ഫെബ്രുവരി ഏഴിന് വെള്ളിയാഴ്ച വൈകീട്ട് ഏഴരക്ക് ഏഷ്യന്‍ സ്‌കൂള്‍ ഗ്രൗണ്ടിലാണ് സംഗീത നിശ
മനാമ: ശ്രുതി മധുര ഈണങ്ങളുമായി ബഹ്‌റൈനില്‍ ഗോപി സുന്ദര്‍ ലൈവ് സംഗീത നിശ ഒരുക്കുന്നു. ഫെബ്രുവരി ഏഴിന് വെള്ളിയാഴ്ച വൈകീട്ട് ഏഴരക്ക് ഏഷ്യന്‍ സ്‌കൂള്‍ ഗ്രൗണ്ടിലാണ് സംഗീത നിശ. തെന്നിന്ത്യന്‍ സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ നേതൃത്വത്തില്‍ പ്രശസ്ത ഗായകരായ ഹരിചരണ്‍, സിതാര, ജ്യോത്സന, നജീം അര്‍ഷാദ്, നിരഞ്ജ സുരേഷ്, അഭയ ഹിരണ്‍മയി, മഖ്ബൂല്‍ മന്‍സൂര്‍, ക്രിസ്റ്റകല, കാവ്യ അജിത്, റാല്‍ഫിന്‍ സ്റ്റീഫന്‍ എന്നിവരാണ് ലൈവ് സംഗീത സന്ധ്യയൊരുക്കുക.
വീഡിയോ:
https://www.facebook.com/RAMIPRODUCTION/videos/634430113986477/
റാമി പ്രൊഡക്ഷന്‍ മിഡില്‍ ഈസ്റ്റാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബഹ്‌റൈനില്‍ ആദ്യമായാണ് ഗോപി സുന്ദറിന്റെ നേതൃത്വത്തില്‍ ഇത്രയും വലിയ ലൈവ് സംഗീത സന്ധ്യ അരങ്ങേറുന്നതെന്ന് പ്രോഗ്രാം ഡയരക്ടര്‍ റഹീം ആതവനാട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒട്ടനവധി മലയാള ചലച്ചിത്രങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വ്വഹിച്ച ഗോപി സുന്ദര്‍ പ്രമുഖരായ നിരവധി സംഗീതസംവിധായകര്‍ക്ക് വേണ്ടി പ്രോഗ്രാമറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഗായകന്‍, ഗാന രചയിതാവ്, അഭിനേതാവ് എന്നീ നിലകളിലും കഴിവു തെളിയിച്ച ഗോപി ടെലിവിഷന്‍ പരസ്യങ്ങള്‍ക്ക് സംഗീതം നിര്‍വഹിച്ചാണ് ചലച്ചിത്ര സംഗീത സംവിധാന മേഖലയിലേക്കു കടന്നുവന്നത്. നിരവധി മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി സിനിമകളുടെ സംഗീത സംവിധാനം നിര്‍വഹിച്ചു. ഫ്‌ളാഷ്, ബാംഗ്ലൂര്‍ ഡെയ്‌സ്, അന്‍വര്‍, പുലിമുരുകന്‍, ചാര്‍ലി, പൂമരം, ബാംഗ്ലൂര്‍ നാട്കല്‍ (തമിഴ്), ഊപിരി തോഴ (തെലുങ്കു, തമിഴ്) മജ്‌നു (തെലുങ്കു) തുടങ്ങിയവയാണ് ഗോപി സുന്ദര്‍ സംഗീതം പകര്‍ന്ന ചില ശ്രദ്ധേയമായ ചിത്രങ്ങള്‍. നോട്ട്ബുക്ക്, ബിഗ് ബി, ഇവിടം സ്വര്‍ഗ്ഗമാണ് തുടങ്ങിയ ചിത്രങ്ങളുടെ പശ്ചാത്തലസംഗീതം ഒരുക്കിയ ഇദ്ദേഹം അയ്യായിരത്തില്‍പ്പരം പരസ്യചിത്രങ്ങള്‍ക്കും ഈണമിട്ടു. കയ്യെത്തും ദൂരത്ത്, അന്‍വര്‍, ഉസ്താദ് ഹോട്ടല്‍ എന്നിവയുള്‍പ്പെടെ ഒന്‍പതോളം ചിത്രങ്ങളില്‍ പിന്നണി ഗായകനായി. ഷാരൂഖാന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ‘ചെന്നൈ എക്‌സ്പ്രസി’ല്‍ ചിന്‍മയിയോടൊപ്പം ‘തിത്തിലി’ എന്ന ഗാനവും ആലപിച്ചു. ‘എന്ന് നിന്റെ മൊയ്തീനി’ലെ ‘മുക്കത്തെ പെണ്ണേ’ എന്ന ഗാനം മഖ്ബൂര്‍ മന്‍സൂറിനൊപ്പം ആലപിച്ചു. പുലി മുരുകനിലെ പാശ്ചാത്തല സംഗീതത്തിന് 2017ലെ അക്കാദമി അവാര്‍ഡിന് ഷോര്‍ട്‌ലിസ്റ്റ് ചെയ്തിരുന്നു. നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ ഗോപി സുന്ദറിന് അന്‍വര്‍ എന്ന ചിത്രത്തിന്റെ സംഗീതസംവിധാനത്തിന് മികച്ച സംഗീതസംവിധായകനുള്ള ഫിലിംഫെയര്‍ പുരസ്‌കാരം ലഭിച്ചു. 2014ലെ ദേശിയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരവും ലഭിച്ചു.
കര്‍ണാടിക് സംഗീതജ്ഞനും പിന്നണി ഗായകനുമായ ഹരിചരണ്‍ മലയാളം, തമിഴ്, കന്നട, തെലുങ്കു ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ പിന്നണി പാടി. പൃഥ്വിരാജ് ചിത്രമായ ഇസ്‌റയിലെ ‘ലൈലാകമേ പൂചൂടുമോ’, ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ ബംഗ്ലൂര്‍ ഡെയ്‌സിലെ ‘അരികിലെ പുതു മന്ദാരമായി വിടരു നീ’ എന്നിവയടക്കം നിരവധി ഹിറ്റുകള്‍ ആലപിച്ചു. മലയാളികള്‍ക്ക് സുപരിചിതയായ സിതാര അറിയപ്പെടുന്ന ഗസല്‍ ഗായിക കൂടിയാണ്. രണ്ടു തവണ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച പിന്നണി ഗായികക്കുള്ള പുരസ്‌കാരം ചൂടിയ സിതാര മലയാളം, തമിഴ്, തെലുങ്കു ഭാഷകളിലായി നിരവധി സിനികള്‍ക്ക് പിന്നണി പാടി. കറുപ്പിനഴക്, തെമ്മ തെമ്മ തെമ്മാടിക്കാറ്റ് തുടങ്ങിയ ഹിറ്റ്കളിലൂടെ ശ്രോതാക്കഒളുടെ മനം കവര്‍ന്ന ജ്യോത്സന തെന്നിന്ത്യന്‍ സിനിമാ പിന്നണി ഗായകരില്‍ അതിപ്രശസ്തയാണ്. 130 ഓളം മലയാള സിനിമകളില്‍ പാടി.
ഐഡിയാ സ്റ്റാര്‍ സിംഗറിലൂടെ പിന്നണി ഗാന രംഗത്ത് തന്റേതായ ഇടം കണ്ടെത്തിയ നജീം അര്‍ഷാദ് നൂറുകണക്കിന് ഹിറ്റ് ഗാനങ്ങളിലൂടെ മലയാളിയുടെ ഹൃദയം കവര്‍ന്ന ഗായകനാണ്. നിരഞ്ജ സുരേഷ്, അഭയ ഹിരണ്‍മായ്, മഖ്ബൂല്‍ മന്‍സൂര്‍, ക്രിസ്റ്റകല, കാവ്യ അജിത്, റാല്‍ഫിന്‍ സ്റ്റീഫന്‍ എന്നിവരെല്ലാം തന്നെ തെന്നിന്ത്യന്‍ ശ്രോതാക്കളുടെ ഇഷ്ട ഗായകരാണ്.
വിവിധ ഭാഷകളിലെ ഹിറ്റ്-മെലഡി ഗാനങ്ങളാല്‍ സമ്പന്നമായിരിക്കും ഗോപി സുന്ദര്‍ ലൈവ് ഇന്‍ സംഗീത മേളയെന്ന് റഹീം ആതവനാട് പറഞ്ഞു. എല്ലാവരും കേള്‍ക്കാന്‍ കൊതിക്കുന്ന, തെരഞ്ഞെടുത്ത മനോഹര ഗാനങ്ങള്‍ ഗായകര്‍ രംഗത്ത് അവതരിപ്പിക്കും. അനുഗ്രഹീതരായ 30ഓളം കലാകരന്‍മാര്‍ ഇവരോപ്പം പിന്നണിയില്‍ അണിനിരക്കുമെന്നും റഹീം ആതവനാട് വിശദമാക്കി.
വിഐപി ടിക്കറ്റ് രണ്ടു പേര്‍ക്ക് 25 ദിനാര്‍, വിഐപിഒരാള്‍ക്ക് 15 ദിനാര്‍,
ഒരാള്‍ക്ക് പ്രവേശനമുള്ള ഗോൾഡ് 10 ദിനാര്‍, ഒരാള്‍ക്ക് പ്രവേശനമുള്ള സിൽവർ5 ദിനാര്‍ എന്ന തോതിലാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റുകള്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, എന്‍ഇസി മണി എക്‌സ്‌ചേഞ്ച്, ലുലു ഇന്റര്‍നാഷണല്‍ എക്സ്ചേഞ്ച്, അല്‍റീഫ് പാന്‍ഏഷ്യ എന്നിവയുടെ ബഹ്റൈനിലെ എല്ലാ ശാഖകളിലും ലഭിക്കും. വിവരങ്ങള്‍ക്ക്: 33418411 / 33863130 / 33307369.