bahrainvartha-official-logo
Search
Close this search box.

ഇന്ത്യൻ സ്‌കൂൾ രക്ഷിതാക്കളെയും സാമൂഹ്യപ്രവർത്തകരെയും കള്ളക്കേസുകളിൽ കുടുക്കി ജയിലിലടക്കാനുള്ള ഭരണസമിതിയുടെ ശ്രമങ്ങളെ ശക്തമായി ചെറുക്കും: യു പി പി

upp

മനാമ: അധ്യാപകരുടെ ശമ്പള കുടിശിക ഉടനെ കൊടുത്തു തീർക്കാനും കോവിഡ് പ്രതിസന്ധി മൂലം ഫീസടക്കാൻ കഴിയാത്ത കുട്ടികളെ സഹായിക്കാനും അത്തരം കുട്ടികളെ ഓൺലൈൻ ക്ലാസ്സുകളിൽ നിന്നും ഒഴിവാക്കിയതിനെതിരെ പ്രതികരിച്ചതിനും പ്രതികാരമായി യു പി പി യുടെ മുൻ നിരയിലുള്ള രക്ഷിതാക്കളെയും മറ്റു സാമൂഹ്യപ്രവർത്തകരെയും കള്ള കേസുകൾ നൽകി ജയിലടക്കുവാൻ ഇന്ത്യൻ സ്‌കൂൾ ഭരണസമിതി ശ്രമിക്കുകയാണെന്ന് ആരോപണം.

ഫീസ് ആനുകൂല്യങ്ങൾ നൽകുന്നതിലെ ക്രമക്കേടുകൾ പുറത്തുപറയുന്നതിലുള്ള അമർഷം കൂടിയാണ് ഭരണസമിതി കാണിക്കുന്നത്. സ്‌കൂളിന്റെ എല്ലാ പ്രശ്നങ്ങൾക്കും കാരണം ഫീസടക്കുവാൻ പ്രയാസപ്പെടുന്ന രക്ഷിതാക്കളിലും മുൻ ഭരണസമിതികളിലും ചുമത്തി ചരിത്രം മാപ്പ് തരാത്ത രീതികളാണ് ഭരണസമിതി ചെയ്തു വരുന്നത്. കളങ്കരഹിതരെന്നു പറഞ്ഞു വിശ്വാസവഞ്ചന കാണിക്കുന്നവരുടെ യഥാർത്ഥ മുഖം പൊതു സമൂഹം അറിയും എന്നുള്ളതിനാലുള്ള ഭയവും തിരഞ്ഞെടുപ്പിനെ നേരാവണ്ണം നേരിടാനുള്ള ഭയവുമാണ് ഇപ്പോൾ യു പി പി നേതാക്കൾക്കെതിരെയുള്ള നീക്കമെന്നും യുണൈറ്റഡ് പാരൻ്റ്സ് പാനൽ (യു പി പി) പറഞ്ഞു.

ഇത്തരം ഓലപ്പാമ്പുകാണിചാൽ പേടിച്ചോടുന്നവരല്ല യു പി പി എന്ന കൂട്ടായ്മയും അതിന്റെ ഭാരവാഹികളും. ഇന്ത്യൻ സ്‌കൂളുമായി വർഷങ്ങളുടെ ബന്ധവും സേവന ചരിത്രവും സാമൂഹ്യ പ്രതിബദ്ധതയുള്ള രക്ഷിതാക്കളാണ് യു പി പി യുടേത്. അല്ലാതെ കുട്ടികളെ മറ്റു സ്‌കൂളുകളിൽ പഠിപ്പിക്കുകയും തിരഞ്ഞെടുപ്പിന് മാത്രമായി ഇന്ത്യൻ സ്‌കൂൾ ചേർത്തുകയും ചെയ്യുന്ന കപട സ്‌കൂൾ സ്നേഹികളല്ല ഞങ്ങൾ എന്നും ഭാരവാഹികൾ പറഞ്ഞു.

കഴിഞ്ഞ നാല് മാസങ്ങളായി അധ്യാപകരടക്കമുള്ള ജീവനക്കാരുടെ നിശ്ചിത ശതമാനം ശമ്പളം തടഞ്ഞുവെച്ചിരിക്കുന്നതിന് ഒരു ന്യായീകരണവും ഇല്ലെന്നും എത്രയും വേഗം മുഴുവനായും കൊടുത്തുതീർക്കണമെന്നും യു പി പി ആവശ്യപ്പെട്ടു. ഈ ആവശ്യവുമായി ബന്ധപ്പെട്ട് മന്ത്രാലയത്തിനും യു പി പി പരാതി ബോധിപ്പിച്ചിട്ടുണ്ട്.

നിയമപ്രകാരമുള്ള ഭരണസമിതിയുടെ കാലാവധി തീരുവാൻ ഇനി ദിവസങ്ങളെ ബാക്കിയുള്ളൂ എന്നതിനാൽ ജീവനക്കാരുടെ വേതനമടക്കം കൊടുത്തുതീർക്കാനുള്ള മുഴുവൻ ബാധ്യതകളും ഉടനെ കൊടുത്തു തീർക്കണം. യു പി പിയുടെ പരാതിക്കു ശേഷം ഒരു മാസത്തെ കുടിശിക മാത്രം കൊടുത്ത് നല്ല പിള്ള ചമയുവാൻ ശ്രമിക്കുകയാണ് ഭരണസമിതി. സ്‌കൂളിലെ ജീവനക്കാരിൽ നിരവധി പേർ രക്ഷിതാക്കൾ കൂടിയാണ്. കുട്ടികളെ പഠിപ്പിക്കാനുള്ള സാഹചര്യങ്ങൾക്കും പുറമെ അധ്യാപകരായ ജീവനക്കാർക്ക് ഇന്റർനെറ്റും കംപ്യുട്ടറും അടക്കമുള്ള സൗകര്യങ്ങൾ ഉണ്ടാക്കേണ്ടതുണ്ട്. ജോലിയില്ലാതെയും സ്ഥാപനങ്ങൾ നഷ്ടപ്പെടും പ്രയാസം അനുഭവിക്കുന്ന പല രക്ഷിതാക്കളുടെയും ഭാര്യമാർ ഇന്ത്യൻ സ്‌കൂളിൽ അധ്യാപികമാരായുണ്ട്. വളരെ പ്രയാസം അനുഭവിക്കുന്ന അത്തരം അധ്യാപകരെ പോലും പരിഗണിക്കാതെയാണ് സ്‌കൂൾ അധികൃതർ ശമ്പളം പിടിച്ചുവെച്ചിരിക്കുന്നത്. മറ്റു പല സ്‌കൂളുകളും അധ്യാപകർക്കു പല തരത്തിലും പ്രോത്സാഹനങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന സമയത്താണ് ഇന്ത്യൻ സ്‌കൂളിൽ ഇത്തരം വിവേചനം നേരിടേണ്ടിവരുന്നത് എന്നത് അത്യന്തം പ്രതിഷേധാർഹവും അനുവദനീയമല്ലാത്തതുമാണ്.

ഇത്തരത്തിൽ അധ്യാപകരുടെ ശമ്പളം പോലും കൊടുക്കുവാൻ നിവൃത്തിയില്ലെന്നു കള്ളം പറയുന്ന ഭരണസമിതിയാണ് രക്ഷിതാക്കൾക്കെതിരെ കള്ള കേസുകൾ കൊടുക്കാൻ പാവപെട്ട രക്ഷിതാക്കൾ അടക്കുന്ന സ്‌കൂൾ ഫീസ് ഉപയോഗിക്കുന്നത്. ഇത് സമൂഹം തിരിച്ചറിയണം. രക്ഷിതാക്കൾ ഫീസടക്കുന്നത് കമ്മിറ്റിക്കാർ ചെയ്യുന്ന ക്രമക്കേടുകൾ പുറത്തു കൊണ്ടുവരുന്നവരെ ജയിലിലടക്കുവാനും നാട് കടത്തുവാനുമുള്ള ലൈസൻസല്ല. എല്ലാം തിരിച്ചറിയാൻ കഴിവുള്ളവരാണ് രക്ഷിതാക്കളും പൊതു സമൂഹവും. ഭരണസമിതിയുടെ ഭാഗമായി സ്‌കൂളിൽ നിന്ന് വലിയ തരത്തിൽ നേട്ടങ്ങൾ കൊയ്യുന്ന ചിലർക്കൊഴികെ മുഴുവൻ രക്ഷിതാക്കൾക്കും ഇത് മനസ്സിലാവും.
ഇന്ത്യൻ സ്‌കൂൾ ചെയർമാനും സെക്രട്ടറിയും അഭിനവ ചെയർമാനും രക്ഷിതാക്കളല്ലാത്ത സ്‌കൂളിന്റെ ചില ഗുണഭോക്താക്കളും കൂടി ചേർന്നാണ് ഇത്തരം നടപടികൾക്ക് പിന്നിലെന്ന് മനസ്സിലാവുന്നുണ്ട്. ഇതേ നാണയത്തിൽ തന്നെ തിരിച്ചടി കൊടുക്കുവാനും ഒരുങ്ങുകയാണ് യു പി പി. സ്‌കൂളിൽ ഒരു കുട്ടിയെ പോലും ഓൺലൈൻ ക്ളാസുകളിൽ നിന്നും മാറ്റിനിർത്തിയിട്ടില്ല എന്ന് പരസ്യമായി കള്ളം പറയുന്ന അഭിനവ ചെയർമാൻമാർ ഉള്ള ഒരു ഭരണസമിതിയിൽ നിന്നും ഒരു നീതിയും പ്രതീക്ഷിക്കുന്നില്ലെങ്കിലും ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്ന സ്‌കൂൾ ഫണ്ടെങ്കിലും ഉപകാരപ്പെടുത്തി ഏതാനും പാവപെട്ട കുട്ടികൾക്ക് പഠിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കാൻ തയ്യാറാവണം. അല്ലെങ്കിൽ കഷ്ടപ്പെടുന്ന ഒരു ജീവനക്കാരുടെയെങ്കിലും ശമ്പളം നേരാംവിധം നല്കാൻ ഉപയോഗിക്കണം എന്നും യു പി പി ആവശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!