‘സമകാലിക സക്കാത്ത് പ്രശ്നങ്ങള്‍’; സിംപോസിയത്തിന് ആഥിത്യം വഹിക്കാനൊരുങ്ങി ബഹറൈന്‍

മനാമ: സമകാലിക സക്കാത്ത് പ്രശ്നങ്ങളുടെ 27-ാമത് സിംപോസിയത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി ബഹറൈന്‍. മിനിസ്റ്റര്‍ ഓഫ് ജസ്റ്റിസ്& ഇസ്ലാമിക് അഫയേഴ്സ് ഷെയ്ഖ് ഖാലിദ് ബിന്‍ അലി ബിന്‍ അബ്ദുള്ള അല്‍ ഖലീഫ രക്ഷാധികാരിയായി ജനുവരി 8 മുതല്‍ 10 വരെയാണ് സിംപോസിയം നടക്കുക.

ജസ്റ്റിസ് മന്ത്രാലയത്തിന്‍റെ സക്കാത്ത് & ചാരിറ്റി ഫണ്ട്, കുവൈത്ത് സക്കാത്ത് ഹൗസുമായി സഹകരിച്ച് നടത്തുന്ന പരിപാടിയില്‍ ഇസ്ലാമിക ലോകത്ത് നിന്നും നിരവധി വിദഗ്ധര്‍ പങ്കെടുക്കും. സക്കാത്തുമായി ബന്ധപ്പെട്ട് ശാസ്ത്രീയവും ശരിയത്തിലൂന്നിയതുമായ ഗവേഷണങ്ങള്‍ വികസിപ്പിക്കുക, സക്കാത്തിനെ കുറിച്ചുള്ള കൂടുതല്‍ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തി ഇസ്ലാമിക ലൈബ്രറികള്‍ ഉണ്ടാക്കുക, സ്ഥാപനങ്ങളുടെ സക്കാത്ത് ഫണ്ടുമായുള്ള സഹകരണത്തിന് കൂടുതല്‍ വഴികള്‍ തുറക്കുക തുടങ്ങിയവയാണ് 27-ാമത് സിംപോസിയത്തിന്‍റെ ലക്ഷ്യങ്ങളെന്ന് മന്ത്രി പറഞ്ഞു.

1994 നും 2005 നും ശേഷം ഇത് മൂന്നാം തവണയാണ് സിംപോസിയത്തിന് ബഹറൈന്‍ വേദിയാകുന്നത്.