മനാമ : രാജ്യത്തെ തൊഴിലാളികളുടെ മാസ ശമ്പളം ബാങ്ക് അക്കൗണ്ടിലൂടെ കൈമാറ്റം ചെയ്യപ്പെടണമെന്ന നിയമം ഏപ്രിലിൽ പ്രാബല്യത്തിൽ വരും. നിയമം പ്രാബല്യത്തിൽ വരുന്നതോടുകൂടി രാജ്യത്തെ എല്ലാ തൊഴിൽ മേഖലയിലേയും തൊഴിലാളികൾക്ക് ബാങ്ക് അക്കൗണ്ടുകൾ വഴി ശമ്പളം നൽകുക എന്നത് നിർബന്ധമാകും. ബഹ്റൈനിലെ ബാങ്കുകൾ നിയമം നടപ്പിലാക്കുന്നതിനാവശ്യമായ സംവിധാനങ്ങൾ ആരംഭിച്ച് കഴിഞ്ഞു.
രാജ്യത്തെ ബാങ്കുകളുടെ പരിമിതികൾ പരിഹരിക്കുന്നതിനായാണ് നിയമ നടപടി ഏപ്രിലിലേക്ക് നീട്ടിയിരിക്കുന്നത്. രാജ്യത്തെ തൊഴിലാളികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ പ്രധാനം വേതനമില്ലായ്മയാണ്. അത് പരിഹരിക്കുന്നതിനായും യഥാസമയം തൊഴിലാളികൾക്ക് ശമ്പളം ലഭിക്കുന്നുവെന്ന് അധികൃതർക്ക് ഉറപ്പ് വരുത്തുന്നതിനുമായാണ് പുതിയ വ്യവസ്ഥ നിലവിൽ വരുന്നത്.
ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ നേതൃത്വത്തിൽ പ്രവാസികളുടെയും ബഹ്റൈൻ പൗരന്മാരായ തൊഴിലാളികളുടെയും ശമ്പള സുരക്ഷ ഉറപ്പ് വരുത്തുന്നതിനായാണ് പുതിയ വ്യവസ്ഥയ്ക്ക് തുടക്കം കുറിക്കുന്നതെന്ന് തൊഴിൽ മന്ത്രാലയം പ്രതിനിധി ഔസമാഹ് അൽ അബ്സി വ്യക്തമാക്കി. തൊഴിലാളി ചൂഷണം രാജ്യത്ത് നിന്നും നിർമാർജനം ചെയ്യാനും ഇത് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.