മനാമ: ബഹ്‌റൈനില്‍ അഞ്ചംഗ മയക്കുമരുന്ന് സംഘം പൊലീസ് പിടിയിലായി. അറസ്റ്റിലായവര്‍ എല്ലാവരും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരാണ്. അന്താരാഷ്ട്ര വിപണിയില്‍ ഒരു കോടിയിലധികം വരുന്ന മയക്കുമരുന്നാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തിരിക്കുന്നത്. ഡയറക്ടര്‍ ജനറല്‍ ഓഫ് ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷനാണ് അറസ്റ്റ് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. സംഘത്തെക്കുറിച്ചുള്ള കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.
ബഹ്‌റൈനിലെ ക്രിമിനല്‍ നിയമപ്രകാരം കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മയക്കുമരുന്ന് വ്യാപാരം. മയക്കുമരുന്ന് ഗ്രൂപ്പുകളെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സംഘം നടത്തിയ നീക്കത്തിലാണ് വന്‍ ലഹരി മാഫിയ സംഘം പിടിയിലായത്. ഇവര്‍ക്കെതിരായ നിയമനടപടികള്‍ പുരോഗമിക്കുകയാണ്.
അതേസമയം അറസ്റ്റിലായവരുടെ വ്യക്തിവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഹാഷിഷാണ് ഇവരില്‍ നിന്നും കണ്ടെത്തിയിരിക്കുന്നത്. ലഹരി വസ്തുക്കള്‍ ഏജന്റുമാരിലേക്ക് എത്തിക്കുന്ന തൊഴിലാണ് ഇവര്‍ ചെയ്തിരുന്നതെന്നാണ് സൂചന.