മനാമ: ഒട്ടേറെ ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കുകയും അംഗീകാരങ്ങൾ ലഭിക്കുകയും ചെയ്ത ബഹ്റൈൻ പ്രവാസികളുടെ ഹ്രസ്വചിത്രം ‘കൊതിയൻ’ യൂട്യൂബിൽ റിലീസ് ചെയ്തു. ബഹ്‌റൈനിലെ സിനിമാ സൗഹൃദ കൂട്ടായ്മയായ ‘ടീം സിനി മോങ്ക്‌സ്’ അണിയിച്ചൊരുക്കിയ നാല്പത് മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചവരിൽ ഭൂരിഭാഗവും ബഹ്‌റൈൻ പ്രവാസികളായിരുന്നു. ബഹ്‌റൈൻ പ്രവാസിയും ആനിമേറ്ററുമായ അരുൺ പോൾ എഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ പ്രധാന ആകർഷണം പത്തോളം പ്രവാസി മലയാളി കുട്ടികളുടെ ഗംഭീര പ്രകടനങ്ങൾ തന്നെയാണ്.
കുട്ടികളുടെ സൗഹൃദങ്ങളുടെ രസച്ചരടുകൾ കോർത്തിണക്കി കഥ പറയുന്ന ഈ സിനിമ ചെന്നെത്തുന്നത് കാലിക പ്രസക്തമായ വിഷയത്തിലേക്കാണെന്നതാണ് ശ്രദ്ധേയം. യൂട്യൂബിൽ ഇതിനോടകം തന്നെ മികച്ച പ്രതികരണങ്ങളാണ് കൊതിയൻ നേടുന്നത്. അരുൺ പോൾ തന്നെയാണ് ചിത്രത്തിന്റെ ക്യാമറയും എഡിറ്റിങ്ങും നിർവഹിക്കുന്നത്.
സംഗീതം ഡോ.അർജുൻ ജി കൃഷ്ണ, വരികൾ ഉഷ ഗോപാൽ, പശ്ചാത്തല സംഗീതം ഷിബിൻ പി സിദ്ദിക്ക്, ബിജു രാജൻ, പ്രജോദ് കൃഷ്ണ, അനന്ത കൃഷ്ണൻ, ഹന്ന, അഭിഷേക്, നോയൽ, നിവേദിത തുടങ്ങി പത്തോളം കുട്ടികൾക്കൊപ്പം ബഹ്‌റൈനിലെ അറിയപ്പെടുന്ന അഭിനേതാക്കളായ സൗമ്യ കൃഷ്ണപ്രസാദ്, മനോജ് മോഹൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. കോൺവെക്‌സ് മീഡിയ ബഹ്‌റൈന്റെ സഹകരണത്തോടെ പൂർത്തീകരിച്ച ചിത്രത്തിന്റെ സഹ നിർമ്മാണം ബിജു ജോസഫ്, ഗോപൻ ടി ജി എന്നിവരാണ്.
ചിത്രം കാണാം: