ബ്രേക്കിംഗ്; ബഹ്‌റൈനില്‍ റിപ്പോര്‍ട്ട് ചെയ്ത 33 കൊറോണ രോഗികളുടെ ആരോഗ്യനില മെച്ചപ്പെടുന്നു

മനാമ: ബഹ്‌റൈനില്‍ റിപ്പോര്‍ട്ട് ചെയ്ത 33 കൊറോണ രോഗികളുടെ ആരോഗ്യനില മെച്ചപ്പെടുന്നു. ആരോഗ്യമന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ വിഭാഗം മേധാവി ഡോ. സഫാ അല്‍ ഖ്വാജയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പ്രത്യേക മെഡിക്കല്‍ വിഭാഗമാണ് ബഹ്‌റൈനിലെ കൊറോണ രോഗികളെ പരിചരിക്കുന്നത്. രോഗികളുടെ ആരോഗ്യനിലയിലെ പുരോഗതി പ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണെന്നും ഡോ. സഫ വ്യക്തമാക്കി.

കൂടുതൽ വായിക്കാം: ഏഴ് രാജ്യക്കാര്‍ക്ക് കൂടി താങ്ങായി ഇന്ത്യ, 112 പേരുമായി വ്യോമസേനയുടെ സി-17 വിമാനം വുഹാനില്‍ നിന്ന് തിരിച്ചെത്തി

പൊതുജനങ്ങള്‍ ആരോഗ്യ സംരക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. പുതിയ സാഹചര്യം കണക്കിലെടുത്ത് ആളുകളുമായി ഇടപഴകുന്ന രീതിയില്‍ നിയന്ത്രണങ്ങള്‍ വരുത്തണം. ആലിംഗനം ചെയ്യുന്നതും ചുംബനങ്ങള്‍ നല്‍കുന്നതും ഒഴിവാക്കണം. പുറത്തുപോകുന്ന സമയങ്ങളില്‍ മുഖാവരണങ്ങള്‍ ഉപയോഗിക്കണം. കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയായി സൂക്ഷിക്കണം. ചുമയ്ക്കുമ്പോള്‍ ടവല്‍, ടിഷ്യൂ പേപ്പറുകള്‍ എന്നിവ ഉപയോഗിച്ച് വായ പൊത്തിപ്പിടിക്കണം. ഡോ. സഫ പറഞ്ഞു.

കൂടുതൽ വായിക്കാം: ബഹ്‌റൈനില്‍ നിന്ന് ഉംറ തീര്‍ത്ഥാടത്തിന് വിലക്ക്, ഉത്തരവ് പ്രാബല്യത്തില്‍

ലോകാരോഗ്യ സംഘടനയും ഗള്‍ഫ് മെഡിക്കല്‍ കൗണ്‍സിലും നല്‍കിയ നിര്‍ദേശങ്ങള്‍ പാലിച്ചാണ് ബഹ്‌റൈന്‍ കൊറോണ പ്രതിരോധ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. നിലവില്‍ കോവിഡ്-19 (കോറൊണ വൈറസ്) പടരാതിരിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും നടത്തിയതായി ബഹ്‌റൈന്‍ വ്യക്തമാക്കിയിട്ടുണ്ട്. പരിഭ്രാന്തിയല്ല, ജാഗ്രതയാണ് ഈ സാഹചര്യത്തില്‍ ആവശ്യമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.