fbpx

Type to search

Bahrain Featured Local

പൗരത്വത്തിന്റെ എല്ലാ അവകാശങ്ങളും പ്രവാസികൾക്ക് അനുവദിക്കണം: സോഷ്യൽ വെൽഫെയർ അസോസിയേഷൻ

മനാമ: മുഴുവൻ പൗരന്മാർക്കും ജീവസന്ധാരണ മാർഗ്ഗങ്ങൾ ഒരുക്കുന്നതിൽ പരാജയപ്പെട്ട വ്യവസ്ഥയുടെ ബലിയാടുകളായ പ്രവാസികൾക്ക് പൗരത്വത്തിന്റെ എല്ലാ അവകാശങ്ങളും അനുവദിക്കണമെന്നും രാജ്യത്തിൻറെ വികസന പ്രക്രിയയിൽ നിർണ്ണായക പങ്കു വഹിക്കുന്നവരെന്ന നിലക്കുള്ള ആനുകൂല്യങ്ങൾ വാർധക്യത്തിൽ ലഭ്യമാക്കാൻ ഇന്ത്യാ ഗവൺമെൻറ് നടപടികൾ സ്വീകരിക്കണമെന്ന് സോഷ്യൽ വെൽഫെയർ അസോസിയേഷൻ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. സിഞ്ചിലെ ഫ്രണ്ട്‌സ് ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ സോഷ്യൽ വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ഇ.കെ.സലീം ഉദ്ഘാടനം ചെയ്‌തു.

പ്രവാസികൾ വിദേശ നാണ്യം നേടിത്തരുന്ന യാന്ത്രിക ജീവികൾ മാത്രമാണെന്നും അവർ അവകാശവും പരിരക്ഷയും ആവശ്യമില്ലാത്തവരാണെന്നുമുള്ള അധികാരികളുടെ മനോഭാവമാണ് പ്രവാസികളോടുള്ള ഈ അവഗണക്ക് കാരണം. വോട്ടവകാശം, അനിയന്ത്രിത യാത്ര നിരക്കുകൾ, ലഗേജുകൾക്കുള്ള ജി.എസ്.ടി, തുടങ്ങി ഇപ്പോൾ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത്തിൽ വരെ ഈ അവഗണന കാണാൻ
കഴിയും. എല്ലാ രാഷ്‌ട്രീയ സംഘടനകളുടെയും പ്രവാസി ഘടകങ്ങൾ വർഷങ്ങളായി പ്രവർത്തിച്ചിട്ടും ഇതിൽ മാറ്റമൊന്നുമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ കൃത്യമായ നിലപാടുകൾ മുന്നോട്ടു
വെച്ചും ആവശ്യമായ പഠനങ്ങൾ നടത്തിയും പ്രവാസി സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി സോഷ്യൽ വെൽഫെയർ അസോസിയേഷൻ പ്രവർത്തന രംഗത്തുണ്ടാവുമെന്നു അദ്ദേഹം പറഞ്ഞു.

സിറാജ് പള്ളിക്കര മുഖ്യ പ്രഭാഷണം നടത്തി. നിരാശയും നിഷ്‌ക്രിയത്വവും കൈവെടിഞ്ഞു രാജ്യത്തിൻറെ നന്മക്കും പുരോഗതിക്കും വേണ്ടി ജനപക്ഷത്തു നിന്ന് പ്രവർത്തിക്കാൻ പ്രവാസി സമൂഹം തയ്യാറാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഇന്ത്യന്‍ തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്ന നടപ്പാക്കിയ ഇ-മൈഗ്രേറ്റ് പോലുള്ള നടപടിക്രമങ്ങള്‍ വിശദമായ പഠനത്തിനും പൊതു അഭിപ്രായ രൂപീകരണത്തിലൂടെയുമാണ് നടപ്പിലാക്കേണ്ടത്. അല്ലാത്തപക്ഷം അനധികൃത കുടിയേറ്റത്തിനുള്ള സാധ്യതയാണ് വര്‍ധിക്കുക. കമ്പനി രജിസ്ട്രേഷനും മൈഗ്രന്‍റ് രജിസ്ട്രേഷനും മറ്റുമായി നൂലാമാലകള്‍ വര്‍ധിച്ചതോടെ പല കമ്പനികളും ഇന്ത്യന്‍ തൊഴിലാളികളെ ജോലിക്ക് കൊണ്ടുവരുന്നത് ഒഴിവാക്കുന്ന സാഹചര്യത്തിൽ വേണ്ടത്ര അവധാനതയോട് കൂടി മാത്രമേ ഇ-മൈഗ്രേറ്റ് പോലുള്ള പ്രയോഗത്തില്‍ കൊണ്ടു വരാവു എന്ന് അദ്ദേഹം പറഞ്ഞു

പ്രവാസ ഭൂമികയിലെ ജനസേവന പ്രവർത്തനങ്ങൾ എന്ന വിഷയം മുഹമ്മദലി മലപ്പുറം അവതരിപ്പിച്ചു . ഷരീഫ് ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ നടന്ന കവിതാമാലയും ക്വിസും സദസ്സിനു വേറിട്ട അനുഭവമായി. ജനറൽ സെക്രട്ടരി ബദറുദ്ധീൻ പൂവാർ സ്വാഗതവും കെ.കെ.മുനീർ നന്ദിയും പറഞ്ഞു.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!