bahrainvartha-official-logo
Search
Close this search box.

ബാബരി വിധി ഇന്ത്യന്‍ നിയമ വ്യവസ്ഥയുടെ തകര്‍ച്ചയെ അടയാളപ്പെടുത്തുന്നു; സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍

swa

മനാമ: ഭരണഘടന സംരക്ഷകരാവേണ്ട കോടതികള്‍ ഭരണകൂട താല്‍പര്യങ്ങളുടെ ആജ്ഞാനുവര്‍ത്തികള്‍ ആകുന്നത് രാജ്യത്തെ നിയമ വ്യവസ്ഥയുടെ തകര്‍ച്ചയെ അടയാളപ്പെടുത്തുന്നുവെന്ന് സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍. ബാബരി മസ്ജിദ് തകര്‍ത്ത ഗൂഢാലോചന കേസില്‍ എല്ലാ പ്രതികളേയും വെറുതെ വിട്ട കോടതി വിധി അത്തരമൊരു സൂചനയാണ് നല്‍കുന്നത്. ആള്‍ക്കൂട്ടത്തെ ഉപയോഗിച്ച് കുറ്റകൃത്യം ചെയ്യുക എന്ന സംഘ്പരിവാര്‍ ആസൂത്രണത്തിന്റെ മൂര്‍ത്ത പദ്ധതിയായിരുന്നു ബാബരി മസ്ജിദിനെ തകര്‍ത്തതിലൂടെ സംഭവിച്ചത്. ആ നെറികേടിന് കയ്യൊപ്പ് ചാര്‍ത്തി വംശീയ രാഷ്ട്രത്തിന്റെ ലക്ഷണ പൂര്‍ത്തികരണമാണ് കോടതി വിധികളിലൂടെ സ്ഥാപിക്കപ്പെടുന്നതെന്നും എസ്ഡബ്ല്യുഎ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

നീതിയെ തൂക്കി കൊല്ലുന്ന വിധിയാണിത്. 2019 നവംബര്‍ 19ലെ സുപ്രീം കോടതി വിധിയില്‍ മസ്ജിദ് തകര്‍ത്തത് നിയമ വ്യവസ്ഥക്കെതിരായ ക്രിമിനല്‍ കുറ്റമാണ്, ക്ഷേത്രം തകര്‍ത്താണ് പള്ളി പണിതത് എന്നതിന് യാതൊരു തെളിവുമില്ല എന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ചതാണ്. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട 1947ലെ സ്റ്റാറ്റസ്‌കോ നിലനിര്‍ത്തുന്നതിന് പകരം അതിനെ തകര്‍ക്കുന്ന നിലപാടാണ് സംഘപരിവാര്‍ സ്വീകരിച്ചു പോകുന്നത്. ഇതിലൂടെ ഇന്ത്യ എന്ന ആശയത്തെയാണ് അവര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. ബാബരി മസ്ജിദിന്റെ തകര്‍ച്ചക്ക് കരണമായവര്‍ ശിക്ഷിക്കപ്പെടുകയും മസ്ജിദ് തകര്‍ത്തിടത്ത് പുനര്‍ നിര്‍മ്മിക്കുകയും ചെയ്യുമ്പോള്‍ മാത്രമാണ് നീതിയുണ്ടാകുക. എസ്ഡബ്ല്യുഎ ചൂണ്ടിക്കാണിച്ചു.

രാജ്യത്തെ മത നിരപേക്ഷതയിലും ജനാധിപത്യത്തിലും സാംസ്‌കാരിക ഫെഡറലിസത്തിലും വൈവിധ്യത്തിലും വിശ്വസിക്കുന്നവര്‍ ഒരുമിച്ച് അണിചേരുന്നതിലൂടെ മാത്രമേ ഫാഷിസത്തിനെതിരെ മതേതര ഇന്ത്യയെ തിരിച്ചു പിടിക്കാന്‍ കഴിയുകയുള്ളു. അനീതി വിധിക്കുന്ന നീതി പീഠങ്ങളെ തിരിച്ചു പിടിക്കാനും സ്വാതന്ത്ര്യ സമര സേനാനികള്‍ സ്വപ്നം കണ്ട രാഷ്ട്രത്തിനായി ഒരുമിച്ചു ഒറ്റകെട്ടായി മുന്നേറുന്നതിലൂടെയും മാത്രമാണിത് സാധ്യമാവുകയെന്നും സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബദറുദ്ദീന്‍ പൂവാറും ജനറല്‍ സെക്രെട്ടറി മുഹമ്മദ് ഏരിയാടും പ്രസ്താവനയില്‍ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!