മനാമ: കൊയിലാണ്ടി ആസ്ഥാനമായി ഭിന്നശേഷി കുട്ടികൾക്കായി ഉയർന്നുവരുന്ന നെസ്റ്റ് ഇന്റർനാഷണൽ അക്കാദമി ആൻഡ് റിസർച്ച് സെന്റർ (നിയാർക്ക്) ബഹ്റൈൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന “അമ്മക്കൊരുമ്മ” യുടെ പ്രചരണാർത്ഥം നോട്ടീസ് പ്രകാശനം സഗയ റെസ്റ്റോറന്റിൽ നടന്നു. ഓർഗനൈസിങ് സെക്രട്ടറി ഹനീഫ് കടലൂർ, സമീർ മണിയൂർ എന്നിവർ ചേർന്ന് ഭിന്ന ശേഷി കുട്ടികൾക്കായി കുവൈറ്റിലും ഇപ്പോൾ ബഹ്‌റൈനിലും പ്രവർത്തിക്കുന്ന ശോഭ നായർക്ക് ആദ്യ കോപ്പി നൽകി പ്രകാശനം നിർവഹിച്ചു.
നിയാർക്ക് ബഹ്‌റൈൻ ചെയർമാൻ കെ.ടി. സലിം, ജനറൽ സെക്രട്ടറി ടി.പി.നൗഷാദ്, പ്രോഗ്രാം കൺവീനർ കെ.കെ. ഫറൂഖ് മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ മിനി മാത്യുവിന്റെ നേതൃത്വത്തിലുള്ള വനിതാ വിഭാഗം ഉൾപ്പെടയുള്ള നിയാർക്ക് കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.
നവംബർ 22 വെള്ളിയാഴ്ച വൈകീട്ട് 5:30ന് 7 മുതൽ12 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികളെ ജൂനിയർ സീനിയർ വിഭാഗങ്ങളായി തിരിച്ച് മുത്തശ്ശനോ മുത്തശ്ശിക്കോ കത്തെഴുതുന്നു മത്സരവും, തുടർന്ന് 7:30 മുതൽ കുടുംബ ബന്ധങ്ങളുടെ പ്രാധാന്യത്തിലൂന്നിയ “അമ്മക്കൊരുമ്മ” ക്ലാസും നടക്കുമെന്ന് സംഘാടകർ അറിയിച്ചു. മുൻ ഹൈക്കോടതി ജസ്റ്റിസ് ബി. കമാൽ പാഷ ഉത്ഘാടനവും നെസ്റ്റ് കൊയിലാണ്ടി ജനറൽ സെക്രട്ടറി ടി.കെ. യൂനുസ് പ്രഭാഷണവും നടത്തും. ബഹ്‌റൈനിലെ സാമൂഹിക സാംസ്ക്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.
ഏത് പ്രായക്കാർക്കും പ്രയോജനകരമായ “അമ്മക്കൊരുമ്മ” എന്ന ബോധവൽക്കരണ പരിപാടിയിലേക്ക് ബഹ്‌റൈൻ മലയാളി സമൂഹത്തിലെ തല്പരരായ മുഴുവൻ ആളുകളെയും കുടുംബസമേതം ക്ഷണിക്കുന്നതായി ഭാരവവാഹികൾ അറിയിച്ചു.
കത്തെഴുത്ത് മത്സരത്തിൽ വിജയിക്കുന്ന കുട്ടികൾക്ക് ജസ്റ്റിസ് കമാൽ പാഷ സമ്മാനങ്ങളും, പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.