മികച്ച സാമൂഹിക സേവനത്തിനുള്ള ‘ഇസ’ പുരസ്‌കാരത്തിനായുള്ള നോമിനേഷനുകള്‍ ക്ഷണിച്ചു

മനാമ: ‘ഇസ’ പുരസ്‌കാരത്തിന്റെ 5ാം പതിപ്പില്‍ മികച്ച സാമൂഹിക സേവനത്തിനുള്ള നോമിനേഷനുകള്‍ ക്ഷണിച്ചു. 2009ല്‍ ഹിസ്സ് മെജസ്റ്റി ഹമാദ് ബിന്‍ ഇസാ അല്‍ ഖലീഫ, ഹിസ്സ് ഹൈനസ് ഷെയ്ഖ് ഇസാ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ ആദരസൂചകമായാണ് ‘ഇസ’ പുരസ്‌കാരം ആരംഭിച്ചത്. മാനവികതയ്ക്ക് അസാധാരണമായ സേവനം നല്‍കുന്നവരെ ബഹുമാനിക്കുന്നതിനാണ് ഈ പുരസ്‌കാരം.

രണ്ട് വര്‍ഷത്തിലോരിക്കലാണ് സാമൂഹിക സേവനത്തിനുള്ള ‘ഇസ’ പുരസ്‌കാരം നല്‍കുന്നത്. ദുരന്ത നിവാരണം, വിദ്യാഭ്യാസം, സാമൂഹ്യ സേവനം, നഗര വികസനം, പരിസ്ഥിതി സംരക്ഷണം, മനുഷ്യാവകാശ സംരക്ഷണം തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌കാരം. ഒരു മില്യണ്‍ ഡോളര്‍, റോയല്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് അപ്രിസിയേഷന്‍, സ്വര്‍ണ്ണ മെഡല്‍ എന്നിവയാണ് പുരസ്‌കാരത്തില്‍ ഉള്‍പ്പെടുന്നത്. 2020 ജൂണ്‍ അവസാനം വരെ നോമിനേഷനുകള്‍ സ്വീകരിക്കും.