രാജ്യ തലസ്ഥാനത്ത് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; ആദ്യ മണിക്കൂറിലെ പോളിംഗ് മന്ദഗതിയില്‍, പ്രതീക്ഷയോടെ എ.എ.പി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. ആദ്യ മണിക്കൂറുകളിലെ കണക്കുകള്‍ പ്രകാരം പോളിംഗ് മന്ദഗതിയിലാണ്. എല്ലാവരും ജനാധിപത്യ അവകാശം വിനിയോഗിക്കണമെന്ന് ആം.ആദ്.മി നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ ആഹ്വാനം ചെയ്തു. രാവിലെ എട്ട് മണിക്ക് ആരംഭിച്ച പോളിംഗ് വൈകീട്ട് നാല് വരെ തുടരും. ചിലയിടങ്ങളില്‍ വോട്ടിംഗ് മെഷീന്‍ തകരാറിലായതിനാല്‍ പോളിംഗ് നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഒരു കോടി 47 ലക്ഷം വോട്ടര്‍മാരാണ് ഡല്‍ഹിയിലുള്ളത്. ആം.ആദ്. മി പാര്‍ട്ടിയും ബി.ജെ.പിയും തമ്മിലാണ് പ്രധാന മത്സരം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായതിലും വലിയ തിരിച്ചടിയാണ് ഇത്തവണ ബി.ജെ.പി നേരിടാന്‍ പോകുന്നതെന്ന് എ.എ.പി നേതാക്കള്‍ പറയുന്നു. എന്നാല്‍ വലിയ വിജയം നേടുമെന്നാണ് ബി.ജെ.പിയുടെ അവകാശവാദം.

ഇതുവരെ അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കനത്ത സുരക്ഷയിലാണ് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നത്. ഡല്‍ഹി പോലീസിലെ നാല്‍പതിനായിരത്തിലധികം ഉദ്യോഗസ്ഥരും 190 കമ്പനി സായുധസേനയും 19,000 ഹോംഗാര്‍ഡുകളുമാണ് സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നത്. ഷഹീന്‍ബാഗ് സമരത്തിന്റെ പശ്ചാത്താലത്തില്‍ പ്രദേശത്തെ ബൂത്തുകളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.