തിരുവനന്തപുരം: ഐ സി എഫ് ഗൾഫ് ഘടകത്തിൻ്റെ സഹായത്തോടെ എസ് വൈ എസ് സംസ്ഥാന കമ്മിറ്റി തിരുവനന്തപുരത്ത് നിര്‍മ്മിച്ച എസ് വൈ എസ് സാന്ത്വന കേന്ദ്രം ഒക്ടോബര്‍ 25ന് (വെള്ളി) കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. വഴുതക്കാട് ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തും.
റീജ്യണല്‍ കാന്‍സര്‍ സെന്ററിലും ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലുമെത്തുന്ന രോഗികള്‍ക്ക് തണലിടമാകും സാന്ത്വന കേന്ദ്രം. 300 രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും താമസ, ഭക്ഷണ സൗകര്യങ്ങള്‍ നല്‍കും. നാല് നിലകളിലായി 25,000 സ്‌ക്വയര്‍ ഫീറ്റ് വിശാലതയുണ്ട് സാന്ത്വന കേന്ദ്രത്തിന്. പത്തു കോടി രൂപ ചിലവിലാണ് സാന്ത്വന കേന്ദ്രത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.
സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആർ സി സിയിൽ ചികിത്സക്കായെത്തുന്ന നൂറുകണക്കിനാളുകളുടെ ദുരിതം മനസ്സിലാക്കിയാണ് ഐ സി എഫ് ഈ സംരംഭത്തിനു പിന്തുണയുമായി രംഗത്തു വന്നത്.
ഉദ്ഘാടന ചടങ്ങില്‍ സാന്ത്വനം സോഫ്റ്റ് വെയര്‍ ലോഞ്ചിംഗ് പ്രതിപക്ഷ നേതാവ് ശ്രീ. രമേശ് ചെന്നിത്തലയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പരിശീലനം ലഭിച്ച സാന്ത്വനം വളണ്ടിയേഴ്‌സിന്റെ സമര്‍പ്പണം റവന്യുവകുപ്പ് മന്ത്രി ശ്രീ. ഇ ചന്ദ്രശേഖരനും നിര്‍വഹിക്കും. പുതിയ ആയിരം വീടുകള്‍ നിര്‍മ്മിക്കുന്ന ദാറുല്‍ഖൈര്‍ ഭവന പദ്ധതിയുടെ ലോഞ്ചിംഗ് വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി ശ്രീ. ഇ പി ജയരാജന്‍ ചടങ്ങില്‍ നിര്‍വഹിക്കും.
കേരളത്തിലെ സേവന സാന്ത്വന കാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘമാണ് എസ് വൈ എസ് സാന്ത്വനം. സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ച് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യ ഭക്ഷണം, മരുന്ന്, വളണ്ടിയര്‍ സേവനങ്ങള്‍ എന്നിവ സാന്ത്വനത്തിന് കീഴില്‍ നല്‍കുന്നുണ്ട്. പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്ന ദാറുല്‍ഖൈര്‍ ഭവന പദ്ധതിയില്‍ ഇതിനകം 1400 വീടുകള്‍ നിര്‍മ്മിച്ചു നല്‍കി. 25000 സന്നദ്ധ പ്രവര്‍ത്തകര്‍ സാന്ത്വനത്തിന് കീഴില്‍ സേവനം ചെയ്യുന്നുണ്ട്. യൂനിറ്റുകള്‍ കേന്ദ്രീകരിച്ച് മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കുന്ന സാന്ത്വന കേന്ദ്രങ്ങള്‍, കിടപ്പിലായ രോഗികളെ വീടുകളിലെത്തി പരിചരിക്കുന്ന സാമൂഹിക പാലിയേറ്റീവ് കെയര്‍, പാവപ്പെട്ടവര്‍ക്ക് മരുന്ന് ലഭ്യമാക്കുന്ന മെഡിക്കല്‍ കാര്‍ഡുകള്‍, കുടിവെള്ള പദ്ധതി തുടങ്ങിയ പദ്ധതി സാന്ത്വനത്തിന് കീഴില്‍ നിലവില്‍ നടന്നുവരുന്നുണ്ട്. കഴിഞ്ഞ രണ്ടു പ്രളയകാലത്തും സാന്ത്വനം വളണ്ടിയര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായിരുന്നു. സംസ്ഥാനത്തെ എസ് വൈ എസ് സാന്ത്വന പ്രവര്‍ത്തനങ്ങളുടെ ആസ്ഥാന മന്ദിരം കൂടിയാണ് തിരുവനന്തപുരത്തെ സാന്ത്വനം സെന്റര്‍. എസ് വൈ എസിൻ്റെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയുള്ള പ്രവർത്തനമാണ് ഐ സി എഫ് നിർവഹിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിലുണ്ടായ പ്രളയത്തിൽ ദുരിതാശ്വാസ പുനരധിവാസ പ്രവർത്തനങ്ങളിലേക്ക് ഐ സി എഫ് ഒന്നരക്കോടി രൂപയാണ് സമാഹരിച്ചു നൽകിയത്.
വെള്ളിയാഴ്ച തിരുവനന്തത്ത് നടക്കുന്ന ചടങ്ങില്‍ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, വി എസ് ശിവകുമാര്‍ എം എല്‍ എ, ഒ രാജഗോപാല്‍ എം എല്‍ എ, എ യൂനുസ് കുഞ്ഞ്, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, സി മുഹമ്മദ് ഫൈസി, സയ്യിദ് ത്വാഹാ സഖാഫി, ഐ സി എഫ് ഗൾഫ് കൗൺസിൽ പ്രസിഡൻ്റ് സയ്യിദ് അബ്ദുര്‍റഹ്മാന്‍ ആറ്റക്കോയ തങ്ങള്‍, ജനറൽ സെക്രട്ടറി അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, തുടങ്ങിയവരും വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഐ സി എഫ് പ്രതിനിധികളും സംബന്ധിക്കും.
ചടങ്ങിനോടനുബന്ധിച്ച് നവംബർ ഒന്നിന ഗൾഫ് രാജ്യങ്ങളിൽ സാന്ത്വന സംഗമങ്ങൾ നടത്തും. പദ്ധതിയുടെ വിശദാംശങ്ങളും കാൻസർ ബോധവത്കരണ സന്ദേശവും ഉൾക്കൊള്ളിച്ചുകൊണ്ടാകും നാഷണൽ, സെൻ ട്രൽ തലങ്ങളിൽ പരിപാടി നടക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു.