കെ‌സി‌എ – സയാനി മോട്ടോഴ്‌സ് ഇന്റർനാഷണൽ വോളിബോൾ ടൂർണമെന്റിൽ ‘ബ്ലൂ സീ ഇന്റർനാഷണൽ കെ‌സി‌എ’ ക്ക് കിരീടം

മനാമ: കെ‌സി‌എ – സയാനി മോട്ടോഴ്‌സ് ഇന്റർനാഷണൽ വോളിബോൾ ടൂർണമെന്റിൽ ‘ബ്ലൂ സീ ഇന്റർനാഷണൽ കെ‌സി‌എ’ ക്ക് കിരീടം. ഒക്ടോബർ 25 ന് കെ‌സി‌എ മൈതാനത്ത് നടന്ന അവസാന മത്സരത്തിൽ അൽ റീഫ് പാൻ ഏഷ്യയെ 25-13, 25-23, 28-26 എന്നീ സ്കോറുകൾക്ക് പരാജയപ്പെടുത്തിയാണ് ബ്ലു സീ കെസിഎ ചാമ്പ്യൻഷിപ്പ് നേടിയത്.

ടൂർണമെന്റിന്റെ ആവേശകരമായ ഫൈനലിൽ ശക്തരായ ഇരു ടീമുകളും വാശിയേറിയ മത്സരമായിരുന്നു കാഴ്ചവച്ചത്. പരിസരവും ഗാലറിയും മുഴുവൻ തിങ്ങിനിറഞ്ഞ കാണികളെ ആവേശഭരിതമായ മൂന്നാം സെറ്റിൽ മുൾമുനയിൽ നിർത്തി ഇഞ്ചോടിഞ്ച് പോരാട്ടത്തിലൂടെയായിരുന്നു ബ്ലു സീ കിരീടം ഉറപ്പിച്ചത്. അടുത്ത കാലത്തായ് പ്രവർത്തനമാരംഭിച്ച ഉമ്മുൽ ഹസത്തെ ‘അൽ റീഫ് പാൻ ഏഷ്യ റെസ്‌റ്റോറന്റ് ‘ ന് കീഴിൽ അണിനിരന്ന റണ്ണർ അപ് ടീമിന്റെ പ്രകടനം ടൂർണമെന്റിൽ അദ്ഭുതവും ആവേശവും ഏറ്റുവാങ്ങിയിരുന്നു.

ഇന്ത്യൻ വോളിബോൾ ടീമിലെ നിലവിലുള്ളതും മുൻ അംഗങ്ങളും ബഹ്റൈൻ അടക്കമുള്ള ജിസിസി രാജ്യങ്ങളിലെ ദേശീയ താരങ്ങളും ഉൾപ്പടെ നിരവധി അന്താരാഷ്ട്ര പ്രതിഭകൾ ഇത്തവണ വിവിധ ടീമുകൾക്കായി കളത്തിലിറങ്ങിയിരുന്നു.

ഫൈനലിന് തൊട്ടുപിന്നാലെ വിജയികൾക്കും റണ്ണർഅപ്പിനുമുള്ള ട്രോഫികളും ക്യാഷ് അവാർഡുകളും വിതരണം ചെയ്തു. ചടങ്ങിൽ അർജുന അവാർഡ് ജേതാവും മുൻ ഇന്ത്യൻ വോളിബോൾ ടീം ക്യാപ്റ്റനുമായ ടോം ജോസഫ് വിശിഷ്ടാതിഥിയായിരുന്നു.

ചടങ്ങിൽ അടുത്തിടെ അന്തരിച്ച വോളിബോൾ പ്രേമിയും മുൻ സംഘാടകാംഗവുമായ മോഹനൻ കോലിയാടന്റെ കുടുംബത്തിനായി സമാഹരിച്ച സംഭാവനകൾ ബാബു കുഞ്ഞിരാമൻ, രാജീവ് വെള്ളിക്കോത്ത് എന്നിവർക്ക് കൈമാറി.