പ്രതിഭ സല്‍മാബാദ് യൂണിറ്റിന്റെയും മിഡില്‍ ഈസ്റ്റ് മെഡിക്കല്‍ സെന്ററിന്റെയും ആഭിമുഖ്യത്തില്‍ സി.പി.ആര്‍ ക്ലാസും പരിശീലനവും സംഘടിപ്പിച്ചു

മനാമ: ബഹ്‌റൈന്‍ പ്രതിഭ സല്‍മാബാദ് യൂണിറ്റിന്റെയും മിഡില്‍ ഈസ്റ്റ് മെഡിക്കല്‍ സെന്ററിന്റെയും ആഭിമുഖ്യത്തില്‍ റൂബി റസ്റ്റോറന്റ് ഹാളില്‍ വെച്ച് സി.പി.ആര്‍ ക്ലാസും പരിശീലനവും നല്‍കി. പ്രവാസി ഇന്ത്യക്കാര്‍ക്ക് മാത്രമായിട്ടാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. മിഡില്‍ ഈസ്റ്റ് മെഡിക്കല്‍ സെന്റര്‍ സല്‍മാബാദിലെ ഡോ. ഫാമില്‍ ഇരഞ്ഞിക്കലാണ് പരിശീലന ക്യാംപിന് നേതൃത്വം നല്‍കിയത്.

അവശനിലയില്‍ അകപ്പെട്ട് നമ്മുടെ അടുത്ത് നില്‍ക്കുന്ന ആളെ സി.പി.ആര്‍ അഥവാ (കാര്‍ഡിയോ പള്‍മോണറി പുനര്‍-ഉത്തേജനം) നല്‍കി എങ്ങനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാമെന്ന് ഡോ. ഫാമില്‍ ഇരഞ്ഞിക്കല്‍ വിശദീകരിച്ചു. ഒപ്പം സെന്ററിലെ ജീവനക്കാരായ എബി മൈക്കിള്‍, മെല്‍വിന്‍ വിന്‍സെന്റ്, ലിജോ മാത്യു, ജിതിന്‍ ജേക്കബ് എന്നിവരും പരിപാടിയില്‍ സംബന്ധിച്ച എഴുപത്തഞ്ചില്‍ പരം ആളുകള്‍ക്ക് ഡമ്മിയുടെ സഹായത്താല്‍ പ്രായോഗിക പരിശീലനം നല്‍കി.

ചടങ്ങില്‍ സല്‍മാബാദ് യൂണിറ്റ് സെക്രട്ടറി ജയ്‌സണ്‍ സ്വാഗതം പറഞ്ഞു, പ്രസിഡണ്ട് രാജേഷ് ആറ്റഡപ്പ അദ്ധ്യക്ഷനായി. പരിപാടി പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത് ഉദ്ഘാടനം ചെയ്തു. ലോക കേരള സഭ അംഗം സി.വി.നാരായണ്‍, പ്രതിഭ ജനറല്‍ സെക്രട്ടറി ലിവിന്‍ കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.