fbpx

Type to search

Bahrain Featured India Local

‘സ്പെക്ട്ര 2018’: ബഹ്‌റൈനിലെ ഏറ്റവും വലിയ ആർട് കാർണിവലിനൊരുങ്ങി ICRF, ഒപ്പം ബഹ്‌റൈനോടുള്ള ആദരവ് വിളിച്ചോതി ഇന്ത്യൻ സംസ്കാരവും ഭക്ഷണരീതികളും പ്രദർശിപ്പിക്കുന്ന ഹെറിറ്റേജ് കാർണിവലും ഡിസംബർ 14 ന്

മനാമ: ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആർഎഫ്) സംഘടിപ്പിക്കുന്ന ഈ വർഷത്തെ ആർട്ട് കാർണിവൽ ‘സ്പെക്ട്ര 2018’ എന്ന പേരിൽ 2018 ഡിസംബർ 14 വെള്ളിയാഴ്ച ബഹറൈൻ ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം തന്നെ ഇന്ത്യൻ തൊഴിലാളികളെ സഹായിക്കുന്നതിനായിട്ടുള്ള ഫണ്ട് ശേഖരണം കൂടി ലക്ഷ്യമിട്ടാണ് ഈ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. ബഹറൈനിലെ ഇന്നുവരെ സംഘടിപ്പിച്ചതിൽ ഏറ്റവും വലിയ ആർട്ട് കാർണിവലായിരിക്കും ഫാർബർ കാസ്റ്റലിന്റെ ‘സ്പെക്ട്ര 2018’ കാർണിവൽ. രാവിലെ 7.30 ന് ആരംഭിക്കുന്ന പരിപാടി വൈകിട്ട് 4.30 നാകും സമാപിക്കുക.  ഇതിനോടൊപ്പം തന്നെ ദിൽമൻ നാഗരികതയുടെ കാലം മുതൽ ബഹ്‌റൈനുമായി അടുത്ത ബന്ധം പുലർത്തുന്ന ഇന്ത്യയിലെ വൈവിധ്യമാർന്ന സംസ്കാരവും ഭക്ഷണരീതിയും പ്രദർശിപ്പിക്കുന്നതിനായി “ട്രിബ്യുട് റ്റു ബഹ്റൈൻ” എന്ന പേരിൽ ഇൻഡ്യൻ ഹെറിറ്റേജ് കാർണിവൽ കൂടി സംഘടിപ്പിക്കും.


‘സ്പെക്ട്ര 2018’ ആർട് കാർണിവൽ

ഐ.സി.ആർ.എഫിന്റെ പത്താമത്തെ ആർട്ട് കാർണിവലാണ് സ്പെക്ട്ര 2018. 2009 ൽ തുടങ്ങിയപ്പോൾ 700 പേർ പങ്കെടുത്തിരുന്നു. ഇത്തവണ ബഹ്റൈനിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള ഏകദേശം 5000 കുട്ടികൾ പ്രാഥമിക റൗണ്ടുകളിൽ മത്സരിച്ചതിനുശേഷമാകും പ്രധാന മത്സരത്തിൽ പങ്കെടുക്കുക. ഇതുവഴി വിദ്യാർത്ഥികൾക്കിടയിലെ കലാപരമായ കഴിവുകൾ തെളിയിക്കാനുള്ള അവസരം ഒരുക്കുന്നതിലൂടെ ഭാവി തലമുറയെ ക്രിയാത്മകമായി വളരാനുള്ള സാഹചര്യവും ഒരുക്കാൻ സാധിക്കുമെന്ന് പ്രതിനിധികൾ അറിയിച്ചു.

ഇന്ത്യൻ സ്കൂൾ, ഏഷ്യൻ സ്കൂൾ, ദി ന്യൂ ഇന്ത്യൻ സ്കൂൾ, സേക്രഡ് ഹാർട്ട് സ്കൂൾ, ന്യൂ മില്ലെനിയം സ്കൂൾ, ന്യൂ ഹൊറൈസൺ സ്കൂൾ, അൽ നൂർ ഇന്റർനാഷണൽ സ്കൂൾ,ഇബ്നു അൽ ഹൈതം സ്കൂൾ, AMA ഇന്റർനാഷണൽ സ്കൂൾ, ക്വാളിറ്റി എഡ്യൂക്കേഷൻ സ്കൂൾ, ഫിലിപ്പൈൻ സ്കൂൾ, ബഹ്റിൻ ഇന്ത്യൻ സ്കൂൾ, ഹവാർ ഇന്റർനാഷണൽ സ്കൂൾ, അൽ മഹോദി ഡേ ബോർഡിംഗ് സ്കൂൾ, ശൈഖ ഹെസ്സ ഗേൾസ്  സ്കൂൾ, അൽ റാബി സ്കൂൾ, ന്യൂ സിൻജ് കിന്റർഗാർട്ടൻസ്കൂൾ, സൈനബ് ഗവണ്മെന്റ്  സ്കൂൾ, ന്യൂ ജെനറേഷൻ സ്കൂൾ, വിസാം ഇന്റർനാഷണൽ സ്കൂൾ തുടങ്ങി വിവിധ സ്കൂളുകളിൽ നിന്നുമായി 5000 ഓളം വിദ്യാർത്ഥികൾ പങ്കെടുക്കുന്നതിനായി പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചടങ്ങിൽ സ്നേഹയിലെയും റിയയിലെയും വിദ്യാർത്ഥികളും പങ്കെടുക്കുന്നുണ്ട്. ഇനിയും രജിസ്റ്റർ ചെയ്യാത്ത വിദ്യാർത്ഥികൾക്ക് നേരിട്ട് ഓൺലൈൻ രജിസ്റ്റർ ചെയ്യാവുന്നതാണ്. സ്ഥല പരിമിതിമൂലം ആദ്യം വരുന്നവർക്കായിരിക്കും മുൻഗണന. രജിസ്ട്രേഷൻ തീയതി 2018 ഡിസംബർ 5 ന് അവസാനിക്കും.

എട്ടുവയസ്സ്  മുതൽ പതിനൊന്നുവയസ്സ് വരെ, പതിനൊന്ന് മുതൽ പതിനാല് വയസ്സു വരെ, പതിനാലു മുതൽ പതിനെട്ട് വയസ്സു വരെ പ്രായമുള്ളവരെ നാലു ഗ്രൂപ്പ്‌ ആയിട്ട് തരം തിരിച്ചാകും മത്സരം. ഈ വർഷം 18 വയസിന് മുകളിൽ പ്രായമായവരെ പങ്കെടുപ്പിക്കുന്നതിനായി മുതിർന്നവർക്കായുള്ള മത്സരവും സംഘടിപ്പിക്കുന്നുണ്ട്.

വിജയിക്കുന്ന കുട്ടികളുടെ സൃഷ്ടികളും മറ്റു ശ്രദ്ധേയമായ സൃഷ്ടികളും 2019 ലെ വാൾ കലണ്ടറുകളിലും ഡെസ്ക് ടോപ്പ് കലണ്ടറുകളിലുമാക്കി ഈ ഡിസംബറിൽ നടത്തുന്ന ഫിനാലെയിൽ  ബഹുമാനപെട്ട ഇന്ത്യൻ അംബാസിഡർ അലോക് കുമാർ സിൻഹ ലോഞ്ച് ചെയ്യുന്നതാണ്. ഈ ഓരോ കലണ്ടറുകളും ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ക്ലബ്ബുകൾക്കും അസോസിയേഷനുകൾക്കും ബിസിനസുകാർക്കും നൽകും.


“ട്രിബ്യുട് റ്റു ബഹ്റൈൻ – ഇൻഡ്യൻ ഹെറിറ്റേജ് കാർണിവൽ”

ആർട്ട്‌ കാർണിവലിനോടൊപ്പം തന്നെ “ട്രിബ്യുട് റ്റു ബഹ്റൈൻ – ഇൻഡ്യൻ ഹെറിറ്റേജ് കാർണിവൽ” കൂടി സംഘടിപ്പിക്കുന്നുണ്ട്. ദിൽമൻ നാഗരികതയുടെ കാലം മുതൽ ബഹ്‌റൈനുമായി അടുത്ത ബന്ധം പുലർത്തുന്ന ഇന്ത്യയിലെ വൈവിധ്യമാർന്ന സംസ്കാരവും ഭക്ഷണരീതിയും പ്രദർശിപ്പിക്കുന്നതിന് ഡിസംബർ 14ന്  ഈ വേദി സാക്ഷിയാകും.  ഇന്ത്യയിലെ 29 സംസ്ഥാനങ്ങളിൽ നിന്നുള്ള പരമ്പരാഗത നൃത്തങ്ങളും, കൂടാതെ വസ്ത്രങ്ങൾ, വിവിധ ആഭരണങ്ങൾ എന്നിവയും  പ്രദർശിപ്പിക്കുന്നതാണ്. കൂടാതെ  വിവിധ കലാ പരിപാടികൾ വൈകുന്നേരം 5 മണി മുതൽ രാത്രി 8 വരെ ഈ  വേദിയിൽ അരങ്ങേറും.


ICRF പ്രവർത്തനങ്ങൾ

പ്രവാസ ലോകത്തു നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാവുന്ന ഐ സി ആർ എഫ് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന തൊഴിലാളികളെ സഹായിക്കുന്നതിനായി ഫണ്ട് ശേഖരണവും ഇതോടൊപ്പം നടത്തുന്നുണ്ട്. കഴിഞ്ഞ കാലങ്ങളിലായി പ്രവാസികളായ നിരാലംബരായ ഇന്ത്യൻ പൗരന്മാരെ താമസിപ്പിക്കുവാനും ഭക്ഷണ സൗകര്യം ചെയ്തു കൊടുക്കുവാനും കൂടാതെ സൽമാനിയ ഹോസ്‌പിറ്റലിൽ പ്രവേശിക്കപ്പെട്ടിട്ടുള്ള രോഗികൾക്ക് വേണ്ട ചികിത്സാ സഹായം നൽകലും വിവിധ കേസിൽ അകപ്പെട്ടവർക്ക്‌ വേണ്ടി നിയമസഹായവും അങ്ങനെ നിരവധി പ്രവർത്തനങ്ങളിൽ ഇടപെടാൻ ICRF ന് സാധിച്ചിട്ടുണ്ട്.

ബോധവൽക്കരണം പ്രചാരണ പരിപാടികളും, ഗേറ്റ്കീപ്പർ പരിശീലന ശില്പശാല, ഐസിആർഎഫ് ഷോർട്ട് ഫിലിം മത്സരം കൂടാതെ ബഹ്റൈനിലെ താമസക്കാരനായ ഇന്ത്യക്കാർക്കുവേണ്ടി ഐസിആർഎഫ് – LIFE (കേൾക്കുക,പങ്കെടുക്കുക,പങ്കുവെക്കുക) തുടങ്ങിയവ വളരെ വിജയകരമായി ICRF ന് കീഴിൽ തുടർന്ന് വരുന്നു.

ഐ.സി.ആർ.എഫിന്റെ പ്രധാന ചെലവ് കുടുംബക്ഷേമ ഫണ്ടാണ്. മരണപ്പെടുന്ന ഇന്ത്യൻ തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുന്നു. (പ്രതിമാസം 100 ദിനാറിൽ താഴെവരുമാനമുള്ളവർ ) മരണപ്പെട്ട തൊഴിലാളിയുടെ അടുത്ത ബന്ധുവിന് 100,000 രൂപ നൽകി വരുന്നുണ്ട്.

2009 ൽ ആരംഭിച്ച കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഐ.സി.ആർ.എഫ് ഫാമിലി വെൽഫെയർ ഫണ്ട് ഇന്ത്യയിൽ 500 ദാരിദ്ര കുടുംബങ്ങൾക്ക് സഹായം നൽകി. ഏകദേശം 5 കോടി രൂപ (ബി.ഡി 300,000), നേരിട്ട് മരണപ്പെട്ട തൊഴിലാളികളുടെ ബന്ധുക്കളുടെ ബാങ്ക് അക്കൌണ്ടിലേക്ക് വിതരണം ചെയ്തു.


ഈ മെഗാ പരിപാടിയുടെ സുഗമമായ പ്രവർത്തനത്തിന്, ജനറൽ കൺവീനർ ആയി മിസിസ് റോസലിൻ റോയ് ചാർളിയെയും ജോയിന്റ് കൺവീനർ ആയി ശ്രീ അനീഷിനെയും  തെരെഞ്ഞെടുത്തതായി ഭാരവാഹികൾ അറിയിച്ചു. ഇവരുടെ നേതൃത്വത്തിൽ സജീവ സംഘാടക സമിതി രൂപീകരിച്ചു.

സമിതിയും ചുമതലകളും

നിഷ രംഗരാജൻ – കൺവീനർ, ഇന്ത്യൻ ഹെരിട്ടേജ് കാർണിവൽ
ബാലപാല സുബ്രഹ്മണ്യൻ- സ്പോൺസർഷിപ്പ്  കമ്മിറ്റി ചെയർമാൻ
നിതിൻ ജേക്കബ്- രെജിസ്ട്രേഷൻ വിങ്
സുനിൽ കുമാർ- പെയിന്റിംഗ് മെറ്റീരിയൽ വിങ്
മുരളി കൃഷ്ണൻ- ട്രോഫി ആൻഡ് അവാർഡ്
സുധീർ തിരുനിലത്ത്- ഹാൾ /ഇവന്റ്
നാസർ –  വോളണ്ടിയേഴ്സ് ക്യാപ്റ്റൻ
സുബൈർ- ഫുഡ്‌  ഇൻചാർജ്
ജോൺ ഫിലിപ്പ്- മെഡിക്കൽ
പങ്കജ് നല്ലൂർ- മീഡിയ ആൻഡ് പബ്ലിസിറ്റി

ഐ സി ആർ എഫ് ചെയർമാൻ അരുൾ ദാസ് വൈസ് ചെയർമാൻ Dr.ബാബു രാമചന്ദൻ, ജനറൽ സെക്രട്ടറി മെഹ്തു വാസുവാല എന്നിവർ നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക് ഐസിആർഎഫ് ചെയർമാൻ അരുൾ തോമസ്- 39863008, ശ്രീ. റോസലിൻ റോയ്- 39290346, ജനറൽ കൺവീനർ – ഐസിആർഎഫ് സ്പെക്ട്ര 2018, ശ്രീ നിഷ രംഗരാജൻ 39617094,

ഇന്ത്യൻ പൈതൃക-സാംസ്കാരിക പരിപാടികൾക്കുള്ള സ്റ്റാൾ ബുക്കിംഗിനായി കെ.ടി സലിം-33750999 എന്നിവരെ ബന്ധപ്പെടാം.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!