മനാമ: പ്രശസ്ത ഗായകൻ കൊച്ചിൻ ആസാദിന്റെ നിര്യാണത്തിൽ ബഹ്റൈൻ പാട്ടുക്കൂട്ടം അനുശോചനം രേഖപ്പെടുത്തി. ബഹ്റൈൻ സംഗീത ലോകത്തെ മുഴുവൻ ദു:ഖത്തിലാഴ്ത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ വിയോഗം. കൊച്ചിൻ ആസാദിന്റെ ‘റഫി അനുസ്മരണം’ എന്ന പരിപാടി 23 ഡിസം. 2013ൽ സൌത്ത് പാർക്ക് റെസ്റ്റോറന്റിൽ ആദ്യമായി സംഘടിപ്പിച്ചു കൊണ്ടായിരുന്നു ബഹ്റൈൻ പാട്ടുക്കൂട്ടത്തിന്റെ അനൗദ്ദ്യോഗികമായ ആരംഭം. പാട്ടുക്കൂട്ടത്തിന്റെ തന്നെ നേതൃത്വത്തിൽ സമാജം ഹാളിൽ സംഘടിപ്പിച്ച ‘ഓർമ്മകളിൽ ബാബുരാജ്’ എന്ന ബാബുക്കയുടെ പാട്ടുകൾ മാത്രം ഉൾപ്പെട്ട പരിപാടിയിലും അദ്ദേഹം പാടിയിരുന്നു. പാട്ടുക്കൂട്ടത്തിന്റെ സൌഹൃദ കൂട്ടായ്മയിലെ ഒരംഗം കൂടിയായ അദ്ദേഹത്തിനെ കുറിച്ചുള്ള ഓർമ്മകൾ പാട്ടുക്കൂട്ടം അംഗങ്ങളായ എസ് വി ബഷീർ, ജയകുമാർ വർമ്മ, മനോജ് നന്ദനം, അരവിന്ദ് ബാബു, സാലസ് വിൽസൺ, മൊയ്തീൻ, യോഗാനന്ദ്, ദിജീഷ് തുടങ്ങിയവർ പങ്കുവെച്ചു. റഫി ഗാനങ്ങൾ സംഗീതാസ്വാദകർക്ക് സമർപ്പിച്ച് ജീവിച്ചിരുന്നതിനുമപ്പുറം സൗഹൃദങ്ങളെ എന്നും നെഞ്ചോട് ചേർത്ത് ജീവിച്ച മനുഷ്യ സ്നേഹി കൂടിയായിരുന്നു അദ്ദേഹം എന്നും പാട്ടുക്കൂട്ടം ഓർമ്മിച്ചു.