ന്യൂഡല്‍ഹി: ബി.ജെ.പിയില്‍ ചേര്‍ന്ന് മണിക്കൂറുകള്‍ക്കകം അംഗത്വം രാജിവെച്ച് മുന്‍ ബ്ലാസ്റ്റേഴ്സ് താരം മെഹ്താബ് ഹുസൈന്. ആരാധകരില്‍ നിന്നും കുടുംബത്തില്‍ നിന്നും ബിജെപി പ്രവേശനത്തിനെതിരെ അതിശക്തമായ വിയോജിപ്പ് നേരിടേണ്ടി വന്നതിന് പിന്നാലെയാണ് മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം കൂടിയായ മെഹ്താബ് പാര്‍ട്ടി വിട്ടത്.
ചൊവ്വാഴ്ച ബിജെപി പശ്ചിമ ബംഗാള്‍ അദ്ധ്യക്ഷന്‍ ദിലീപ് ഘോഷില്‍ നിന്നും മെഹ്താബ് പാര്‍ട്ടി അംഗത്വമേറ്റെടുത്. ജനങ്ങളോടൊപ്പം നില്‍ക്കണം എന്ന തീരുമാനത്തിലാണ് താന്‍ രാഷ്ട്രീയത്തില്‍ ചേരാന്‍ തീരുമാനിച്ചതെന്നായിരുന്നു അംഗത്വമെടുത്തതിന് പിന്നാലെ മെഹ്താബ് പറഞ്ഞത്. എന്നാല്‍ 24 മണിക്കൂര്‍ തികയും മുന്‍പ് താരം അംഗത്വം രാജിവെച്ചു.
ബിജെപിയില്‍ ചേര്‍ന്ന തന്റെ നടപടിക്കെതിരെ വലിയ തോതിലുള്ള വിമര്‍ശനമാണ് ഉയര്‍ന്നത്. ആരും നിര്‍ബന്ധിച്ചിട്ടല്ല താന്‍ പാര്‍ട്ടി വിടുന്നത്. ഭാര്യയും മക്കളും പോലും തന്റെ തീരുമാനത്തോടൊപ്പം നിന്നില്ല, ഇക്കാരണത്തിലാണ് പാര്‍ട്ടി വിടുന്നത്. ഇനി എനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ല. മെഹ്താബ് രാജിക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ഈസ്റ്റ് ബംഗാള്‍ നായകനായിരുന്ന മെഹ്താബ് മോഹന്‍ ബഗാന്, ഒഎന്‍ജിസി, ജംഷഡ്പൂര്‍ എഫ്സി എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടിയും കേരളത്തിന്റെ ബ്ലാസ്റ്റേഴ്സിന് വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്. ഇന്ത്യക്ക് വേണ്ടി 31 മത്സരങ്ങള്‍ കളിച്ച താരം രണ്ട് ഗോളുകളും രാജ്യത്തിന് വേണ്ടി നേടിയിട്ടുണ്ട്.