രാഷ്ട്രരക്ഷക്ക് സൗഹൃദം വിളംബരം ചെയ്ത് ബഹ്റൈനില്‍ എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക തീര്‍ത്തു

ഹിന്ദുത്വമല്ല, വാല്‍മീകിയുടെ ഹൈന്ദവതയാണ് രാജ്യത്ത് നിലനില്‍ക്കേണ്ടത്: ഉസ്താദ് ഓണമ്പിള്ളി

മനാമ: റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ബഹ്റൈനില്‍ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച മനുഷ്യജാലിക ജനപങ്കാളിത്തം കൊണ്ടും സംഘാടക മികവു കൊണ്ടും ശ്രദ്ധേയമായി. രാഷ്ട്ര രക്ഷക്ക് സൗഹൃദം വിളംബരം ചെയ്ത് നടന്ന മനുഷ്യജാലികയില്‍ ജാതി-മത-രാഷ്ട്രീയ ചിന്തകളില്ലാതെ ആയിരക്കണക്കിന് പ്രവാസി മലയാളികളാണ് കണ്ണി ചേര്‍ന്നത്.

രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്‍റെ കരുതല്‍ എന്ന പ്രമേയത്തില്‍ ഇന്ത്യക്കകത്തും പുറത്തും ഗള്‍ഫ് രാഷ്ട്രങ്ങളിലുമായി 100 കേന്ദ്രങ്ങളില്‍ നടന്ന മനുഷ്യജാലിക സംഗമങ്ങളുടെ ഭാഗമായാണ് ബഹ്റൈനിലും മനുഷ്യജാലിക സംഗമം നടന്നത്.

ബഹ്റൈന്‍ കേരളീയ സമാജം ഓഡിറ്റോറിയത്തില്‍ നടന്ന മനുഷ്യജാലിക ഹൈബി ഈഡന്‍ എം.പി ഉദ്ഘാടനം ചെയ്തു. ലോകം കണ്ട സമര പോരാട്ടങ്ങളെല്ലാം നയിച്ചത് യുവ സമൂഹമായിരുന്നെന്നും പൗരത്വ നിയമത്തിനെതിരെ ഇന്ത്യന്‍ യുവത ഏറ്റെടുത്ത സമരത്തില്‍ സോഛാധിപതികളും ധിക്കാരികളും പരാജിതരാകുമെന്നും കക്ഷി രാഷ്ട്രീയമന്യെ എല്ലാവരും വിദ്യാര്‍ത്ഥി പ്രക്ഷോഭം ഏറ്റെടുത്തുവെന്നും അദ്ധേഹം പറഞ്ഞു.

സമസ്ത എറണാകുളം ജില്ലാ ജന.സെക്രട്ടറിയും പ്രമുഖ വാഗ്മിയും ബഹു ഭാഷാ പണ്ഢിതനുമായ ഉസ്താദ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി. “സംഘ്പരിവാര്‍ സ്വപ്നം കാണുന്ന ഹിന്ദുത്വമല്ല, വാല്‍മീകി മഹര്‍ഷി മാനിഷാദയിലൂടെ അവതരിപ്പിച്ച ഹൈന്ദവതയാണ് രാജ്യത്ത് നിലനില്‍ക്കേണ്ടതെന്ന് അദ്ധേഹം പറഞ്ഞു.

സ്നേഹ പ്രകടനങ്ങളിലേര്‍പ്പെട്ട ഇണക്കിളികളിലൊന്നിനെ വേട്ടക്കാരന്‍ അന്പെയ്തു കൊന്നപ്പോള്‍ പെണ്‍കിളിയുടെ വൈധവ്യവും രോദനവും ഉള്‍ക്കൊണ്ട്, വേടന്‍റെ ക്രൂരതക്കെതിരെ മാനിഷാദ പാടി പ്രതികരിച്ചാണ് വാത്മീകി രാമായാണം ആരംഭിച്ചത്. ആ വാത്മീകി ഇന്ന്പുനര്‍ജനിച്ചിരുന്നെങ്കില്‍ അരുത് കാട്ടാളാ.. നിനക്ക് സ്വസ്ഥമില്ലാതെ പോകട്ടെ എന്ന് ആരുടെയെല്ലാം മുഖത്തു നോക്കി പറയേണ്ടി വരുമെന്നും അദ്ധേഹം ചോദിച്ചു.

പുതിയ പൗരത്വനിയമത്തിലൂടെ രാജ്യത്തെ വിഭജിക്കാനും വര്‍ഗീയതയുണ്ടാക്കാനും പരിശ്രമിക്കുന്നവര്‍ ഒടുവില്‍ പരാജിതരാകുമെന്നും ഇന്ത്യാ മഹാരാജ്യത്ത് അത്തരം ശ്രമങ്ങളെല്ലാം ചിതല്‍ പുറ്റുപോലെ തകര്‍ന്നടിയുമെന്നും അദ്ദേഹം പറഞ്ഞു.

മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ഒരു ഭരണഘടനയാണ് ഇന്ത്യയുടെത്. ഇവിടെ ഒരാളും വിഭാഗീയതക്ക് ഇരയാകരുതെന്നാണ് ഭരണഘടന പറയുന്നത്. ഭരണഘടനയുടെ നാലു പ്രയാബിളുകളിലൊന്നായ ഫ്രറ്റേണിറ്റിക്കാണ് ഈ സംഗമമെന്നും ഗാന്ധിജിയുടെയും നെഹ്റുവിന്‍റെയും ആ ഇന്ത്യയെ ഇന്ത്യക്കാര്‍ ഒരുമിച്ച് തിരിച്ചു പിടിക്കണമെന്നും അദ്ധേഹം ആഹ്വാനം ചെയ്തു.

ചടങ്ങില്‍ മുസ്ലിംലീഗ് സംസ്ഥാന ജന.സെക്രട്ടറി കെ.പി.എ മജീദ് മുഖ്യാതിഥിയായിരുന്നു. ഉസ്താദ് അഷ്റഫ് അന്‍വരി ചേലക്കരയുടെ അദ്ധ്യക്ഷത വഹിച്ചു. മനുഷ്യജാലികക്കും പ്രതിജ്ഞക്കും സജീര്‍ പന്തക്കല്‍ നേതൃത്വം നല്‍കി.

ഷഫീഖ് മുസ്ലിയാർ പെരുമ്പിലാവ്, മുഹമ്മദ് ജസീർ നസീർ വാരം, മുഹമ്മദ് മുസ്ലിയാർ, റിഷാൻ, ഫിസാൻ എന്നിവര്‍ ചേര്‍ന്ന് ദേശീയോദ്ഗ്രഥന ഗാനമാലപിച്ചു. വിവിധ പ്രവാസി സംഘടനകളെ പ്രതിനിധീകരിച്ച് ഹബീബു റഹ്‌മാൻ(കെ.എം.സി.സി), സുബൈര്‍ കണ്ണൂര്‍(പ്രതിഭ ബഹ്റൈന്‍), ബിനു കുന്നന്താനം(കോണ്‍ഗ്രസ്), ചന്ദ്രബോസ്‌ (ശ്രീ നാരായണ സോഷ്യല്‍ സൊസൈറ്റി), ഫ്രാൻസിസ്‌ കൈതാരത്ത് (സീറോ മലബാര്‍ സൊസൈറ്റി), പ്രിൻസ്‌ നടരാജൻ, റഫീഖ്‌ അബ്ദുല്ല, ജാഫർ മൈതാനി, കെ.ടി സലീം എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

സമസ്ത ബഹ്റൈന്‍ ആക്ടിങ് പ്രസിഡന്‍റ് ഉസ്താദ് മുഹമ്മദ് മുസ്ലിയാര്‍ എടവണ്ണപ്പാറ പ്രാര്‍ത്ഥനക്കും ഹാഫിള് ശറഫുദ്ധീന്‍ മൗലവി ഖിറാഅത്തിനും നേതൃത്വം നല്‍കി. എസ്.എം. അബ്ദുല്‍ വാഹിദ്, മജീദ് ചോലക്കോട്, നവാസ് കുണ്ടറ എന്നിവര്‍ ഉപഹാര സമര്‍പ്പണം നടത്തി.

ഇന്ത്യന്‍ ദേശീയ പതാകയുടെ നിറങ്ങളില്‍ സജ്ജീകരിച്ച വേദിയും എസ്.കെ.എസ്.എസ്.എഫ് വിഖായ പ്രവര്‍ത്തകരുടെ സാന്നിധ്യവും ചടങ്ങ് വര്‍ണാഭമാക്കി. അബ്ദുല്‍ മജീദ് ചോലക്കോട് സ്വാഗതവും നവാസ് നിട്ടൂര്‍ നന്ദിയും പറഞ്ഞു. സമസ്ത ബഹ്റൈന്‍ കേന്ദ്ര-ഏരിയാ നേതാക്കളും വിവിധ പോഷക സംഘടനാ പ്രതിനിധികളും ചടങ്ങില്‍ സംബന്ധിച്ചു.