ടോക്കിയോ: ജപ്പാനിൽ കനത്ത നാശം വിതച്ച് ഹജിബിസ് ചുഴലിക്കാറ്റ്. ശക്തമായ കാറ്റിലും മണ്ണിടിച്ചിലിലും നിരവധി വീടുകൾ തകരുകയും രണ്ടു പേർ മരിക്കുകയും ചെയ്തു. നിരവധിപേരെ കാണാതായിട്ടുണ്ട്. മണിക്കൂറിൽ 225 കിലോമീറ്റർ വേഗതയിലാണ് 7 മണിയോടെ ടോക്കിയോ നഗരത്തിന് വടക്ക് പടിഞ്ഞാറുള്ള ഇസു പെൻസുലയിൽ ഹജിബിസ് ആദ്യം വീശിയടിച്ചത്. കനത്ത മഴയെയും കാറ്റിനെയും തുടർന്ന് 2,70,000 വീടുകൾ ഭാഗീകമായി തകർന്നു. വ്യാപകമായി വൈദ്യുതി ബന്ധം തകരാറിലായിട്ടുണ്ട്. കൊടുങ്കാറ്റ് മുന്നറിയിപ്പിനെത്തുടർന്ന് ജപ്പാനിൽ നടത്താനിരുന്ന റഗ്ബി ലോകകപ്പ് മത്സരങ്ങളും ഫോർമുല വൺ മത്സരങ്ങളും റദ്ദാക്കിയിരുന്നു. അറുപതു വർഷത്തിനിടെയിലെ ഏറ്റവും കനത്ത ചുഴലിക്കാറ്റിനെയാണ് ജപ്പാൻ ഇപ്പോൾ നേരിടുന്നത്.