fbpx

Type to search

Bahrain Featured Local

പലിശ സംഘം ബന്ദിയാക്കി മർദിച്ച സംഭവം; പോലീസിലും എംബസിയിലും പരാതി നൽകി, ഒറ്റക്കെട്ടായ് നേരിടുമെന്ന് സാമൂഹ്യ പ്രവർത്തകർ, മുഖ്യമന്ത്രിയുടെയും പാര്ലമെന്ററിയുടെയും ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് ടി സിദ്ധിഖ്

മനാമ: കഴിഞ്ഞ ദിവസം മലയാളി പലിശ സംഘം പ്രവാസി മലയാളിയെ ബന്ദിയാക്കി മർദിച്ചു രേഖകളിൽ ബലം പ്രയോഗിച്ചു ഒപ്പ് വെപ്പിച്ച സംഭവത്തിൽ പോലീസിലും എംബസിയിലും പരാതി നൽകി. ഈ സംഭവവുമായി ബന്ധപ്പെട്ട് സംഭവസ്ഥലത്തു എത്തിച്ചേർന്ന, പലിശ സംഘം മണിക്കൂറുകളോളം മുറിയിൽ അടച്ച പലിശ വിരുദ്ധ സമിതി പ്രവർത്തകരായ ജമാൽ നദ്‌വി ഇരിങ്ങൽ, യോഗാനന്ദ്, ദിജീഷ്, സജിത്ത്, ടി എൽ രാജൻ എന്നീ തടഞ്ഞു വെക്കപ്പെട്ട സാമൂഹ്യ പ്രവർത്തകരും പരാതിക്കാരനൊപ്പം പൊലീസിന് മൊഴി നൽകുകയുണ്ടായി. ബഹ്‌റൈനിലെ സാമൂഹ്യ പ്രവർത്തകർ ഒന്നടങ്കം ഇവർക്ക് പിന്തുണയുമായി എത്തിയിരുന്നു. ശേഷം ഇന്ന് പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂരിൻറെ നേതൃത്വത്തിൽ ഇരകൾ എംബസിയിലും പരാതി സമർപ്പിച്ചു. എംബസിയുടെ ഭാഗത്തു നിന്നും ശക്തമായ ഇടപെടലുകൾ ഉണ്ടാകുമെന്ന് ഉറപ്പു തന്നതായി പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ ബഹ്‌റൈൻ വാർത്തയോട് പറഞ്ഞു.

ശ്രദ്ധയിൽ കൊണ്ടുവരും; ടി സിദ്ധിഖ്:

ബഹ്‌റൈനിലെ സാമൂഹ്യ പ്രവർത്തകരുടെ വിവിധ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഇതിനോടകം തന്നെ പലിശ വിവാദം പ്രധാന ചർച്ചാ വിഷയമായി മാറിയിട്ടുണ്ട്. പ്രവാസ ലോകത്ത്‌ പാസ്പോർട്ട് വാങ്ങി കൊള്ള പലിശക്ക് പണം നൽകി, മർദനവും പീഡനവും മൂലം ആത്മഹത്യയിലേക്ക് തള്ളിവിടാൻ പ്രേരിപ്പിക്കുന്ന തരത്തിലടക്കമുള്ള തെമ്മാടിത്തങ്ങൾ ചെയ്യുന്ന മലയാളികൾക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളാൻ മുഖ്യമന്ത്രിയുടെയും വിദേശകാര്യവുമായി ബന്ധപ്പെട്ട പാര്ലമെന്ററിയുടെ ചെയർമാൻ ശശി തരൂർ എംപിയുടെയും ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് കഴിഞ്ഞ ദിവസം ബഹ്‌റൈനിലെത്തിയ കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ധിഖ് വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു.

സാമൂഹ്യ പ്രവർത്തകരുടെ ശക്തമായ ഐക്യം:

‘ബഹറൈനിലെ പലിശ മാഫിയ എത്ര ശക്തമാണ് എന്ന് കാണിക്കുന്നതാണ് പുതിയ സംഭവമെന്നും പലിശ വിരുദ്ധ സമിതിയംഗങ്ങളെ സൗമ്യമായ് വിളിച്ച്, റൂമിലടച്ച് ഇനി ഞങ്ങൾ തീരുമാനിക്കും നിങ്ങൾ എന്ത് ചെയ്യണമെന്ന് എന്ന് പറയാൻ ധൈര്യം വരുന്നത് വെറും പലിശയുടെ ബലമല്ല. ഇതിന്റെ പിറകിൽ സഹായിക്കാനും എന്തും നിയന്ത്രിക്കാനും കഴിവുണ്ട് എന്ന് കരുതുന്ന പ്രമുഖ ശക്തികളുടെ പിന്തുണയുണ്ട് എന്ന് വ്യക്തവുമാണെന്നു’ പലിശ വിരുദ്ധ സമിതി മീഡിയ കൺവീനർ പങ്കജ് നാഭൻ പത്രകുറിപ്പിലൂടെ അറിയിച്ചു.

“ഈ സംഭവത്തിലൂടെ ബഹറൈനിലെ സാമൂഹിക സംഘടനകൾ എല്ലാം തന്നെ അവരുടെ ഐക്യദാർഢൃവും ഒത്തൊരുമയും വ്യക്തമാക്കിയത്, ഇത്തരം ഒരു മാഫിയക്കും ഇനിയും ആത്മഹത്യക്ക് ഒരു കട കുരുക്കിൽ പെട്ട പ്രവാസിയെയും വിട്ട് കൊടുക്കില്ല എന്ന് ഉറക്കെ പ്രഖ്യാപിക്കലായി.”

ഇതാടൊപ്പം തന്നെ, പലിശ വിരുദ്ധ സമിതിയുടെ പ്രവർത്തനം ഊർജിതപ്പെടുത്താനും റിഫാ, മുഹറഖ് ഘടകങ്ങൾ പെട്ടെന്ന് തുടങ്ങേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെടുന്നതായും അറിയിച്ചു. പ്രവാസികമ്മീഷൻ അടക്കം സജീവമായ ഇടപെടൽ കൊണ്ട് ശ്രദ്ധേയമായ പലിശ വിരുദ്ധ പ്രവർത്തനം കൂടുതൽ ഊർജിതമാക്കാൻ തന്നെയാണ് തീരുമാനമെന്നും സമിതി വാർത്താ കുറിപ്പിലൂടെ പറയുന്നു.

ഒപ്പം കേരള സംസ്ഥാന സർക്കാർ, കേന്ദ്ര വിദേശകാര്യ മന്ത്രി തുടങ്ങിയവരെയും വിവരങ്ങൾ ധരിപ്പിച്ചതായും ഇത്തരക്കാരുടെ പാസ്പോർട്ട് കണ്ടു കെട്ടൽ നടപടിയടക്കമുള്ള നീക്കങ്ങൾക്ക് സാധ്യത തേടിയതായും പലിശ വിരുദ്ധ സമിതി അറിയിച്ചു.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!