റിയാദ്: ഇറാൻ ഉയർത്തുന്ന കടുത്ത ഭീഷണിയുടെ പശ്ചാത്തലത്തിൽ പ്രതിരോധ മേഖലയിലെ സഹകരണം ശക്തമാക്കുന്നതിനായി സൗദിയിലേക്ക് കൂടുതല്‍ അമേരിക്കന്‍ സൈനികരും ആയുധങ്ങളും എത്തുന്നു. 3000 സൈനികരും പാട്രിയറ്റ് മിസൈല്‍ സംവിധാനങ്ങളും താഡ് ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനവും വ്യോമ നിരീക്ഷണ വിഭാഗവും ഉള്‍പ്പെടെയുള്ള വന്‍ സന്നാഹമാണ് സൗദിയിലേക്ക് എത്തുന്നത്. സൗദിയിലെ എണ്ണ വ്യവസായ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തെത്തുടർന്നാണ് കൂടുതൽ അമേരിക്കൻ സൈനികരെയും ആയുധങ്ങളും സൗദിയിലേക്ക് അമേരിക്ക വിന്യസിക്കുന്നത്. സൗദിയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ ബന്ധമാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. ആഗോള സുരക്ഷയും സമാധാനവും ഉറപ്പുവരുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ പുതിയ നീക്കം. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും നിര്‍ദേശമനുസരിച്ചാണ് അമേരിക്കന്‍ സൈനിക സന്നാഹങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതെന്ന് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.