ഐ സി എഫ് ബഹ്റൈൻ ‘സ്പാർക് 2020’ സംഘടിപ്പിച്ചു

മനാമ: ഓരോ വിദ്യാർത്ഥിയും ആരാവണമെന്നും എത്ര മാർക്ക്‌ നേടണമെന്നും തീരുമാനിക്കുന്നത് അതാത് വിദ്യാർത്ഥി മാത്രമാണെന്നും ഈ ഉത്തരവാദിത്തബോധം ഉള്ള വിദ്യാർത്ഥികൾക്ക് വിജയം നേടാനാകുമെന്നും പ്രശസ്ത മനഃശാസ്ത്ര പരിശീലകനും കൗൺസലറുമായ ഡോ. ബി. എം. മുഹ്സിൻ അഭിപ്രായപെട്ടു. ഐ സി എഫ് ബഹ്റൈൻ കുട്ടികൾക്കായി സംഘടിപ്പിച്ച സ്പാർക് 2020 മോട്ടിവേഷൻ പ്രോഗ്രാമിൽ കുട്ടികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ചില പഠന വിഷയങ്ങൾ പഠിക്കാൻ പ്രയാസകരമാണെന്ന ആശങ്ക പങ്കുവെച്ച വിദ്യാർത്ഥികളോട് അത്തരം വിഷയങ്ങളോടുള്ള സമീപനം മാറ്റാനും അതിനെ സ്നേഹിക്കാനും തയ്യാറാവുക എന്നതാണ് പരിഹാരം എന്നദ്ദേഹം നിർദ്ദേശിച്ചു. മനഃസാന്നിധ്യത്തോടെ പഠനം നടത്തണം. പഠന സമയത്ത് മൊബൈൽ ഫോണുകൾ കയ്യിൽ വെക്കരുത്. നേരത്തെ ഉറങ്ങുകയും നേരത്തെ ഉണരുകയും ചെയ്യുക. കഴിഞ്ഞ പരീക്ഷയുടെ ചോദ്യങ്ങൾ വിശകലനം ചെയ്യുന്നത് അടുത്ത പരീക്ഷക്ക്‌ വേണ്ടിയുള്ള പഠനത്തെ പ്രതികൂലമായി ബാധിക്കും. വിദ്യാർത്ഥികൾ മൂല്യങ്ങൾ മുറുകെ പിടിക്കണമെന്നും മറ്റുള്ളവരുടെ ശ്രദ്ധ ലഭിക്കാൻ വികൃതികൾ കാട്ടിക്കൂട്ടുന്നവരെ അനുകരിക്കരുതെന്നും അദ്ദേഹം ഉണർത്തി.

ഹമദ് ടൗൺ ഫാത്തിമ ശാക്കിർ ഓഡിറ്റോറിയത്തിൽ നടന്ന പരിശീലന പരിപാടിയിൽ ബഹ്‌റൈനിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 250 ഓളം വിദ്യാർത്ഥി വിദ്യാർത്ഥിനികൾ പങ്കെടുത്തു.