കൊച്ചിയിൽ മൂന്ന് വയസുള്ള കുട്ടിക്ക് കൊറോണ സ്ഥിരീകരിച്ചു; സംസ്ഥാനം അതീവ ജാ​ഗ്രതയിൽ

കൊച്ചി: കേരളത്തിൽ വീണ്ടും കൊറോണ വൈറസ്. കഴിഞ്ഞ ദിവസം 5 പേർക്ക് കൊറോണ സ്ഥിരീകരിച്ചത് പിന്നാലെ കൊച്ചിയിൽ 3 വയസുള്ള കുട്ടിക്ക് കൊറണ വൈറസ് ബാധയേറ്റു. ഇറ്റലിയിൽ നിന്ന് ദുബായ് എയർപോർട്ട് വഴി കേരളത്തിലെത്തിയ കുട്ടിക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ നടത്തിയ പരിശോധനയ്ക്കിടെ സംശയം തോന്നിയതോടെ കുട്ടിയെ ഐസലോഷന്‍ വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് വൈറസ് ബാധ സ്ഥിരീകരിച്ചു.

കുട്ടിയുടെ മാതാപിതാക്കളും ഐസലോഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധയേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ആറായി ഉയര്‍ന്നു. കുട്ടിയുടെ ആരോ​ഗ്യനില തൃപ്തികരമാണ്. മാർച്ച് 7ന് ദുബായി – കൊച്ചി EK 503 വിമാനത്തിലാണ് കുട്ടിയും മാതാപിതാക്കളും എത്തിയത്. അന്നേ ദിവസം വിമാനത്തിലുണ്ടായിരുന്നവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോ​ഗമിക്കുകയാണ്. വിദേശത്ത് നിന്ന് സംസ്ഥാനത്തെത്തുന്നവർ കർശനമായും മെഡിക്കൽ പരിശോധന പൂർത്തിയാക്കണമെന്ന് ആരോ​ഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.