രാഷ്ട്രീയവും സാമൂഹികമായ ഉള്‍കാഴ്ച്ചയുള്ള സാഹിത്യകാരനാണ് ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ്. തീക്ഷണമായ ജീവിതാനുഭവങ്ങളിലും രാഷ്ട്രീയത്തിലും ഉള്‍ചേര്‍ന്നു കിടക്കുന്ന കഥകളുടെ രചയിതാവ്. സമാകാലിക സമൂഹത്തില്‍ ഏറെ വായിക്കപ്പെട്ട നിരവധി കൃതികള്‍ അദ്ദേഹം മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ ‘തിരഞ്ഞെടുത്ത കഥകള്‍’ക്ക് 2007-ലെ കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. പി. പത്മരാജന്‍ പുരസ്‌കാരം, എസ്.ബി.ടി. അവാര്‍ഡ്, അബുദാബി മലയാളി സമാജം അവാര്‍ഡ്, ശക്തി അവാര്‍ഡ് തുടങ്ങി ഏറ്റവും ഒടുവിലായി 2020 ലെ അയനം – സി വി ശ്രീരാമൻ അവാർഡ് മുതലായവ നേടിയിട്ടുള്ള അദ്ദേഹത്തിന്റെ കഥകള്‍ വിവിധ സര്‍വ്വകലാശാലകളില്‍ പാഠപുസ്തകമായിട്ടുണ്ട്. പി.എന്‍ മേനോന്‍ സംവിധാനം നിര്‍വഹിച്ച് ഏഷ്യാനെറ്റ് പ്രക്ഷേപണം ചെയ്ത ആദ്യ മെഗാസീരിയലുകളിലൊന്നായ ‘കസവി’ന്റെ തിരക്കഥ ശിഹാബുദ്ദീനാണ് എഴുതിയത്.
ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ് രാഷ്ട്രീയ ജീവിതാനുഭവങ്ങള്‍ ബഹ്‌റൈന്‍ വാര്‍ത്തയുമായി പങ്കുവെക്കുന്നു.
1. എഴുത്തില്‍ പ്രവാസം ചെലുത്തിയ സ്വാധീനം? ദുബായില്‍ നിന്നും ബഹ്‌റൈനെ വ്യത്യസ്തമാക്കുന്നത്? ബഹ്‌റൈനില്‍ വന്നിറങ്ങിയപ്പോള്‍ ഉണ്ടായ അനുഭവങ്ങളെക്കുറിച്ച്?
ഉ. തീര്‍ച്ചയായും എന്റെ എഴുത്തിനെ വലിയൊരു അളവില്‍ വിമലീകരിച്ചത് പ്രവാസ അനുഭവങ്ങള്‍ തന്നെയാണ്. അബുദാബിയിലുണ്ടായിരുന്നു, ദുബായിലാണ് 6 വര്‍ഷത്തോളമുണ്ടായിരുന്നത്. അനേകരാജ്യങ്ങളില്‍ നിന്ന് ആളുകളെത്തുന്ന ഒരു ഹബാണ് ദുബായ് പോലുള്ള മിഡില്‍ ഈസ്റ്റ് നഗരം. പലതരത്തിലുള്ള ഭാഷകള്‍, വേഷവിധാനങ്ങള്‍, സംസ്‌കാരങ്ങള്‍, സംമ്പദ്രായങ്ങള്‍ തുടങ്ങി ലോകത്തിന്റെ പരിച്ഛേദമാണ് അവിടെ എത്തിച്ചേരുന്നത്. അവയൊക്കെ തന്നെ വലിയൊരു അര്‍ത്ഥത്തില്‍ എഴുത്തിനെ മാറ്റിമറിക്കാന്‍ സഹായിച്ചിട്ടുണ്ട്. അത് വളരെ പ്രധാനപ്പെട്ട സഹായം തന്നെയായിരുന്നു.
ദുബായിയെ ബഹ്‌റൈനില്‍ നിന്നും വ്യത്യസ്ഥമാക്കുന്നുവെന്ന് പറയുന്നത്, ദുബായ് അങ്ങേയറ്റം തിരക്കുപിടിച്ച ഒരു നഗരമാണ്. മനുഷ്യര്‍ക്ക് താമസിക്കാന്‍ തന്നെ സ്ഥലമില്ല. ആളുകള്‍ കട്ടിലുകള്‍ അട്ടിയട്ടിയായി വെച്ച ചെറിയ ഇടങ്ങളില്‍ താമസിക്കുന്നു. ചെറിയ സ്ഥലങ്ങളില്‍ ഒരുപാട് പേര്‍ക്ക് തിങ്ങി താമസിക്കേണ്ടി വരുന്നു. ടോയിലെറ്റുകളില്‍ തന്റെ ഊഴവും കാത്തിരിക്കേണ്ടി വരുന്നു. താരതമ്യേന അത്ര തിരക്കുള്ള സ്ഥലമല്ല ബഹ്‌റൈന്‍. ഇവിടെ മനുഷ്യന് ചിന്തിക്കാനുള്ള ഒരു സ്‌പേസ് ഉണ്ടെന്ന് പറയാം. ദുബായിയെ അപേക്ഷിച്ച് ഒരു ശാന്തത നമുക്ക് കാണാം. പിന്നെ സ്വാതന്ത്ര്യത്തിന്റെതായ ഒരു മഹത്വവും ഇവിടെ വളരെ കൂടുതലാണ്.
2. കഥാ ലോകത്തേക്ക് കടന്നുവരാന്‍ ഉണ്ടായ പ്രചോദനങ്ങള്‍?
ഉ. സ്വഭാവികമായും നമ്മുടെ ഉള്ളില്‍ കഥ പറയാനുള്ള ഒരു വാസന ഉണ്ടാകും. അത് ജന്മസിദ്ധമാണ്. നമ്മുടെ ഉള്ളിലുള്ള ഏതുതരം കലയുടെ അംശവും ജന്മസിദ്ധമാണ്. ഉണ്ടാക്കിയെടുത്താല്‍ അതൊരു പരിധിക്കപ്പുറം പോകില്ലെന്ന് വേണം കരുതാന്‍. കഥ പറച്ചിലിന്റെ ഒരു കല ഉള്ളിലുണ്ടായിരുന്നു. അതിനെ പരിപോഷിപ്പിക്കുന്ന ജീവിതാനുഭവവും വന്നുചേര്‍ന്നു.
3. അംഗീകാരങ്ങള്‍ തേടിയെത്തിയപ്പോള്‍ ഉണ്ടായ അനുഭവങ്ങള്‍? സാഹിത്യ ലോകത്ത് നിന്നും നേടിയ മറക്കാനാവാത്ത അനുഭവങ്ങള്‍? ഓര്‍ക്കാന്‍ ആഗ്രഹിക്കാത്തവ?
ഉ. അംഗീകാരവും കലാപ്രവര്‍ത്തനവും അല്ലെങ്കില്‍ സാഹിത്യപ്രവര്‍ത്തനവും തമ്മില്‍ വലിയ ബന്ധമില്ല, അത് സമൂഹം നമുക്ക് തരുന്ന പാഥേയം മാത്രമാണ്. പുരസ്‌കാരങ്ങള്‍ ഒരു എഴുത്തുകാരന്റെ ആത്യന്തികമായ വിജയമായി കാണാന്‍ കഴിയില്ല. അല്ലെങ്കില്‍ ആത്യന്തിക വിജയത്തിന്റെ അടയാളമായി പുരസ്‌കാരങ്ങളെ വിലയിരുത്തുവാനും കഴിയില്ല. ഉദാഹരണം പറഞ്ഞാല്‍ എനിക്ക് സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്, എന്റെ തലമുറയിലുള്ള മനോജ് ജാതവേദറിന് പുരസ്‌കാരം ലഭിച്ചിട്ടില്ല. അദ്ദേഹത്തിന്റെ കഥകള്‍ വളരെ ആദരവോടെ വായിക്കുന്ന വ്യക്തിയാണ് ഞാന്‍. അവാര്‍ഡ് ലഭിക്കാത്തതിനാല്‍ അദ്ദേഹത്തിന്റെ രചനകള്‍ മോശമാണ് എന്ന അര്‍ത്ഥമില്ല.
അവാര്‍ഡ് അല്ലെങ്കില്‍ അംഗീകാരത്തിന്റെ കളികളൊക്കെ അങ്ങനെയാണ്. അത് കുറച്ച് ഭാഗ്യത്തിന്റെയും നമ്മുടെ സുഹൃത്തുക്കള്‍ അവാര്‍ഡ് കമ്മറ്റിയില്‍ ഉണ്ടാവുന്നതിനെയും അടിസ്ഥാനപ്പെടുത്തിയിരിക്കും. സംഘാടക ശക്തിയുടെ പാടവവും ഒരു ഘടമായി കാണാം, അവാര്‍ഡുകള്‍ സംഘടിപ്പിച്ചെടുക്കുക എന്നൊക്കെ പറയുന്നത് പോലെ. ഏത് മേഖലയിലുമുണ്ടാവും അത്തരം ഇടിച്ചു കയറ്റക്കാര്‍. അംഗീകാരം എന്നുപറയുന്നത് നമ്മളെ തേടിയെത്തേണ്ടതാണ്. നമ്മള്‍ അംഗീകാരം തേടി പോകുന്നവരാവരുത്. മനുഷ്യരുള്ളിടത്തൊക്കെ നല്ലതും ചീത്തയുമായ അനുഭവങ്ങളുമുണ്ടാവും.
4. പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്ന സമകാലീന പ്രശ്‌നങ്ങളെ എങ്ങനെ നോക്കിക്കാണുന്നു?
ഉ. പൗരത്വ ഭേദഗതി നിയമം, ഇന്ത്യ-പാക് വിഭജന സമയത്ത് ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ നടന്ന കലാപത്തിന് സമാനമായ കലുഷിത അന്തരീക്ഷത്തെയാണ് വിളിച്ചുവരുത്തിയിരിക്കുന്നത്. അത് ആര്‍.എസ്.എസിന്റെ ആവശ്യമാണ്. ഡല്‍ഹിയില്‍ നടക്കുന്നത് കലാപമല്ല, ഏകപക്ഷീയമായ ആക്രമണങ്ങളും വംശഹത്യയുമാണ്. മുന്‍വിധിയോടെ കാര്യങ്ങളെ സമീപിക്കുന്നവര്‍ക്ക് ഞാന്‍ പറയുന്ന കാര്യങ്ങളെക്കുറിച്ച് മനസിലാവണമെന്നില്ല. കാരണം മുന്‍വിധിയെന്നത് ഉന്മാദമാണ്, ഭ്രാന്താണ്, അത് ബുദ്ധിയുടെ അഭാവമാണ്. അങ്ങനെയുള്ളവര്‍ക്ക് മനസിലാക്കണമെന്നില്ല.
വിദ്യാസമ്പന്നരായ വ്യക്തികള്‍ വര്‍ഗീയതയുടെയും വിദ്വേഷ രാഷ്ട്രീയത്തിനും അടിമകളായി മാറുന്നതിന് പിന്നിലെ കാരണം മുന്‍വിധിയാണെന്ന് പറയാം. മനുഷ്യരെക്കുറിച്ച്, സമൂഹത്തെക്കുറിച്ച്, ആശയത്തെക്കുറിച്ചൊക്കെയുള്ള മുന്‍വിധികളാണ് അത്തരം ആളുകളെ നിയന്ത്രിക്കുന്നത്. അവര്‍ കുട്ടിക്കാലത്ത് കേട്ട കുറേ നാടകങ്ങള്‍, കള്ളക്കഥകള്‍, അര്‍ധസത്യങ്ങള്‍ എന്നിവ ചേര്‍ന്നാണ് അവരില്‍ ഇത്തരമൊരു മനോഭാവം രൂപപ്പെടുന്നത്. ശരിക്കും ഇന്ത്യയില്‍ സാത്താനിക് വേര്‍ഷിപ്പ് നടക്കുന്നത്.
എത്രയോ പ്രയാസപ്പെട്ട് നേടിയെടുത്ത സ്വാതന്ത്ര്യമാണ് ഇന്ത്യയുടേത്. അത് രണ്ട് രാജ്യങ്ങളായി മാറി. ജിന്നയൊക്കെ സൃഷ്ടിച്ചെടുത്ത് വിഭജനത്തിന്റെ മുറിവുകള്‍ ഇന്നും നാം അനുഭവിക്കുകയാണ്. ഇവിടെ ഹിന്ദു മതവിഭാഗത്തില്‍പ്പെട്ട സംഘികള്‍ വരുന്നു, ഹിന്ദു വിഭാഗത്തില്‍പ്പെട്ട എല്ലാവരുമല്ല, വളരെ ചെറിയ വിഭാഗം പേര്‍ മാത്രമാണ് കലാപകാഹളം മുഴക്കുന്ന സംഘികള്‍. പാകിസ്ഥാനില്‍ മുസ്ലിം സംഘികളുണ്ട്. അത് ഇതിനേക്കാള്‍ ഭീകരമാണ്. ഒരിക്കല്‍ കാരശേരി മാഷ് പറഞ്ഞതുപോലെ പാകിസ്ഥാനിലെ വിദ്വേഷ പ്രചാരകര്‍ക്ക് സന്തോഷമായി. നമ്മളും അവരുടെ ഗതിയിലേക്ക് എത്തിച്ചേര്‍ന്നല്ലോ.നമ്മുടെ സമാധാനാവും നശിച്ചല്ലോ.!
അപരനെ വെറുക്കുന്നിടത്ത് എവിടെയാണ് ദൈവമുണ്ടാവുക? ഒറ്റ ചോദ്യമെയുള്ളു സ്‌നേഹവും കാരുണ്യവുമില്ലാത്തിടത്ത് നമുക്ക് ഏത് ദൈവത്തെയാണ് പ്രതിഷ്ഠിക്കാന്‍ കഴിയുക. ദൈവത്തിന്റെ പ്രച്ഛന്ന വേഷം ധരിച്ച പിശാചുണ്ടാവും, അല്ലാതെ വേറാരുണ്ടാവാന്‍. അതുപോലും മനസിലാക്കാനുള്ള സാമാന്യബോധം വിദ്യാസമ്പന്നര്‍ക്ക് പോലുമുണ്ടാവുന്നില്ലെന്നത് ദാരുണമായ മരണത്തിന് തുല്യമാണ്. ജീവിച്ചുകൊണ്ടിരിക്കെ അവരൊക്കെ മൃതദേഹങ്ങളായി മാറുകയാണ്. ഹിന്ദു, മുസ്ലി, ക്രിസ്ത്യന്‍ തുടങ്ങി ഏതൊരു വര്‍ഗീയതയും മനസില്‍ കൊണ്ടു നടക്കുന്നവന്‍ ഭാഗികമായി മൃതശരീരമാണ്. അയാളത് തിരിച്ചറിയുന്നില്ല. അവരില്‍ നിന്നുണ്ടാകുന്ന ദുര്‍ഗന്ധം മനുഷ്യരിലേക്ക് വമിക്കുകയാണ്.
പൗരത്വ ഭേദഗതി നടപ്പിലാക്കുന്നത് ആര്‍.എസ്.എസിന്റെ ഹിഡണ്‍ ബ്രാഹ്മണിക്കല്‍ അജണ്ടയാണ്. 40 വര്‍ഷമായിട്ട് രാഷ്ട്രീയ വിദ്യഭ്യാസം ജനങ്ങള്‍ക്ക് നല്‍കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും കഴിഞ്ഞില്ല. കക്ഷി രാഷ്ട്രീയ സമവാക്വങ്ങളും സമുദായത്തെ പ്രീണിപ്പിച്ചുകൊണ്ടുള്ള വോട്ടുബാങ്ക് രാഷ്ട്രീയവുമല്ലാതെ മറ്റൊന്നും ചെയ്യാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിഞ്ഞില്ല. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ അത് ദയനീയമായി പരാജയപ്പെട്ടുവെന്ന് വേണം വിലയിരുത്താന്‍. ഈ തീയുണ്ടാക്കിയതില്‍ തീപ്പെട്ടി കൊടുത്തത് കോണ്‍ഗ്രസാണ്. മറ്റുള്ളവരൊക്കെ അധികാരത്തിന് വേണ്ടിയുള്ള ഖദര്‍ തയ്പ്പിച്ചു നടക്കുകയായിരുന്നു. ഒരുതരത്തിലുള്ള രാഷ്ട്രീയ വിദ്യഭ്യാസവും ജനങ്ങള്‍ക്ക് നല്‍കിയില്ല. ഒരു രാഷ്ട്രം എന്ന നിലയില്‍് അതിന്റെ ആത്മാവിന്റെ ആരോഗ്യത്തിലേക്ക് ആരും ശ്രദ്ധ ചെലുത്തിയില്ല. അതിന്റെ ദുരിതം നാം അനുഭവിക്കുന്നു. ഇതെല്ലാം അവസാനിക്കുന്നതിനായി പതിറ്റാണ്ടുകള്‍ കഴിയേണ്ടി വരും. ഇന്ത്യ എന്ന രീതിയില്‍ വളരെ ദയനീയമായ ഒരു കാലാവസ്ഥയിലൂടെയാണ് നാം കടന്നുപോകുന്നത്.
5. പുതിയ വര്‍ക്കുകള്‍? ടെലി സീരിയല്‍ രംഗത്ത് തുടര്‍ച്ചയുണ്ടാകുമോ? സിനിമാ തിരക്കഥാ രംഗത്തോട്ട് പ്രവേശിക്കാനുള്ള സാധ്യതകള്‍?
ഉ. സിനിമ എന്റെ പ്രധാനപ്പെട്ട മാധ്യമമല്ല. താരതമ്യം ചെയ്യുമ്പോള്‍ സാഹിത്യത്തിന് മുകളിലല്ല ഞാന്‍ സിനിമയ്ക്ക് നല്‍കിയിരിക്കുന്ന സ്ഥാനം. പല കലാകാരന്‍മാരുടെയും വ്യക്തികളുടെയും കൂട്ടായ്മയാണ് സിനിമ. സാഹിത്യം അങ്ങെനെയല്ല. എന്തിനേക്കാളും മുകളില്‍ നമുക്ക് ആലോചിക്കാന്‍ കഴിയുന്ന റേഞ്ചിലുള്ള കാര്യമാണ് സാഹിത്യം. സിനിമയും ടെലിസീരിയലുകളുമൊക്കെ മാന്യമായ ഉപജീവന മാര്‍ഗം എന്നരീതിയിലില്ലാതെ ഞാന്‍ ആശ്രയിച്ചിട്ടില്ല.
അക്ഷരങ്ങള്‍ പോലെ ശക്തമായ മറ്റൊരു മീഡിയം ഇല്ല, അവ പെട്ടന്ന് തന്നെ മനുഷ്യഹൃദങ്ങളിലേക്ക് അവ എത്തിച്ചേരും. പക്ഷേ ആത്മാര്‍ത്ഥമായി നമ്മള്‍ വാക്കുകള്‍ കൊടുക്കേണ്ടതുണ്ട്, ഹൃദത്തില്‍ നിന്ന് അത് ഉത്ഭവിക്കണം. ബുദ്ധിയില്‍ നിന്ന് മാത്രം ഉത്ഭവിക്കുന്ന വാക്കുകള്‍ക്ക് അസ്തിത്വം ഉണ്ടാവുകയില്ല. അതിന് നിലനില്‍ക്കാനുള്ള ശേഷി കുറയും. ഹൃദയം കൂടി അതിന് കൂട്ടിരിക്കേണ്ടതുണ്ട്.
നമ്മെ ഞെട്ടിച്ച പലതരം സിനിമകളും ഉണ്ട്. ഇല്ലെന്നല്ല, ഒരു കല എന്ന നിലയില്‍ ഞാന്‍ ആദരിക്കുന്ന ഒന്നാണ് സിനിമ. അവ പൊറാട്ടു നാടക സിനിമകളല്ല, മാസ്റ്റര്‍ ക്ലാസ് സിനിമകളെയാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. അവയുടെ ക്രാഫ്റ്റ് വര്‍ക്കുകള്‍ അതിന്റെ പരീക്ഷണങ്ങള്‍ എന്നിവയെ മാനിച്ചുകൊണ്ടാണ് പറയുന്നത്. സാഹിത്യം എന്ന കല മുന്നേറിയ മുന്നേറ്റത്തിന് വലിയ ക്യാന്‍വാസിലേക്ക് സിനിമയ്ക്ക് എത്തിപ്പെടാന്‍ പറ്റിയിട്ടില്ല. കാരണം സിനിമ ഏറ്റവും ജനകീയവും പ്രായം കുറഞ്ഞതുമായ കലയാണ്. മൂലധന താല്‍പ്പര്യങ്ങള്‍ വരുമ്പോള്‍ പലതരത്തിലുള്ള വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാകേണ്ടി വരും. അത് സിനിമയുടെ പരിമിതിയായി ഞാന്‍ കണക്കാക്കുന്നു. അക്ഷരങ്ങള്‍ക്ക് ആ പരിമിതിയില്ല. അതുകൊണ്ട് വാക്കുകള്‍ അക്ഷരങ്ങള്‍ അതില്‍ അടയിരിക്കാനാണ് ഞാന്‍ കൂടുതലും ആഗ്രഹിക്കുന്നത്.