മനാമ: നഷ്ടപ്പെടാനെന്തെങ്കിലുമുള്ള എഴുത്തുകാര്‍ പൗരത്വ നിയമഭേദഗതി പോലുള്ള രാഷ്ട്രീയ വിഷയങ്ങളില്‍ അഭിപ്രായം പറയാന്‍ തയ്യാറാകില്ലെന്ന് പ്രശസ്ത എഴുത്തുകാരി കെ.ആര്‍ മീര. ബഹ്‌റൈന്‍ കേരളീയ സമാജം പുസ്തകോത്സവത്തില്‍ സംസാരിക്കവെയാണ് കെ.ആര്‍ മീര ഇക്കാര്യം പറഞ്ഞത്. ഇത്തരം രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തുമ്പോള്‍ പ്രത്യേകിച്ച ഫെയിസ്ബുക്ക് പോലെയുള്ള നവമാധ്യമങ്ങളിലൂടെയുള്ള അഭിപ്രായ പ്രകടനം, ഒരുപാട് ആക്രമണങ്ങള്‍ക്കും ഭീഷണികള്‍ക്കും ഇടയാകേണ്ടി വരുമെന്ന് അവര്‍ ചൂണ്ടിക്കാണിച്ചു.
ഇത്തരം സോഷ്യല്‍ മീഡിയാ ആക്രമണങ്ങള്‍ നടത്തുന്നവര്‍ നിങ്ങളുടെ വേദനയെ ആസ്വദിക്കുകയാണ് ചെയ്യുക. ഇതൊന്നും കൂടാതെ നിങ്ങളുടെ നാല് തലമുറയെപ്പറ്റിയും അവര്‍ അപവാദ പ്രചരണം നടത്തും. ഇത്തരം വിദ്വേഷ പ്രചാരണങ്ങളും തെറിയഭിഷേകവും പ്രതീക്ഷിച്ചുകൊണ്ട് വേണം അഭിപ്രായം പ്രകടനം നടത്താന്‍. അത് ചെയ്യാന്‍ ഒരാള്‍ക്ക് അസാധാരണ സ്റ്റാമിനയും ആവശ്യമുണ്ട്. അതുകൊണ്ടു നഷ്ടപ്പെടാനുള്ളവര്‍ ഒന്നും പറയാതെ മാറിനില്‍ക്കും. മീര പറഞ്ഞു.
നടന്‍ വിജയ് ആകുന്നതിനേക്കാള്‍ സുരക്ഷിതം മോഹന്‍ലാല്‍ ആകുന്നതാണ് എന്നാണ് തോന്നുന്നതെന്നും കെ.ആര്‍ മീര പരിഹസിച്ചു. പുതിയ കാലത്ത് സ്ത്രീകള്‍ പ്രതിപക്ഷമാവുമെന്നും അതായിരിക്കും യഥാര്‍ത്ഥ പ്രതിപക്ഷമെന്നും മീര കൂട്ടിച്ചേര്‍ത്തു.
കെ.ആര്‍ മീരയുടെ പ്രസംഗത്തിന്റെ പൂര്‍ണരൂപം.