മനാമ: സല്‍മാനിയ ഹോസ്പിറ്റല്‍ കേന്ദ്രീകരിച്ച് നൂറു കണക്കിന് രോഗികള്‍ക്ക് പരിചരണം നല്‍കിയും സഹായങ്ങള്‍ എത്തിച്ചുകൊടുത്തും നിരവധി രോഗികളെ പുതു ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ സേവന രംഗത്തെ മഹത് വ്യക്തിത്വം ചന്ദ്രന്‍ തിക്കോടിക്ക് ഐ.സി.എഫ് ബഹ്‌റൈന്‍ കമ്മറ്റി ഹൃദ്യമായ യാത്രയയപ്പ് നല്‍കി.
പാകിസ്ഥാന്‍ ക്ലബില്‍ നടന്ന ഐ.സി.എഫ് പ്രതിനിധി സമ്മേളനത്തില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി അദ്ദേഹത്തിന് മെമെന്റോ നല്‍കി ആദരിച്ചു. സാമൂഹിക പ്രവര്‍ത്തനം ഔദാര്യമല്ലെന്നും മറിച്ച് മനുഷ്യന്റെ ബാധ്യതയാണെന്നും തിരിച്ചറിഞ്ഞുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ചന്ദ്രന്‍ തിക്കോടിയില്‍ നിന്ന് ഉണ്ടായിട്ടുള്ളത്. ആഴ്ചയിലൊരിക്കലെങ്കിലും ഹോസ്പിറ്റല്‍ സന്ദര്‍ശനം നടത്തി രോഗികള്‍ക്ക് വേണ്ട കാര്യങ്ങള്‍ നിര്‍വ്വഹിച്ചു കൊടുക്കണമെന്നും ഇത് ഒരു ഉത്തരവാദിത്തമായി കാണണമെന്നും മറുപടി പ്രസംഗത്തില്‍ അദ്ദേഹം സൂചിപ്പിച്ചു. ഐ.സി.എഫ് ഗള്‍ഫ് കൗണ്‍സില്‍ സെക്രട്ടറി അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, നാഷണല്‍ നേതാക്കളായ എം.സി. അബ്ദുല്‍ കരീം, ഉസ്മാന്‍ സഖാഫി, അബൂബക്കര്‍ ലത്വീഫി, മുസ്ഥഫ ഹാജി കണ്ണപുരം, സാമൂഹ്യ പ്രവർത്തകൻ അഷ്‌കർ പൂഴിത്തല തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.