മനാമ: നമ്മുടെ രാജ്യം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ നെഹ്‌റുവിന്റെ ദീഘവീക്ഷണത്തോടെയുള്ള കാഴ്ചപ്പാടിലേക്ക് മടങ്ങി വരുവാൻ തയാറാകണം എന്ന് ബഹ്‌റൈൻ കേരളീയസമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു. ഒഐസിസി ബഹ്‌റൈൻ ദേശീയകമ്മറ്റി യുടെ ആഭിമുഖ്യത്തിൽ നടത്തിയ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവാഹർലാൽ നെഹ്‌റുവിന്റെ നൂറ്റിമുപ്പത്തിഒന്നാമത് ജന്മദിനാഘോഷം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് വർധിച്ചുകൊണ്ടിരിക്കുന്ന തൊലില്ലായ്മ പരിഹരിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തുക എന്നുള്ളതാണ് ഏറ്റവുംവലിയ കാര്യം. നമ്മുടെ രാജ്യത്ത് ഇന്ന് കാണുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ എല്ലാം തുടങ്ങുവാൻ ആരംഭിക്കാൻ തുടക്കം കുറിച്ചത് നെഹ്‌റുവിന്റെ കാലത്താണ്. ലോകത്തിലെ ഏറ്റവും ശക്തമായ സാമ്പത്തിക അടിത്തറ ഉള്ള രാജ്യമായിരുന്നു ഇന്ത്യ എന്ന് പ്രമുഖ എഴുത്തുകാരനും, വിശ്വപൗരനുമായ ഡോ. ശശി തരൂർ തന്റെ പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്. ആ രാജ്യത്തെ രണ്ടു നൂറ്റാണ്ടു കാലത്തെ കോളനി വാഴ്ചയിലൂടെ തകർത്തുകളഞ്ഞിട്ടാണ് ബ്രിട്ടീഷ്കാർ ഇന്ത്യ വിട്ടത്. ബ്രിട്ടൻ ഇന്ത്യ വിട്ടപ്പോൾ ഒരു പതിറ്റാണ്ട് കാലത്തിൽ കൂടുതൽ ഇന്ത്യ ഉണ്ടാവില്ല എന്നാണ് കരുതിയത്. വ്യവസായ, വാണിജ്യ സ്ഥാപങ്ങൾ ഒന്നും ഇല്ലാതിരുന്ന രാജ്യത്ത്, കൊടും പട്ടിണിയും, ദാരിദ്ര്യവും ആയിരുന്നു നമ്മുടെ മുഖമുദ്ര. ബ്രിട്ടിഷുകാർ ഉപയോഗ ശൂന്യമാക്കിയ കുറെ ആയുധങ്ങളും, നമ്മുടെ രാജ്യത്തെ വിലപിടിപ്പുള്ള സാധനങ്ങൾ കടത്തികൊണ്ടുപോകാൻ ഉപയോഗിച്ച റെയിൽവേ ലൈനും മാത്രമായിരുന്നു ഈ രാജ്യത്ത് അവശേഷിപ്പിച്ചത്. അവിടെ നിന്ന് തുടങ്ങിയ, പുരോഗതിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഏറ്റവും കൂടുതൽ സംഭാവന ചെയ്ത വ്യക്തി ആയിരുന്നു നെഹ്‌റു. ജലസേചനപദ്ധതികൾ, ഡാമുകൾ , വൈദ്യുതി നിലയങ്ങൾ, കാർഷിക പദ്ധതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യപരിപാലന കേന്ദ്രങ്ങൾ തുടങ്ങി എല്ലാത്തിനും അടിത്തറ പാകിയനേതാവ് ആയിരുന്നു പണ്ഡിറ്റ് ജവാഹർലാൽ നെഹ്‌റു. ഈ കാര്യങ്ങൾ പൊതുസമൂഹത്തോട് പറയുവാനും, വരുന്ന തലമുറയെ പഠിപ്പിക്കുവാനും കോൺഗ്രസ്‌കാർ തയാറാകണം എന്നും രാധാകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു.
ഒഐസിസി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണികുളം സ്വാഗതം ആശംസിച്ചു, ഒഐസിസി ഗ്ലോബൽ സെക്രട്ടറി കെ. സി ഫിലിപ്പ് ദേശീയ ജനറൽ സെക്രട്ടറി ബോബി പാറയിൽ, വൈസ് പ്രസിഡന്റ് നാസർ മഞ്ചേരി, സെക്രട്ടറി മാരായ ജവാദ് വക്കം, മാത്യൂസ് വാളക്കുഴി, വനിതാ വിഭാഗം പ്രസിഡന്റ് ഷീജാനടരാജ്, പ്രവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കുഞ്ഞൂട്ടി പൊന്നാട്, ഒഐസിസി നേതാക്കളായ രാഘവൻ കരിച്ചേരി, ജമാൽ കുറ്റികാട്ടിൽ, ജി ശങ്കരപ്പിള്ള, നസിം തൊടിയൂർ, ഷിബു എബ്രഹാം, നിസാർ കുന്നത്ത്കുളത്തിൽ, സുരേഷ് പുണ്ടൂർ, റംഷാദ്, അനിൽകുമാർ, ഷാജി തങ്കച്ചൻ, ഷെരിഫ് ബംഗ്ലാവിൽ എന്നിവർ ആശംസകൾഅർപ്പിച്ചു സംസാരിച്ചു.