ഇന്ത്യൻ സ്‌കൂൾ ബഹ്റൈൻ, ഗേൾസ് ടീമിന് ബാസ്കറ്റ്ബോൾ കിരീടം

മനാമ: സിബിഎസ്ഇ ബഹ്‌റൈൻ ക്ലസ്റ്റർ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ ഇന്ത്യൻ സ്‌കൂൾ പെൺകുട്ടികളുടെ ടീമിന് ഉജ്വല വിജയം. ഇക്കഴിഞ്ഞ ഒക്ടോബർ 29, 30 തീയ്യതികളിൽ ഏഷ്യൻ സ്‌കൂളിൽ നടത്തിയ അണ്ടർ 19 വിഭാഗങ്ങളിലെ മത്സരത്തിലാണ് ഇന്ത്യൻ സ്‌കൂൾ പെൺകുട്ടികൾ മികച്ച വിജയം നേടിയത്. ഫൈനലിൽ ശ്രീജ ഗായത്രിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സ്‌കൂൾ ടീം ന്യൂ മില്ലേനിയം സ്കൂളിനെ പരാജയപ്പെടുത്തി ചാംപ്യൻഷിപ് കരസ്ഥമാക്കുകയായിരുന്നു. ഇന്ത്യൻ സ്കൂൾ പെൺകുട്ടികളുടെ ടീം തുടർച്ചയായി നേടുന്ന നാലാമത്തെ വിജയമാണിത്.

ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രാജേഷ് എം‌എൻ, മുഹമ്മദ് ഖുർഷീദ് ആലം, സജി ജോർജ്, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ  ജേതാക്കളായ ടീം അംഗങ്ങളെയും പരിശീലകരായ വിജയൻ നായരെയും ഭാരതി അരുൺ കുമാറിനെയും കായിക വകുപ്പ് മേധാവി  സൈകത്ത് സർക്കാറിന്റെ നേതൃത്വത്തിലുള്ള  വകുപ്പിലെ മുഴുവൻ അധ്യാപകരെയും അഭിനന്ദിച്ചു.