fbpx

Type to search

Bahrain Featured GCC Local

വിദേശ രാജ്യങ്ങളിൽ മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നോർക്കയിൽ നിന്നും 50,000 രൂപ വരെ ധനസഹായം ലഭിക്കും

വിദേശ രാജ്യങ്ങളിലോ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലോ മരിക്കുന്ന പ്രവാസികളായ കേരളീയരുടെ മൃതദേഹം സ്വദേശത്തേക്ക് എത്തിക്കുന്നതിന് കാരുണ്യം പദ്ധതിപ്രകാരം നോര്‍ക്ക റൂട്ട്‌സ് സഹായം നല്‍കും. നോർക്കാ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറാണ് ഈ വിവരം അറിയിച്ചത്.
പ്രവാസിയുടെ അവകാശികള്‍ക്ക് മൃതദേഹം വിമാനത്തിലോ തീവണ്ടിയിലോ മറ്റേതെങ്കിലും വാഹനത്തിലോ ചെലവുകുറഞ്ഞ രീതിയില്‍ എത്തിക്കാനാണ് സഹായം നല്‍കുന്നത്. മൃതദേഹം നാട്ടിലെത്തിച്ചശേഷം ചെലവായ തുക നോര്‍ക്ക കാരുണ്യനിധിയില്‍നിന്ന് അനുവദിക്കുകയാണ് ചെയ്യുക. വിദേശത്തുവെച്ചുണ്ടായ മരണത്തിന് പരമാവധി അരലക്ഷം രൂപയും ഇതരസംസ്ഥാനത്ത്‌ വെച്ചുണ്ടായ മരണത്തിന് 15,000 രൂപയുമാണ് ഇതനുസരിച്ച്‌ അനുവദിക്കുന്നതെന്നും അറിയിപ്പില്‍ പറയുന്നു.

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതുസംബന്ധിച്ച പ്രയാസങ്ങള്‍ ഗള്‍ഫ് മേഖലയിലെ മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് ലോക കേരള സഭയിലെ കുടിയേറ്റ നിയമ വനിതാക്ഷേമ സമിതിയുടെ സ്റ്റാന്‍ഡിങ് കമ്മിറ്റിയംഗം സോമി സോളമനാണ് ഇക്കാര്യം സഭയിലും നോര്‍ക്ക മുന്‍പാകെയും അവതരിപ്പിച്ചത്. മൃതദേഹങ്ങള്‍ക്ക് പുറമേ അസുഖബാധിതരായ പ്രവാസികളെയും വിമാനത്താവളത്തില്‍നിന്ന് നാട്ടിലെത്തിക്കാന്‍ ആംബുലന്‍സ് സൗകര്യവും നോര്‍ക്ക റൂട്ട്‌സ് ഒരുക്കുന്നുണ്ട്.
വിദേശ രാജ്യങ്ങളില്‍വെച്ച്‌ മരിക്കുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതുസംബന്ധിച്ച പ്രശ്‌നങ്ങളും പ്രതിവിധികളും ക്രോഡീകരിച്ച്‌ സര്‍ക്കാരിന്‌ മുന്നിലെത്തിക്കാന്‍ ശ്രമം തുടരുകയാണെന്ന് സോമി സോളമന്‍ അറിയിച്ചു. പ്രളയാനന്തര കേരളത്തിന്റെ അതിജീവന ചര്‍ച്ചകളുടെ ഭാഗമായാണ് ഇവ സമാഹരിക്കുന്നത്.
മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കുന്നതിന് നിലവില്‍ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകള്‍, ദുരനുഭവങ്ങള്‍, വിമാനക്കമ്പനികളുടെ നിലപാട് തുടങ്ങിയ വിഷയങ്ങളും ക്രിയാത്മക പരിഹാര നിര്‍ദേശങ്ങളുമാണ് സമര്‍പ്പിക്കേണ്ടത്. സാമൂഹിക പ്രവര്‍ത്തകര്‍, സംഘടനാ ഭാരവാഹികള്‍, വനിതാ കൂട്ടായ്മകള്‍, മാധ്യമപ്രവര്‍ത്തകര്‍, തൊഴിലാളികള്‍, ദുരനുഭവം നേരിട്ട വ്യക്തികളും ബന്ധുക്കളും സുഹൃത്തുക്കളും എന്നിവര്‍ക്കെല്ലാം [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ വിവരങ്ങള്‍ നല്‍കാം.

Tags:

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!