fbpx

Type to search

Bahrain Featured Local

‘സമത്വം ഭിന്ന ശേഷിക്കാർക്കും’; തണലിൻറെ മക്കൾ ബഹ്‌റൈനിലെത്തും, അന്താരാഷ്‌ട്ര സെമിനാറും നാടകവും ജനുവരി 8 മുതൽ

മനാമ: ഭിന്ന ശേഷിയുള്ള കുരുന്നുകളുടെ മാനസികവും ശാരീരികവുമായ പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി ‘തണൽ ബഹ്‌റൈൻ ചാപ്റ്റർ’ സംഘടിപ്പിക്കുന്ന ‘സമത്വം ഭിന്ന ശേഷിക്കാർക്കും’ എന്ന അന്താരാഷ്‌ട്ര സെമിനാറും, ഭിന്ന ശേഷിയുള്ള കുട്ടികളും മാതാപിതാക്കളും അദ്ധ്യാപകരും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘ചിരിയിലേക്കുള്ള ദൂരം’ എന്ന സാമൂഹ്യ ബോധവത്കരണ നാടകവും 2019 ജനുവരി 8 മുതൽ 13 വരെ ബഹറൈനിൽ നടക്കുമെന്ന് ഭാരവാഹികൾ വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിൽ അറിയിച്ചു. ‘ലോക ഭിന്നശേഷി’ ദിനത്തോടനുബന്ധിച്ചാണ് സമൂഹത്തിൽ തുല്യ പങ്കാളിത്തം ഉറപ്പു വരുത്തേണ്ട കുരുന്നുകളുമായി തണൽ സാമൂഹിക അവബോധത്തിന്റെ പുതിയൊരു ദൃശ്യാവിഷ്കാരത്തിനായി പവിഴതുരുത്തിൽ സാക്ഷ്യം വഹിക്കുന്നത്.

ചോയ്സ് അഡ്വർടൈസിങ് & പബ്ലിസിറ്റിയുമായി ചേർന്ന് ലുലു ഹൈപ്പർ മാർക്കറ്റിന്റെ സഹകരണത്തോടെയാണ് ഇന്ത്യൻ സ്‌കൂൾ, ബഹ്‌റൈൻ മൊബിലിറ്റി ഇന്റർനാഷണൽ, ബഹ്റൈൻ കേരളീയ സമാജം എന്നിവരെ സഹപ്രായോജകരാക്കി ‘തണൽ’ പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യൻ സ്കൂൾ, ബഹ്‌റൈൻ കേരളീയ സമാജം, ലുലു ഓഡിറ്റോറിയം, ബഹ്‌റൈൻ സാംസ്കാരിക കേന്ദ്രം തുടങ്ങിയവ പരിപാടികൾക്ക് വേദികളാവും.

നിലവിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി കണ്ണൂർ, കോഴിക്കോട്, എടച്ചേരി, വടകര എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ആറോളം സ്കൂളുകളിലായി ഏകദേശം 700ലധികം കുട്ടികളാണ് തണലിൻറെ കീഴിലുള്ളത്. ഇവരെ വിവിധ ചികിത്സാരീതികളിലൂടെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരുവാനുള്ള കഠിന പ്രയത്നത്തിൻറെ ഭാഗമായാണ് തണൽ പുതു ദൗത്യവുമായി മുന്നോട്ടു നീങ്ങുന്നത്. അതിന്റെ ഭാഗമായി രാജ്യാന്തര നിലവാരത്തിലുള്ള റിസർച്ച് ആന്റ്റീഹാബിലിറ്റേഷൻ സ്കൂൾ ക്യാംപസിനായുള്ള പ്രവർത്തനങ്ങൾ സജജമായിക്കഴിഞ്ഞു . നിലവിലുള്ള സ്ഥാപനങ്ങളിൽ എഴുന്നൂറിലധികം കുട്ടികൾ ജീവിക്കാനുള്ള സ്വാഭാവിക പരിശീലനം നേടിക്കൊണ്ടിരിക്കുകയാണ്‌.

09-01-2019 ബുധനാഴ്ച്ച രാവിലെ 10:30 മുതൽ 01:00 മണിവരെ ഇസാടൗൺ ഇന്ത്യൻ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന “സമത്വം ഭിന്നശേഷിക്കാർക്കും” എന്ന സെമിനാറിൽ പ്രശസ്ത വ്യക്തിത്വങ്ങളായ ഡോ. അന്ന ക്ലമന്റ് (Researcher and advocate for disability rights from Kalamazoo, Michigan, USA), അഭിഭാഷക സ്‌മിത നിസാർ, റിട്ടയേർഡ് ജഡ്ജിമാർ, പത്രപ്രവർത്തകർ, സാംസ്കാരിക നായകന്മാർ, വിദ്യാർത്ഥികൾ, അധ്യാപകന്മാർ എന്നിവർ ഇത് സംബന്ധിച്ച് വിഷയങ്ങൾ അവതരിപ്പിക്കും.

ജനുവരി 10 വ്യാഴാഴ്ച്ച ബഹ്‌റൈൻ കേരളീയ സമാജത്തിൽ ‘ചിരിയിലേക്കുള്ള ദൂരം’ എന്ന സോഷ്യൽ ഡ്രാമ അരങ്ങേറും. തുടർ ദിവസങ്ങളിൽ ലുലു ഓഡിറ്റോറിയം, ബഹ്‌റൈൻ സാസ്കാരികകേന്ദ്രം എന്നിവിടങ്ങളിലായി പരിപാടികൾ അവതരിക്കപ്പെടും. ഇന്ത്യക്ക് പുറത്ത് ആദ്യമായി അവതരിപ്പിക്കപ്പെടുന്ന പരിപാടി ഇംഗ്ളീഷ്, മലയാളം ഭാഷകളിലാണ് അവതരിപ്പിക്കുന്നത്.

തണൽ ചെയർമാൻ ഡോ. ഇദ്രീസ്, ദീപു തൃക്കോട്ടൂർ, സോമൻ ബേബി, ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, സെക്രട്ടറി എം പി രഘു, റസാക്ക് മൂഴിക്കൽ, ജയഫർ മൈദാനി, യു കെ ബാലൻ, റഷീദ് മാഹി, റഫീക്ക് അബ്ദുല്ല, ഡോ. ജോർജ് മാത്യു, അബ്ദുൽ മജീദ് തെരുവത്ത്, ആർ. പവിത്രൻ. കെ ആർ ചന്ദ്രൻ, എ പി ഫൈസൽ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു. മുജീബ് മാഹി, ലത്തീഫ് ആയഞ്ചേരി, ശ്രീജിത്ത് കണ്ണൂർ, ജമാൽ കുറ്റിക്കാട്ടിൽ, ഫൈസൽ പാട്ടാണ്ടി, ഇബ്രാഹിം ഹസ്സൻ പുറക്കാട്ടിരി, ഇബ്രാഹിം വില്ല്യാപ്പള്ളി, അലി കോമത്ത്, പി ടി ഹുസൈൻ, സത്യൻ പേരാമ്പ്ര എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!