bahrainvartha-official-logo
Search
Close this search box.

സ്ത്രീ സമൂഹം തിരിച്ചറിവ് നേടി ശക്തരാകണം: ജമീല ഇബ്രാഹീം

FRIENDS SOCIAL

മനാമ: സ്ത്രീ സമൂഹം സ്വയം തിരിച്ചറിവ് നേടി ശക്തരാകണമെന്ന് ഫ്രന്‍റ്സ് സോഷ്യല്‍ അസോസിയേഷന്‍ വനിതാ വിഭാഗം പ്രസിഡന്‍റ് ജമീല ഇബ്രാഹിം ഉണര്‍ത്തി. വനിതാ ദിനത്തോടനുബന്ധിച്ച് ഇറക്കിയ പത്രക്കുറിപ്പിലാണ് സ്ത്രീ സമൂഹത്തെ ശാക്തീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധയൂന്നണമെന്ന് അവര്‍ വ്യക്തമാക്കിയത്.  അവസരങ്ങള്‍ക്കായി കാത്തു നില്‍ക്കുന്നതിന് പകരം എല്ലാ മേഖലകളിലേക്കും കടന്നു ചെല്ലാന്‍ സ്ത്രീകള്‍ കരുത്ത് കാണിക്കേണ്ടതുണ്ട്. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് ഉറക്കെ സംസാരിക്കുന്ന ലോക ഘടനയാണിന്ന്. എന്നാല്‍ പോലും അവര്‍ക്ക് നിര്‍ണയിക്കപ്പെട്ടതും അവകാശമുള്ളതുമായ മേഖലയിലേക്ക് എത്തിപ്പെടാന്‍ കഴിയുന്നുണ്ടോയെന്ന ചോദ്യവും പ്രസക്തമാണ്.

വനിതാ ദിനം കേവലം അവരെ ഓര്‍ക്കാന്‍ വേണ്ടിയുള്ള ഒരു ദിനമായിട്ടല്ല ആചരിക്കേണ്ടത്. മറിച്ച്, മാറ്റങ്ങളുടെ ചാലക ശക്തികളായി സ്വയം ഉയരാനും വളരാനുമുള്ള പ്രതിജ്ഞയെടുക്കാന്‍ സാധിക്കണം. ലോകം പകച്ചുപോയ കോവിഡ് 19 മഹാമാരി കാലത്ത് നേതൃത്വ പാടവമുള്ളവരും കാര്യവീക്ഷണമുള്ള ഒട്ടനവധി വനിതാ നേതാക്കള്‍ നടത്തിയ കഠിന പരിശ്രമങ്ങള്‍ ലോക ശ്രദ്ധയാകാര്‍ഷിച്ചു. എന്നാല്‍ നമ്മുടെ രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ ഓരോ ദിവസവും വര്‍ധിച്ചുകൊണ്ടിരിക്കുന്നത് ആശങ്കയുണര്‍ത്തുന്നതാണ്.

സംരക്ഷകരാവേണ്ടവര്‍ തന്നെ പ്രതികളാവുകയും ശിക്ഷകളില്‍ നിന്നും രക്ഷപ്പെടുകയും ചെയ്യുന്നു. ശിക്ഷ നടപ്പാക്കുന്നതിലെ കാലതാമസവും, നിയമങ്ങളിലെ പഴുതുകളും ഇളവുകളും അക്രമങ്ങളുടെ നിരക്ക് ക്രമാതീതമായി വര്‍ധിപ്പിക്കുന്നു.ആത്മ പ്രതിരോധത്തിന്‍്റെ കവചം തീര്‍ത്ത് ആത്മാഭി മാനത്തോടെ മുന്നോട്ട് പോകാന്‍ സ്ത്രീകള്‍ക്ക് സാധിക്കണം. ശാരീരികവും മാനസികവുമായ  ശാക്തീകരണം സാധ്യമാക്കാനും തൊഴിലിടങ്ങളിലെ അസമത്വം ഇല്ലാതാക്കാനും, വിവേചനങ്ങളും അക്രമങ്ങളും അവസാനിപ്പിക്കാനും കൂട്ടായ പോരാട്ടം അനിവാര്യമാണ്.

വീട്ടിലായാലും, പൊതുസമൂഹത്തിലായാലും പെണ്‍കുട്ടികളും, സ്ത്രീകളും ബഹുമാനവും ആദരവും അര്‍ഹിക്കുന്നവരുമാണ്. മേല്‍ക്കോയ്മയല്ല, തുല്യതയും നീതിയും അവകാശമാണെന്നത് സ്ത്രീകള്‍ തന്നെ തിരിച്ചറിയേണ്ടതാണ്. സ്ത്രീ സംരക്ഷണ നിയമങ്ങള്‍ കേവലം  വാഗ്ദാനങ്ങളായി ചുരുങ്ങാതിരിക്കട്ടെ എന്ന പ്രതീക്ഷയോടെ എല്ലാവര്‍ക്കും വനിതാ ദിനാശംസകളും അവര്‍ നേര്‍ന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!