‘സോളിലോക്വി’: ബഹ്റൈൻ പ്രവാസി എഴുത്തുകാരി ഷെമിലി പി ജോണി​ന്റെ കവിതാ പ്രകാശനം നവംബർ ഒമ്പതിന്​ ഷാർജ പുസ്തകോത്സവത്തിൽ

മനാമ: ബഹ്റൈൻ പ്രവാസി എഴുത്തുകാരിയും അധ്യാപികയുമായ ഷെമിലി പി.ജോണി​ന്റെ ഇംഗ്ലീഷ്​ കവിതാ സമാഹാരമായ ‘സോളിലോക്വി’യുടെ പ്രകാശനം നവംബർ ഒമ്പതിന് വൈകുന്നേരം 4.30 ന്​​ ഷാർജ അന്താരാഷ്ട്ര പുസ്തക വേദിയുടെ റൈറ്റേഴ്​സ്​ ഫോറത്തിൽ നടക്കും. ലോകമെമ്പാടുമുള്ള സാഹിത്യ പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ മാധ്യമ പ്രവർത്തകൻ​​ എം.സി.എ നാസറാണ്​ പ്രകാശന കർമം നിർവഹിക്കുന്നത്​. ടാഗോർ പീസ്​ അവാർഡ്​ ജേതാവും അറബ്​ കവിയുമായ ഡോ.ഷിഹാബ്​ ഗാനം പുസ്​തകം ഏറ്റുവാങ്ങും. പ്രകാശന ചടങ്ങിൽ ഡോ.പി.കെ. പോക്കർ മുഖ്യാതിഥിയായിരിക്കും. പുസ്​തക പരിചയം പ്രമുഖ പരിഭാഷകൻ സോണി നിർവഹിക്കും. പരിപാടിയുടെ സംഘാടകനും പരിഭാഷകനുമായ വെളളിയോടൻ സംസാരിക്കുന്നതായിരിക്കും.

യൂനിവേഴ്​സിറ്റി കോളജ്​ ഓഫ്​ ബഹ്​റൈനിൽ ഹ്യൂമാനിറ്റി ഡിപ്പാർട്ടുമെൻറ്​ മേധാവിയാണ്​ ഷെമിലി. ഇന്ത്യൻ സ്​കൂൾ ബഹ്​റൈ​ന്റെ മുൻ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മനുഷ്യ ജീവിതങ്ങളുടെ വികാരാവിഷ്കാരങ്ങളിലൂടെ ആത്മ ഭാഷണങ്ങളായാണ്​ ഷെമിലിയുടെ കവിതകൾ വായനക്കാർക്ക് അനുഭൂതി സമ്മാനിക്കുന്നത്​.