ഡല്‍ഹി കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ വര്‍ഗീയ പ്രചാരണം നടത്തി സംഘപരിവാര്‍ പ്രവര്‍ത്തകന്‍; അവനെ ഞങ്ങള്‍ പൊക്കിയെന്ന് കേരളാ പോലീസ്

പാലക്കാട്: ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. അട്ടപ്പാടി സ്വദേശിയായ ശ്രീജിത്ത് രവീന്ദ്രനെയാണ് കേരളാ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വിദ്വേഷ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്ന് പോലീസ് മേധാവി വ്യക്തമാക്കിയിട്ടുണ്ട്. സംഘപരിവാറിന്റെ സജീവ പ്രവര്‍ത്തകനാണ് ശ്രീജിത്ത്.

സംസ്ഥാനത്ത് നേരിട്ടോ അല്ലാതെയോ വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. നവമാധ്യമങ്ങളിലൂടെ ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ തയ്യാറാക്കുകയോ ഫോര്‍വേഡ് ചെയ്യുകയോ ചെയ്യുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കുന്നതാണ്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള എല്ലാ സന്ദേശങ്ങളും നിരീക്ഷണത്തിലായിരിക്കുമെന്ന് പൊലീസ് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

സംസ്ഥാനത്തുടനീളം ഏത് അടിയന്തിര സാഹചര്യങ്ങളും നേരിടാന്‍ ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ പോലീസ് സേനയെ സുസജ്ജമാക്കിയിട്ടുണ്ട്. വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് പൊതുജനങ്ങള്‍ വിട്ടു നില്‍ക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അഭ്യര്‍ത്ഥിച്ചു.

പോലീസ് മീഡിയാ സെല്‍ പുറത്തുവിട്ട വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക