ഡല്‍ഹി കലാപം; കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ നാണം കെടുത്തിയെന്ന് ബഹ്റൈൻ ഐ എം സി സി

മനാമ: പൗരത്വ ഭേദഗതി നിയമത്തിന്നെതിരെ ജനാതിപത്യ രീതിയില്‍ സമാധാനപരമായി സമരം ചെയ്തവര്‍ക്ക് നേരെ ഭരണകൂടത്തിന്റെ ഒത്താശയോടെ ഡല്‍ഹി പോലീസും സംഘപരിവാര്‍ തീവ്രവാദികളും ചേര്‍ന്ന് നടത്തിയ അക്രമവും കൂട്ടകൊലയും രാജ്യത്തെയും ജനിധിപത്യത്തെയും നാണം കെടുത്തുന്നതും അത്യന്തം അപകടകരവും ആണെന്നും ഈ അക്രമികളെ തടയാന്‍ കഴിയാത്ത കേന്ദ്ര സര്‍ക്കാര്‍ രാജി വെച്ചു പോകണമെന്നും ബഹ്‌റൈന്‍ ഐ എം സി സി ( ഇന്ത്യന്‍ മൈനോരിറ്റീസ് കള്‍ച്ചറല്‍ സെന്‍റര്‍) കേന്ദ്ര കമ്മറ്റി ആവശ്യപ്പെട്ടു. അക്രമികളെയും കലാപത്തിനു ആഹ്വാനം നല്‍കിയവരേയും കണ്ടെത്താന്‍ ഉത്തരവിട്ട ദല്‍ഹി ഹൈകോടതിയിലെ ന്യായാധിപനെ പോലും നാട്ടപാതിരാക്ക് സ്ഥലം മാറ്റി ഉത്തരവിറക്കിയ ഭരണകൂടം പൂര്‍ണ്ണമായും അക്രമികളുടെ കൂടെയാണ് എന്നാണ് ബോധ്യപ്പെടുന്നത്. ഇത് നീതി ന്യായ വ്യവസ്ഥക്ക് പോലും അപമാനം ആണെന്നും ഐ എം സി സി യോഗം വിലയിരുത്തി.

സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ജലീല്‍ ഹാജി വെളിയങ്കോട് അദ്ധ്യക്ഷത വഹിച്ചു. ജി സി സി ഐ എം സി സി കണ്‍വീനര്‍ പുളിക്കല്‍ മൊയ്തീന്‍ കുട്ടി പ്രതിഷേധ സംഗമം ഉത്ഘാടനം ചെയ്തു. പി വി സിറാജ്, ഇസ്സുദ്ദീന്‍ പി വി, ശുകൂര്‍ പാലൊളി, ഇര്‍ഷാദ് സന്തോഷ്‌ നഗര്‍, സാലി നരിക്കുനി എന്നിവര്‍ പ്രസംഗിച്ചു. ഖാസിം മലമ്മല്‍ സ്വാഗതവും ഷംസീര്‍ വടകര നന്ദിയും പറഞ്ഞു.