മനാമ: ജനുവരി ഒന്ന് മുതൽ മൂന്നു വരെ തിരുവന്തപുരത്തു നടന്ന ലോക കേരളസഭയിൽ സുപ്രധാനമായ പ്രസംഗങ്ങളുമായി ബഹറൈന്‍ പ്രതിനിധികളും. ബഹ്‌റൈൻ പ്രതിഭ നേതാവും പ്രവാസി കമ്മീഷൻ അംഗവും ആയ സുബൈർ കണ്ണൂർ “ലോക കേരള സഭ അനുഭവങ്ങളും പ്രതീക്ഷകളും” എന്നതിൽ വിഷയാവതരണം നടത്തി. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് ശ്രീ രാധാകൃഷ്ണ പിള്ളയും പ്രവാസി വിഷയങ്ങൾ ശ്രദ്ധേയമായി അവതരിപ്പിച്ചു.
ലോക കേരളസഭ എന്ന ആശയം മുന്നോട്ടു വച്ച കേരളം സർക്കാരിനും മുഖ്യമന്ത്രിക്കും മറ്റുള്ള മന്ത്രിമാർക്കുമുള്ള നന്ദിയും കടപ്പാടും പ്രതിനിധികള്‍ രേഖപ്പെടുത്തി. സാഹിത്യ അക്കാദമി പോലെയുള്ള സംഘടനകളുടെ യൂണിറ്റുകൾ വിദേശത്തും ആരംഭിക്കണമെന്നും തൊഴിൽ നഷ്ട്ടപ്പെട്ടു വിദേശത്ത് നിന്നും തിരിച്ചു വരുന്നവർക്ക് വരുമാനം ഉറപ്പാക്കുന്ന പദ്ധതികൾക്ക് സർക്കാർ പ്രാമുഖ്യം നൽകണമെന്നും ശ്രീ രാധാകൃഷ്ണ പിള്ള ആവശ്യപ്പെട്ടു .
പൊതു ജനങ്ങൾക്ക് കൂടി പ്രവേശനം അനുവദിച്ചു കൊണ്ട് രണ്ടു സെമിനാറുകൾ ആണ് ലോക കേരള സഭയുടെ ഭാഗമായി നടന്നത്. ‘ഇന്ത്യൻ ജനാധിപത്യവും കുടിയേറ്റവും’ എന്ന വിഷയത്തിൽ നിയമസഭ അനെക്സിൽ ചേർന്ന സെമിനാറിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഉള്ള പ്രതിനിധികളും, മറ്റു വിദഗ്ദ്ധരും പങ്കെടുത്ത് അഭിപ്രായങ്ങൾ രേഖപ്പെടുത്തി.
”ജനാധിപത്യ ഇന്ത്യയിൽ വലിപ്പത്തിൽ ചെറുതും എന്നാൽ ജന സാന്ദ്രത കൂടിയതും ആയ സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. സംസ്ഥാന ജനസംഖ്യ യുടെ നല്ലൊരു ഭാഗവും പ്രവാസികൾ ഉൾക്കൊള്ളുന്നത് കൂടിയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അധിവസിക്കുന്ന പ്രവാസി സമൂഹം സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് നൽകുന്ന സംഭാവനകൾ അമൂല്യമാണ്.” വിഷയാവതാരകർ ചൂണ്ടിക്കാട്ടി .
ഇവയെ പൂർണമായി കൂട്ടിയോജിപ്പിക്കുവാൻ ലോക കേരള സഭക്ക് കഴിയും എന്നതാണ് ലോക കേരളസഭയുടെ പ്രതീക്ഷ എന്നും വിലയിരുത്തി.2018 ജനുവരിയിൽ നടന്ന ഒന്നാം ലോക കേരള സഭയുടെ തുടർച്ചയായി നടന്ന രണ്ടാം സഭ ഏറെ പ്രതീക്ഷ നൽകുന്നതും ഒന്നാം സഭയുടെ അനുഭവങ്ങളും നിര്‍ദ്ദേങ്ങളും , നടപ്പിൽ വരുത്തിയ കാര്യങ്ങളും ഇതിന്റെ ഭാഗമായി ചർച്ച ചെയ്തു.
ബിജു റോ സ്വാഗതം പറഞ്ഞ സെമിനാറിൽ പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ടി കുഞ്ഞുമുഹമ്മദ് അധ്യക്ഷൻ ആയി. സുബൈർ കണ്ണൂരിനൊപ്പം മുരളി തുമ്മാരുകുടിയും വിഷയാവതരണം നടത്തി. പ്രസിദ്ധ സാഹിത്യകാരനും മുൻ ബഹ്‌റൈൻ പ്രവാസിയും, പ്രവാസി കമ്മീഷൻ അംഗവും ആയ ബെന്യാമിൻ സെമിനാറിന്‍റെ മോഡറേറ്ററായി. വിവിധ രംഗങ്ങളില്‍ കഴിവു തെളിയിച്ച പതിമൂന്നോളം പേർ ചർച്ചയിൽ പങ്കെടുത്തു.
ബഹ്റൈനിൽ നിന്നും സുബൈർ കണ്ണൂരിനെ കൂടാതെ സി വി നാരായണൻ, പി വി രാധാകൃഷ്ണപിള്ള ,കോശി ,ബിജുമലയിൽ, സോമൻ ബേബി, വ്യവസായ പ്രമുഖർ ആയ രവി പിള്ള , വര്ഗീസ് കുര്യൻ എന്നിവരും ലോക കേരള സഭയിൽ പങ്കെടുത്തു.