‘മനോവീര്യം കൊണ്ട് ക്യാൻസറിനെ ചെറുത്ത് തോൽപിച്ച പോരാളി’, ബഹ്റൈൻ പ്രവാസ ലോകത്തിന് നൊമ്പരമായി ലാൽസന്റെ വിയോഗം

SquarePic_20191108_11131277

“ജീവിതം പൊരുതി നേടാൻ ഉള്ളതാണെങ്കിൽ പൊരുതി നേടുക തന്നെ ചെയ്യും… സർവ്വ ശക്തൻ ദൈവത്തിനു നന്ദി, ഒപ്പം എന്നെ സ്നേഹിച്ച, എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി..”

തന്റെ ജീവിതത്തെ ക്യാൻസർ എന്ന മഹാമാരി കാർന്നു തിന്നുകൊണ്ടിരുന്നപ്പോഴും മനക്കരുത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമായി പോരാളിയായി നിലകൊണ്ട ബഹ്റൈൻ പ്രവാസിയായിരുന്ന തൃശൂർ പുള്ള് സ്വദേശി ലാൽസൻ പലപ്പോഴായി സമൂഹമാധ്യമങ്ങളിൽ കുറിച്ച വാക്കുകളാണിവ. ലാൽസൻ ഇനി ഓർമ മാത്രം, നീണ്ട കാലത്തെ ചികിത്സകൾക്കൊടുവിൽ തളർന്ന ശരീരവും തളരാത്ത മനസുമായി ലാൽസൻ മരണത്തിന് കീഴടങ്ങിയിരിക്കുകയാണ്. എറണാകുളം ലേക് ഷോർ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

ബഹ്റൈൻ പ്രവാസ ലോകത്തെ സാമൂഹ്യ ജീവകാരുണ്യ മേഖലകളിലെ നിറസാന്നിധ്യമായിരുന്ന ലാൽസന്റെ വിയോഗം പ്രവാസ ലോകത്തും നൊമ്പരമായി തീരുകയാണ്. രോഗം മൂർച്ഛിച്ച അവസ്ഥയിലും തികഞ്ഞ മനക്കരുത്തോടെ പ്രവാസ ലോകത്തോടും കൂട്ടുകാരോടും സംവദിക്കാൻ ലാൽസൻ മറന്നിരുന്നില്ല. ചികിത്സകൾക്കായി നിറഞ്ഞ പിന്തുണയോടെയും സഹായ മനസോടെയും ബഹ്റൈൻ മലയാളികളും ലാൽസനൊപ്പം നിലകൊണ്ടു. പലപ്പോഴായി ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ ചികിത്സയിലൂടെ നേടാൻ സാധിച്ചത് ലാൽസന്റെ തികഞ്ഞ ആത്മധൈര്യവും നിശ്ചയദാർഢ്യവും ഒന്ന് കൊണ്ട് മാത്രമായിരുന്നു, ഇവ നൽകിയ ശുഭപ്രതീക്ഷകളും ചെറുതല്ലായിരുന്നു.

2 വർഷങ്ങൾക്ക് മുൻപ് വരെ ബഹ്‌റൈനിൽ പൊതു പ്രവർത്തനരംഗത്തും, ജീവകാരുണ്യ മേഖലയിലും സജീവമായിരുന്നു ലാൽസൺ. ഏത്‌ രാത്രിയിലും സ്വന്തം കാര്യം മാറ്റി വെച്ച് മറ്റുള്ളവർക്ക് വേണ്ടി ഇറങ്ങി തിരിച്ച, കലാ-കായിക മേഖലയിൽ നിരവധി പരിപാടികൾക്ക് നേതൃത്വം നൽകിയിരുന്ന വ്യക്തിത്വമായിരുന്നു ലാൽസൺ.

2 വർഷങ്ങൾക്ക് മുമ്പ്‌ അവധി ആഘോഷിക്കാൻ കുടുംബവുമായി നാട്ടിലെത്തിയപ്പോഴായിരുന്നു ലാൽസൺ കഴുത്തിൽ ഉണ്ടായിരുന്ന തടിപ്പ് അർബുദമായിരുന്നു എന്ന് തിരിച്ചറിഞ്ഞത്. എന്നാൽ അത്ഭുതപ്പിക്കുന്ന മനകരുത്തു കൊണ്ട് ഈ യുവാവ് തന്റെ ജീവിതം തിരിച്ചു പിടിക്കുന്ന കാഴ്ച ആയിരുന്നു പിന്നീട് കണ്ടത്. 1 വർഷം തിരുവനന്തപുരം RCCയിലെ ചികിത്സയായിരുന്നു. ഇതിനിടെ 4 മാസങ്ങൾക്ക് ശേഷം 10 ദിവസത്തേക്ക് ജോലിസംബന്ധമായ കാര്യങ്ങൾക്ക് വേണ്ടി ബഹ്‌റൈനിൽ വന്ന ലാൽസൺ “കാൻസർ എന്നാ മാറാരോഗത്തെ എങ്ങനെ നേരിടാം എന്നും, കേരളത്തിൽ കിട്ടാവുന്ന കാൻസർ ചികിത്സയെ കുറിച്ചും” ബഹ്‌റൈനിൽ ഒരു ക്ലാസ്സുമെടുത്തിരുന്നു.

ബഹ്റൈൻ കേരളീയ സമാജത്തിൽ സംഘടിപ്പിച്ച ‘ലാൽസനോടൊപ്പം’ കലാസന്ധ്യയിൽ നിന്നും

പിന്നീട് നാട്ടിലെ ചികിത്സ തുടരുകയും എന്നാൽ ദിവസങ്ങൾ കൊണ്ട് ആരോഗ്യം വളരെ മോശമായ അവസ്ഥ വന്നപ്പോൾ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച കാൻസർരോഗ വിദഗ്ധൻ ഡോ.ഗംഗാധരനെ  സമീപിക്കുകയും, വിവിധ പരിശോധനകൾ നടത്തുകയും ചെയ്തപ്പോൾ ആയിരുന്നു മുൻപ് നടത്തിയ റേഡിയേഷന്റ കാഠിന്യം കൊണ്ട് അന്നനാളം കരിഞ്ഞ യാഥാർഥ്യം തിരിച്ചറിഞ്ഞത്. വായിൽ കൂടി മരുന്ന് കഴിക്കാനോ, വെള്ളം ഇറക്കാനോ കഴിയാത്ത അവസ്ഥയിലാവുകയും കഴിഞ്ഞ ഒരു വർഷമായി മരുന്നും, ലായിനിയായി അരച്ച ആഹാരവും വയറ്റിനുള്ളിൽ കൂടി തുളയിട്ടു കൊടുക്കുകയുമായിരുന്നു പിന്നീട് ചെയ്തത്. പ്രവാസ ലോകത്തേയും സുഹൃത്തുക്കളുടെയും സഹായത്താൽ സർജറികൾക്ക് ശേഷം കഴിഞ്ഞ ജൂലൈയിൽ ലാൽസന് അന്നനാളത്തിലൂടെ വെള്ളമിറക്കാൻ സാധിച്ചത്, ജീവിതത്തിലേക്ക് താൻ തിരിച്ചുവരുമെന്ന പ്രതീക്ഷകൾക്ക് ആക്കം കൂട്ടിയിരുന്നു.

എന്നാൽ മുപ്പതിലധികം റേഡിയേഷനും കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നടന്ന ഒമ്പതോളം സർജറികളും ലാൽസനെ ശാരീരികമായി ക്ഷീണിതനാക്കിയിരുന്നു. അതോടൊപ്പം ഫീഡ് നൽകാൻ ഇട്ടിരുന്ന ട്യൂബ് കഴിഞ്ഞ ദിവസം വയറിനുള്ളിലേക്ക് പോകുകയും വീണ്ടും ലേക് ഷോറിൽ അഡ്മിറ്റ് ആവുകയുമായിരുന്നു. ട്യൂബ് പുറത്തെടുത്ത വാർത്ത ലാൽസൻ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചെങ്കിലും സന്തോഷങ്ങൾക്ക് ആയുസുണ്ടായിരുന്നില്ല, നിശ്ചയദാർഢ്യത്തിന്റെ ക്യാൻസറിനെതിരെയുള്ള ചെറുത്തു നിൽപ്പിന്റെയും പ്രതീകമായ ലാൽസൻ മരണത്തിന് കീഴടങ്ങുകയായിരുന്നു. രോഗത്തിന്റെ വിവിധ അവസ്ഥകൾ തരണം ചെയ്യുമ്പോഴും തികഞ്ഞ ധൈര്യം പകർന്ന് കൂടെ നിന്ന് പരിചരിച്ച ഭാര്യ സ്റ്റെഫി യും രണ്ട് വയസുകാരൻ മകൻ ഇവാനുമടങ്ങുന്നതാണ് ലാൽസന്റെ കുടുംബം. ഭാര്യ 8 മാസം ഗർഭിണിയായിരിക്കെയായിരുന്നു ലാൽസൻ രോഗം തിരിച്ചറിയുന്നത്. ക്യാൻസറിന്റെ തീരാ വേദനകൾക്കിടയിലും ജീവിതത്തിലേക്ക് തിരിച്ച് വരണമെന്ന ഉറച്ച ആത്മവിശ്വാസം ലാൽസന് സമ്മാനിച്ച ലോകം ഇവരുടേത് കൂടിയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!