മനാമ: കൊറോണ വൈറസിനെതിരായ ബഹ്‌റൈന്‍ നടത്തുന്ന ക്യാംപെയ്‌ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മലയാളി കൂട്ടായ്മകളും. ബഹ്‌റൈനിലെ മലയാളി ബിസിനസുകാരുടെ കൂട്ടായ്മയായ ബിഎംബിഫ് (ബഹ്‌റൈന്‍ മലയാളി ബിസിനസ് ഫോറം), സാമൂഹിക വിഷയങ്ങളില്‍ ശ്രദ്ധേയമായ ഇടപെടല്‍ നടത്താറുള്ള ബഹ്‌റൈന്‍ കേരളാ സോഷ്യല്‍ ഫോറം എന്നിവരുടെ നേതൃത്വത്തില്‍ സൗജന്യമായി ഫെയിസ്മാസ്‌കുകള്‍ വിതരണം ചെയ്യുന്നുണ്ട്. പ്രവാസികള്‍ക്കിടയില്‍ കൊറോണയുമായി ബന്ധപ്പെട്ട ശാസ്ത്രീയ വിവരങ്ങള്‍ എത്തിക്കാനും നിരവധി കൂട്ടായ്മകള്‍ രംഗത്ത് വന്നിട്ടുണ്ട്.
നേരത്തെ കൊറോണയെ ഒന്നിച്ച് നേരിടാന്‍ ജനപിന്തുണ ആവശ്യപ്പെട്ട് ബഹ്‌റൈന്‍ കിരീടവകാശി ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രംഗത്ത് വന്നിരുന്നു. നിലവില്‍ രാജ്യത്തിനകത്തും പുറത്തുമുള്ളവരുടെ പിന്തുണ നമുക്ക് ആവശ്യമുണ്ട്. കൂട്ടായ പരിശ്രമത്തിലൂടെ മാത്രമെ വൈറസ് ഭീഷണിയെ നമുക്ക് മറികടക്കാനാവുവെന്ന് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ വ്യക്തമാക്കിയിരുന്നു.
പിന്നാലെയാണ് മലയാളികളുടെ നേതൃത്വത്തില്‍ മാസ്‌ക് വിതരണം ഉള്‍പ്പെടെയുള്ള മാതൃകാപരമായ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. കേരളത്തില്‍ നിന്ന് മാസ്‌കുകള്‍ എത്തിച്ച് സൗജന്യമായി വിതരണം ചെയ്യുന്നത് തുടരാനാണ് പദ്ധതിയെന്ന് ബഹ്‌റൈന്‍ മലയാളി ബിസിനസ് ഫോറം അധ്യക്ഷൻ ബഷീർ അമ്പലായി പറഞ്ഞു. മാസ്കുകൾ ആവശ്യമുള്ളവർക്ക് +973 33982363 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ബഹ്റൈനിലെ പ്രമുഖ സൂപ്പർ മാർക്കറ്റ് ഗ്രൂപ്പായ ഫുഡ് വേള്‍ഡ് ഗ്രൂപ്പിന്റെ എല്ലാ ശാഖകളിലും ഉപഭോക്താക്കൾക്കായി സൗജന്യ മാസ്‌ക് വിതരണം നടന്നു വരികയാണെന്ന് ഡയറക്ടർ സവാദ് അറിയിച്ചു.