മനാമ: ബഹ്‌റൈൻ ഒഐസിസി യൂത്ത്‌വിങ് ആറാമത് വാർഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച യുവ 2020 ആഘോഷം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ആഘോഷ ചടങ്ങുകൾ എറണാകുളം എം.പി ഹൈബി ഈഡൻ ഉദ്‌ഘാടനം ചെയ്തു. ഒഐസിസി യൂത്ത് വിങ് പ്രസിഡന്റ് ഇബ്രാഹിം അദ്ഹം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ യൂത്ത്‌വിങ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമീം സ്വാഗതം ആശംസിച്ചു.
ജീവ കാരുണ്യ പ്രവർത്തന രംഗത്ത് ഒഐസിസി യൂത്ത് വിങ് നടത്തി കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ശ്രീ ഹൈബി ഈഡൻ എം.പി അഭിപ്രായപ്പെട്ടു. നമ്മുടെ രാജ്യം ഒരു വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നു പോവുന്നതെന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജ്യത്ത് ഉണ്ടാക്കിയെടുത്ത മതേതര ജനാധിപത്യ മൂല്ല്യങ്ങളെ പിച്ചിചീന്തുവാനുമാണ് ബിജെപി സർക്കാർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. വ്യത്യസ്ത മതങ്ങളിലും ജാതികളിലും വിശ്വസിക്കുന്ന വ്യത്യസ്ത വേഷം ധരിക്കുന്ന വിവിധങ്ങളായ ഭാഷകൾ സംസാരിക്കുന്ന ജനങ്ങൾ അധിവസിക്കുന്ന ഇന്ത്യയുടെ സൗന്ദര്യം എന്നത് അതിന്റെ വൈവിധ്യവും വിശാലമായ കാഴ്ചപ്പാടുമാണ്. വികസനത്തെ കുറിച്ചോ രാജ്യത്തിൻറെ പുരോഗതിയെ കുറിച്ചോ സംസാരിക്കുവാൻ രാജ്യം ഭരിക്കുന്ന സർക്കാരിന് കഴിയുന്നില്ല.ഒരു മനസ്സോടെ കഴിഞ്ഞിരുന്ന രാജ്യത്തെ ജനങ്ങൾക്കിടയിൽ രണ്ടു തരം പൗരന്മാരെ സൃഷ്ടിക്കുവാനും രാജ്യത്തിന്റെ അഭിമാനമായ മതേതര ജനാധിപത്യ മൂല്യങ്ങളെ തകർക്കുവാനും ശ്രമിക്കുന്ന ബിജെപി സർക്കാരിനെതിരെ പാർലമെന്റിന് അകത്തും പുറത്തും ജനങ്ങളോടൊപ്പം നിന്ന് ശക്തമായി പ്രതിരോധിക്കുവാൻ കോൺഗ്രസ് പ്രസ്ഥാനം മുന്നിലുണ്ടാവുമെന്നും ഹൈബി ഈഡൻ പറഞ്ഞു.
ചടങ്ങിൽ മികച്ച സാമൂഹ്യ പ്രവർത്തകന് ഒഐസിസി യൂത്ത് വിങ് ഏർപ്പെടുത്തിയ സോഷ്യൽ സർവ്വീസ് എക്സലൻസ് അവാർഡ് സാമൂഹ്യ പ്രവർത്തകൻ സലാം മമ്പാട്ടുമൂല ഏറ്റു വാങ്ങി. നാൽപ്പത് വർഷത്തെ പ്രവാസ ജീവിതം പൂർത്തിയാക്കിയ മൂസഹാജി, മുതിർന്ന ഒഐസിസി ഭാരവാഹി ഉണ്ണിപ്പിള്ള എന്നിവരെയും ചടങ്ങിൽ ആദരിച്ചു. തുടർന്ന് കൈരളി പട്ടുറുമാൽ വിന്നർ ഷമീർ ചാവക്കാട് നയിച്ച ഗാനമേളയും അരങ്ങേറി.ഒഐസിസി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, ഒഐസിസിദേശീയ ജനറൽ സെക്രട്ടറിമാരായ ബോബി പാറയിൽ, ഗഫൂർ ഉണ്ണിക്കുളം, ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണ പിള്ള, ഒഐസിസി യൂത്ത് വിങ് പ്രസിഡന്റ് സുനിൽ ചെറിയാൻ, പ്രോഗ്രാം കൺവീനർമാരായ സൽമാനുൽ ഫാരിസ്, നിസാർ കുന്നംകുളത്തിങ്ങൽ തുടങ്ങിയവർ സംസാരിച്ചു. പ്രോഗ്രാം ജനറൽ കൺവീനർ ബിനു പാലത്തിങ്ങൽ നന്ദി പറഞ്ഞു.