fbpx

Type to search

Bahrain Featured Local

പലിശ സംഘം ബന്ദികളാക്കി മർദിച്ച സംഭവം, വിശദീകരണവുമായി പലിശ വിരുദ്ധസമിതി; ഇരകളെ ആത്മഹത്യകളിലേക്ക് തള്ളിവിടുന്ന കൊള്ളപലിശക്കാർക്കെതിരെ പ്രവർത്തനം ശക്തിപ്പെടുത്താൻ ബഹ്‌റൈൻ സാമൂഹ്യ ലോകത്തെ പൂർണ പിന്തുണ

മനാമ: ഏതാനും ദിവസങ്ങൾക്ക് മുൻപ് ബഹ്‌റൈനിൽ മലയാളി പലിശ സംഘം പ്രവാസി മലയാളിയെ ബന്ദിയാക്കി മർദിച്ചു രേഖകളിൽ ബലം പ്രയോഗിച്ചു ഒപ്പു വെപ്പിക്കുകയും സംസാരിക്കാൻ ചെന്ന സമിതി പ്രവർത്തകരെ മണിക്കൂറുകളോളം മുറിയിൽ പൂട്ടിയിടുകയും ചെയ്ത സംഭവത്തിൽ വിശദീകരണവുമായി പലിശ വിരുദ്ധ സമിതി. കഴിഞ്ഞ ദിവസം തങ്ങൾക്കുണ്ടായ അനുഭവങ്ങളും മുന്പോട്ടുള്ള പ്രവർത്തനങ്ങളും വിശദീകരിക്കാൻ വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിലാണ് സമിതി കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഒപ്പം 2009 ൽ രൂപം കൊണ്ട് പിന്നീട് പ്രവർത്തനം നിലക്കപ്പെട്ട പലിശ വിരുദ്ധ സമിതി വീണ്ടും പുനരുജ്ജീവിപ്പിക്കാനിടയായ സാഹചര്യങ്ങളെ കുറിച്ചും, ഇത്തരമൊരു കൂട്ടായ്മ സജീവമായി നിലനിൽക്കേണ്ടതിൻറെ ആവിശ്യകതകളെ കുറിച്ചും സമിതി വിശദീകരിച്ചു.

ഈയടുത്ത കാലത്ത് ആത്‌മഹത്യാ പ്രവണത വീണ്ടും വർധിക്കുകയും അതിന്റെ മുഖ്യകാരണം പലിശ അടക്കമുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളാണെന്ന് വിലയിരുത്തപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ആണ് കുറച്ചുകാലമായി പ്രവർത്തനം മന്ദീഭവിച്ചുപോയ പലിശവിരുദ്ധസമിതി പുനഃസംഘടിപ്പിക്കാനും പ്രവർത്തനം സജീവമാക്കാനും സാമൂഹിക പ്രതിബദ്ധത കൈമുതലാക്കിയ ഒരു സംഘം രംഗത്ത് വരാനിടയായ സാഹചര്യം ഉണ്ടായത്.

സമിതിയുടെ വിശദീകരണം ഇങ്ങനെ:

ഹ്‌റൈനിൽ സമീപകാലത്തുണ്ടായ 36 ഓളംആത്മഹത്യകളില്‍ 27 ഉം സാമ്പത്തിക ബാധ്യതകളുമായി ബന്ധപ്പെട്ടതായിരുന്നു. ഈ കേസുകളിൽ മിക്കതിലും പലിശ മാഫിയകളുടെ ബന്ധവും വ്യക്തമാണെന്ന വിലയിരുത്തലിനെ തുടർന്നാണ് സമിതിയുടെ പ്രവർത്തനം ഊർജ്ജിതമാക്കിയത്. ഇതിനു ശേഷം ധാരാളം പരാതികള്‍ ലഭിക്കുകയും അതില്‍ പലതിലും ഇരകൾക്ക് അനുകൂലമായ നടപടികള്‍ എടുക്കുവാനും കഴിഞ്ഞു. ഇതിന് ബഹ്‌റൈനിലെ വിവിധ സാമൂഹിക – സാംസ്‌കാരിക സംഘടനകളും പ്രവർത്തകരും അകമഴിഞ്ഞ സഹകരണം നൽകുകയുണ്ടായി. മാധ്യമങ്ങളുടെ പിന്തുണയും പ്രോത്സാഹനവും ഇതിൽ പ്രത്യേകം പ്രസ്‌താവ്യമാണ്. മുഹറഖ്, റിഫ, മാലികിയ, മനാമ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും നിരവധി പരാതികളാണ് ഇതിനകം സമിതിക്ക് മുൻപാകെ എത്തിയിട്ടുള്ളത്.

ഇതിനിടയിലാണ് കായംകുളം സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പലിശക്കാരനായ ജിൻസൺ ജോയ് എന്നയാളെ ഈ കാര്യം ചർച്ച ചെയ്യുന്നതിനായി സമിതി പലതവണ ബന്ധപ്പെടുയും കാണാൻ ശ്രമിക്കുകയും ചെയ്തത്. എന്നാൽ അത്തരം കൂടിക്കാഴ്ചയിൽ നിന്നും പൂർണ്ണമായും ഒഴിഞ്ഞു മാറിയതിന്റെ പശ്ചാത്തലത്തിൽ വിവരങ്ങൾ അന്വഷിച്ചെത്തിയ സമിതി പ്രവർത്തകരെ പലിശക്കാരനും അദ്ദേഹത്തിന്റെ കൂട്ടാളികളായ ജസ്റ്റിൻ, ബിനോയ് എന്നിവരും ചേർന്ന് ആലിയിലെ ഫ്‌ളാറ്റിനുള്ളിലേക്ക് തന്ത്രപൂർവം വിളിച്ചുവരുത്തി ബന്ദികളാക്കുകയും ചെയ്യുന്നത്.

സമിതി പ്രവർത്തകരെ രണ്ടര മണിക്കൂറിന് ശേഷം പുറത്തേക്ക് പോകാൻ അനുവദിക്കുകയും എന്നാൽ പിന്നീട് മറ്റു അഞ്ചു പേര്കൂടി ഫ്‌ളാറ്റിലെത്തി പരാതിക്കാരനെ കൈയേറ്റം ചെയ്യുകയും നിർബന്ധിച്ച് ചില രേഖകളിൽ ഒപ്പുവെപ്പിക്കുകയും ചെയ്യുകയായിരുന്നു. സമിതി പ്രവർത്തകരും സാമൂഹിക പ്രവർത്തകരും ചേർന്ന് പിന്നീട് ഇദ്ദേഹത്തെ സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പൊലീസിൽ പരാതിനൽകുകയും ചെയ്‌തു. പരാതിയുടെ അടിസ്ഥാനത്തിൽ ഇവരെ പോലീസ് കസ്‌റ്റഡിയിലെടുക്കുകയും റിമാന്റിൽ വെക്കുകയും ചെയ്‌തു. വീട്ടുകാരുടെയും കുടുംബക്കാരുടെയും നാട്ടുകാരുടെയും നിരന്തര അഭ്യർത്ഥന മാനിച്ചും മാനുഷിക പരിഗണന അടിസ്ഥാനപ്പെടുത്തിയുമാണ് ഉപാധികളോടെ ഇവർക്കെതിരെയുള്ള കേസ് പിൻവലിക്കാൻ സമിതി തീരുമാനിച്ചത്. അതോടൊപ്പം ഇത്തരം പലിശക്കാരുടെ കെണിയിൽ പെട്ട ഇരകൾക്ക് നീതികിട്ടണം എന്നതും സമിതി ലക്ഷ്യമിട്ടിരുന്നു.

പലിശ ഇടപാടിൽ ഈടായി നൽകിയ പരാതിക്കാരന്റെയും അദ്ദേഹത്തിന്റെ അനുജന്റെയും പാസ്‌പോർട്ടുകളും മറ്റു രേഖകളും പോലീസ് പലിശക്കാരനിൽനിന്നും തിരികെവാങ്ങി പരാതിക്കാരന് കൈമാറിയിരുന്നു. കൂടാതെ പലിശക്കാരന്റെ കൈവശം ഉണ്ടായിരുന്ന മറ്റു
പാസ്‌പോർട്ടുകളും രേഖകളും ഇന്ത്യൻ എംബസിക്കു കൈമാറുകയും ഇനി ഒരിക്കലും പലിശ ഇടപാട് ചെയ്യുകയില്ലെന്ന കരാറിൽ ഒപ്പു വെക്കുകയും ചെയ്‌തു. ഇത് സംബന്ധിച്ച രേഖകളിൽ അഭിഭാഷകന്റെ ഓഫീസിൽ വെച്ച് ബന്ധുക്കൾ ഒപ്പുവെക്കുകയും ഇവർ റിമാന്റ് കഴിഞ്ഞിറങ്ങിയശേഷം എംബസിയിൽ നേരിട്ടെത്തി അഫിഡവിറ്റിലും ഡിക്ളറേഷനിലും ഒപ്പുവെക്കുകയുംചെയ്തിട്ടുണ്ട്.

മുഖ്യമന്ത്രി, എംപിമാര്‍, പ്രവാസി വെൽഫെയർ ഫോറം, പ്രവാസികമ്മിഷന്‍, ലോകകേരളസഭ, കേന്ദ്ര വിദേശകാര്യ മന്ത്രാലയം തുടങ്ങിയവർക്ക് കൊള്ളപ്പലിശക്കാരുടെ വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് നിവേദനങ്ങൾ നൽകിയിട്ടുണ്ട്. സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതിനെ കുറിച്ച് ബന്ധപ്പെട്ടവർ ഉറപ്പ് നൽകുകയും ചെയ്‌തിട്ടുണ്ട്‌. ഇക്കാര്യത്തിൽ ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം, ഇന്ത്യൻ എംബസി എന്നിവയുടെ സഹകരണവും ഇടപെടലുകളും ആശാവഹമാണ്. പാസ്സ്‌പോർട്ട് പോലുള്ളരേഖകൾ, ഇവിടത്തെയും നാട്ടിലെയും ഒപ്പിട്ട ബ്ലാങ്ക്മുദ്രപത്രം, ചെക്കുകൾ എന്നിവ ഒരു സാമ്പത്തിക ഇടപാടിലും ഈടായി നൽകാവതല്ലെന്ന കാര്യം പ്രവാസി സമൂഹത്തെ ബോധവത്കരിക്കണമെന്ന് അധികൃതർ പ്രത്യേകം നിർദേശിച്ചിട്ടുമുണ്ട്. ഇക്കാര്യത്തിലടക്കം കൊള്ളപ്പലിശക്കാർക്കെതിരെയുള്ള പ്രവർത്തനം സജീവമാക്കുന്നതിനുള്ള പദ്ധതികളുമായി മുന്നോട്ടു പോകാനാണ്‌ സമിതിതീരുമാനിച്ചിട്ടുള്ളത്. ചെറുതും വലുതുമായ ധാരാളം കൂട്ടായ്‌മകളും സംഘടനകളും സാമൂഹിക പ്രവർത്തകരും ഇത്തരം പ്രവർത്തനങ്ങൾക്ക് സഹകരണം ഉറപ്പു നൽകിയിട്ടുമുണ്ട്. സമൂഹത്തിനു നന്മ കൈവരണമെന്ന് ആഗ്രഹിക്കുന്ന മുഴുവൻപേരും ഇത്തരം പ്രവർത്തനങ്ങളിൽ അണിചേരണമെന്നാണ് സമിതി ആഗ്രഹിക്കുന്നത്.”

വിവിധ പ്രദേശങ്ങളിൽ കൺവെൻഷനുകൾ വിളിച്ചു ചേർത്ത് പലിശക്കെതിരെയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കുകയും കൊള്ളപലിശക്കാർക്കെതിരെ സാധ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിനും സമിതി ശ്രമിക്കും. പലിശക്കെണിയിൽ കുടുങ്ങി ആത്മഹത്യയിൽ അഭയം തേടുന്ന ഒരു സമൂഹമായി മാറാതിരിക്കാനുള്ള മുൻകരുതലുകളും പോംവഴികളും സ്വീകരിക്കുക എന്നത് ഉത്തരവാദിത്വബോധമുള്ള ഒരുസമൂഹത്തിന്റെ ചുമതല കൂടിയാണെന്ന് സമിതി തിരിച്ചറിയുന്നുവെന്നും വിശദീകരിക്കാൻ വിളിച്ചു ചേർത്തപത്രസമ്മേളനത്തിൽ വ്യക്തമാക്കി.

പലിശ വിരുദ്ധസമിതി ഉപദേശകസമിതി അംഗങ്ങളായ സഈദ് റമദാൻ നദ്‌വി എന്നിവരും ചെയർമാൻ ജമാൽ ഇരിങ്ങൽ, വൈസ് ചെയർമാൻമാരായ, ടി.എംരാജൻ, ഷിബുപത്തനംതിട്ട, ജനറൽ കൺവീനർ യോഗാനന്ദ്, കൺവീനർ സലാം മമ്പാട്ടുമൂല, സെക്രട്ടറി ഷാജിത് എന്നിവരും, അംഗങ്ങളായ നാസർ മഞ്ചേരി, എ.സി.എ ബക്കർ, ദിജീഷ്, ഒ.വിഅശോകൻ, പങ്കജ്നാഭൻ, ഇ.പിഫസൽ, അനിൽവെങ്കോട്, മനോജ് വടകര, നിസാർകൊല്ലം, സിബിൻസലിം, അഷ്‌കർപൂഴിത്തല, തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!