സോളിലോക്വി: ഷെമിലി പി ജോണിന്‍റെ പുസ്തക പ്രകാശനവും സംഗീത നിശയും ജനുവരി 23ന് ഇന്ത്യൻ ക്ലബ്ബിൽ

മനാമ: യൂണിവേഴ്സിറ്റി കോളേജ് ഓഫ് ബഹ്റൈന്‍ ഹ്യുമാനിറ്റീസ് വിഭാഗം മേധാവിയും ബഹ്റൈനിലെ ഇന്ത്യന്‍ ക്ളബ്ബ് അസോസിയേറ്റ് അംഗവുമായ ഷെമിലി ജോണ്‍ രചിച്ച ‘സോളിലോക്വി’ എന്ന ഇംഗ്ളീഷ് കവിതാ സമാഹാരം പ്രകാശിതമാകുന്നു. പ്രകാശനച്ചടങ്ങ് ജനുവരി 23 വ്യാഴാഴ്ച ഇന്ത്യന്‍ ക്ളബ്ബില്‍ വച്ച് നടക്കും. ബഹ്റൈന്‍ പാര്‍ലമെന്‍റ് അംഗം ഡോ.ഹിശാം അല്‍ ഷീരി ചടങ്ങില്‍ മുഖ്യാതിഥിയാകും.

സാഹിത അക്കാദമി അവാര്‍ഡ് ജേതാവും ചിന്തകനുമായ പ്രൊഫസ്സര്‍ പി.കെ. പോക്കറാണ് മുഖ്യപ്രഭാഷണം നടത്തുക. ബോളിവുഡ് ഗായകരായ രാജേഷ് അയ്യരും പല്ലവി പഥക്കും നയിക്കുന്ന ഗാനമേള പരിപാടിക്ക് വര്‍ണ്ണശോഭ നല്‍കും.

യൂണിവേഴ്സിറ്റി കോളേജ് ഓഫ് ബഹ്റൈന്‍ വൈസ് പ്രസിഡന്‍റ് ഡോ.ജെഫ്രി എലിയട്ട്, മാധ്യമ പ്രവര്‍ത്തകന്‍ സോമന്‍ ബേബി, ബഹ്റൈന്‍ കേരളീയസമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപ്പിള്ള, ഇന്ത്യന്‍ സ്കൂള്‍ മുന്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും.

ഇന്ത്യന്‍ ക്ളബ്ബ് അസോസിയേറ്റ് അംഗമായ ഷെമിലിയുടെ കവിതാസമാഹാരത്തിന്‍റെ പ്രകാശനം ക്ളബ്ബില്‍ വച്ച് നടത്താന്‍ കഴിയുന്നതില്‍ അഭിമാനമുണ്ടെന്ന് ക്ളബ്ബ് പ്രസിഡന്‍റ് സ്റ്റാലിന്‍, സെക്രട്ടറി ജോബ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. റഫീഖ് അബ്ദുള്ള, സേവി മാത്തുണ്ണി, ചന്ദ്രബോസ്, ഷാജി കാര്‍ത്തികേയന്‍, അനില്‍.ഇ.പി, ജ്യോതിഷ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.