ബഹ്റൈനിൽ പൊതു വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കല്‍ ഇനി ഓണ്‍ലൈന്‍ വഴി

മനാമ: പൊതുവാഹനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കുന്നതിനായി ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയതായി ഇന്‍ഫര്‍മേഷന്‍& ഇ-ഗവണ്‍മെന്‍റ് അതോറിറ്റി അറിയിച്ചു. ടാക്സികള്‍, ടൂറിസ്റ്റ് ബസ്സുകള്‍ എന്നിവയ്ക്കാണ് bahrain.bh എന്ന നാഷണല്‍ പോര്‍ട്ടലില്‍ ആരംഭിച്ച സേവനം വഴി രജിസ്ട്രേഷന്‍ പുതുക്കാനാകുക.

ഗതാഗത-വാര്‍ത്താവിനിമയ മന്ത്രാലയവും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കും സഹകരിച്ചാണ് വ്യക്തികള്‍ക്കും കച്ചവട ഉടമകള്‍ക്കും ഒറ്റത്തവണത്തെ ഇടപാട് കൊണ്ട് രജിസ്ട്രേഷന്‍ പുതുക്കല്‍ സാധ്യമാകുന്ന സംവിധാനം രൂപീകരിച്ചത്. ഉപയോക്താക്കളുടെ സമയവും അധ്വാനവും കുറയ്ക്കാന്‍ ഇത് സഹായിക്കും.

എത് തരം വാഹന ഉടമയാണ് എന്നതിനെ അടിസ്ഥാനമാക്കി സേവനത്തിന്‍റെ സ്വഭാവത്തില്‍ വ്യത്യാസമുണ്ടാകും. കച്ചവട ഉടമകള്‍ കൊമേഷ്യല്‍ രജിസ്ട്രേഷന്‍ നമ്പറും അതിന്‍റെ കാലാവധിയും ആദ്യം നല്‍കണം. പിന്നീട് എത് തരം ഉപയോഗത്തിനായി (ടൂറിസ്റ്റ്, വാടക, പബ്ളിക് ട്രാന്‍സ്പോര്‍ട്ടേഷന്‍, കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ക്കായി) ഓടുന്ന വാഹനമാണ് എന്ന് കാണിക്കണം.

വ്യക്തികള്‍ക്ക് അവരുടെ ഇ-കീയ്സ് ഉപയോഗിച്ച് നാഷണല്‍ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് ‘മൈ ട്രാഫിക് റെക്കോര്‍ഡ്സില്‍’ കയറി രജിസ്ട്രേഷന്‍ പുതുക്കാവുന്നതാണ്. ഒന്നിലധികം വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കലും ട്രാഫിക് നിയമലംഘനങ്ങളുടെ പിഴയൊടുക്കലും ഒറ്റത്തവണത്തെ ഇടപാട് കൊണ്ട് ചെയ്യാനാകും.

രാജ്യത്തെ സര്‍ക്കാര്‍ സേവനങ്ങളെ ഡിജിറ്റല്‍ ആക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ സേവനവും കൊണ്ട് വന്നിരിക്കുന്നത്. 24 മണിക്കൂറും മൊബൈല്‍ ഫോണ്‍, പേഴ്സണല്‍ കമ്പ്യൂട്ടര്‍, സെല്‍ഫ് സര്‍വീസ് കിയോസ്കുകള്‍ എന്നിവ വഴി ഈ സേവനങ്ങള്‍ ലഭ്യമാകും.