടങ്ങിയ ഗാനങ്ങള്‍ ഹിറ്റാണ്. 2012ല്‍ സൗണ്ട് തോമാ എന്ന പടത്തില്‍ ശ്രേയാ ഘോഷലിനൊപ്പം ‘ഒരു കാര്യം പറയാമോ’ എന്ന ഗാനമാണ് അവസാനത്തേത്.

ഹിന്ദിയില്‍ ഷാറൂഖ് ഖാന്‍, ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍ എന്നീ മൂന്നു ഖാന്‍മാര്‍ക്കും സ്‌ക്രീനില്‍ ഇമ്പമാര്‍ന്ന ഗാനങ്ങള്‍ സമ്മാനിച്ച ഉദിത്ത് നാരായന്‍ ഏആര്‍ റഹ്മാന്‍, നദീം ശ്രാവണ്‍, രാജേഷ് റോഷന്‍, ശങ്കര്‍ മഹാദേവന്‍ തുടങ്ങിയവരുടെ സംഗീതത്തില്‍ നിരവധി ഗാനങ്ങള്‍ ആലപിച്ചു. 90കളിലും 2000 ആണ്ടിലും യുവത്വത്തിന്റെ നാവിന്‍ തുമ്പില്‍ സ്ഥിരവാസമാക്കിയ നിരവധി ഹിന്ദി ഗാനങ്ങളാണ് ഉദിത്തിന്റേതായുള്ളത്.

സിനിമാ പിന്നണി ഗാനത്തിനൊപ്പം മൂന്നു പതിറ്റാണ്ടു പിന്നിട്ട ഗാനാര്‍ച്ചനയാണ് സാദന സര്‍ഗത്തിന്റേത്. മലയാളമടക്കം 34 ഭാഷകളിലായി 15,000 ഗാനങ്ങള്‍ ആലപിച്ച അവര്‍ ശാസ്ത്രീയ സംഗീതം, ഗസല്‍ എന്നീ മേഖലകളിലും വ്യക്തി മുദ്ര പതിപ്പിച്ചു. ദേശീയ ചലച്ചിത്ര പുരസ്‌കാരം, ഫിലിംഫെയര്‍ അവാര്‍ഡ് തുടങ്ങിയ നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹയായ അവര്‍ മലയാളത്തില്‍ നാലു സിനിമകളില്‍ പാടിയിട്ടുണ്ട് മമ്മുട്ടി നായകനായ ബോംബെ മാര്‍ച്ച് 12 എന്ന സിനിമയില്‍ സാദന പാടിയ ‘വിരിയുന്നു കൊഴിയുന്നു പല പൂക്കള്‍ ഈ വഴിയില്‍’ എന്ന ഗാനം ഏറെ പ്രശംസ പിടിച്ചു പറ്റി.

ഹിന്ദി മെലഡി ഗാനങ്ങളുടെ ഉത്സവമായിരിക്കും ഇരുവരുടെയും ലൈവ് ഇന്‍ സംഗീത മേളയെന്ന് റഹീം ആതവനാട് പറഞ്ഞു. ഏതു തലമുറയും എല്ലാ കാലത്തും കേള്‍ക്കാന്‍ കൊതിക്കുന്ന, തെരഞ്ഞെടുത്ത മനോഹര ഗാനങ്ങള്‍ ഇരുവരും രംഗത്ത് അവതരിപ്പിക്കും. ഹിന്ദി സിനിമ ലോകത്ത് നിന്ന് അനുഗ്രഹീതരായ 30ഓളം കലാകരന്‍മാരും ഇവരോപ്പം പരിപാടിയില്‍ പങ്കെടുക്കുമെന്നും റഹീം ആതവനാട് പറഞ്ഞു.

ടിക്കറ്റ് നിരക്ക്:
റെഡ് കാര്‍പ്പറ്റ്-  രണ്ടു പേര്‍ക്ക് പ്രവേശനം – 75 ദിനാര്‍,
ഒരാള്‍ക്ക് പ്രവേശനം- 50 ദിനാര്‍.
വിഐപി-രണ്ടു പേര്‍ക്ക് 30 ദിനാര്‍, ഒരാള്‍ക്ക് 20 ദിനാര്‍.
സില്‍വര്‍-ഒരാള്‍ക്ക് പ്രവേശനം- 5 ദിനാര്‍.

ടിക്കറ്റുകള്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു എക്‌സ്‌ചേഞ്ച്, ഷറഫ് ഡിജി, എന്‍ഇസി എക്‌സ്‌ചേഞ്ച് എന്നിവയുടെ ബഹ്‌റൈനിലെ എല്ലാ ശാഖകളിലും ലഭിക്കും. എല്ലാ പ്ലാറ്റിനം ടിക്കറ്റുകളും വിറ്റു പോയിട്ടുണ്ട്.
വിവരങ്ങള്‍ക്ക്: 33418411 / 33307369.

Tags:

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!